തൃശ്ശൂർ: കരുവന്നൂര്‍ കേസില്‍ സിപിഎം നേതാവും എംപിയുമായ കെ.രാധാകൃഷ്ണനെ ഈ മാസം പതിനേഴിന് (തിങ്കളാഴ്ച) ഇഡി ചോദ്യം ചെയ്യും. തിങ്കളാഴ്ച ദില്ലിയിലെ ഓഫീസില്‍ ഹാജരാകണമെന്ന് കാട്ടി രാധാകൃഷ്ണന് ഇഡി സമന്‍സ് അയച്ചു. കേസിൽ കരുവന്നൂർ കളളപ്പണ ഇടപാട് കേസ് അന്വേഷിക്കാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പുതിയ ഉദ്യോഗസ്ഥനെ ചുമലപ്പെടുത്തി.
കേസന്വേഷത്തിൻ്റെ ചുമതല ഉണ്ടായിരുന്ന ഡപ്യൂട്ടി ഡയറക്ടർ പി രാധാകൃഷ്ണനെ കൊച്ചിയിലെ തന്നെ മറ്റൊരു യൂണിറ്റിലേക്ക് മാറ്റിയതിന് പിന്നാലെയാണ് ചെന്നൈയിൽ നിന്ന് സ്ഥലം മാറിയെത്തുന്ന മലയാളി രാജേഷ് നായരെ കരുവന്നൂർ കേസ് അന്വേഷണത്തിന് ചുമതലപ്പെടുത്തിയത്. സ്വാഭാവിക മാറ്റം മാത്രമാണെന്നും കേസ് നടപടികൾ അവസാന ഘട്ടത്തിലാണെന്നും ഇഡി വൃത്തങ്ങൾ അറിയിച്ചു.
കരുവന്നൂർ കേസിനെ സംബന്ധിച്ച ഇ.ഡി സമ്മൻസ് രാഷ്ട്രീയ പകപോക്കലെന്നാണ് കെ. രാധാകൃഷ്ണൻ എം.പി പ്രതികരിച്ചത്. നീക്കത്തിന് പിന്നിൽ ബി.ജെ.പിയുടെ രാഷ്ട്രീയ എതിരാളികളെ ഇല്ലാതാക്കാനുള്ള നീക്കമാണെന്നും അദ്ദേഹം പറഞ്ഞു. ഏതന്വേഷണവും നേരിടാൻ തയ്യാറാണെന്നും ലോക്സഭ സമ്മേളനത്തിനു ശേഷം ഹാജരാകാമെന്ന് ഇ.ഡിയെ രേഖാമൂലം അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇക്കഴിഞ്ഞ ബുധനാഴ്ച കൊച്ചിയിലെ ഓഫീസില്‍ ഹാജരാകണമെന്ന് കാണിച്ച് രാധാകൃഷ്ണന് ഇ ഡി സമന്‍സ് അയച്ചിരുന്നു. എന്നാല്‍ ഈ സമയം ഡല്‍ഹിയില്‍ പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കുകയായിരുന്നു. കരുവന്നൂര്‍ കേസില്‍ അന്തിമ കുറ്റപത്രം സമര്‍പ്പിക്കാനിരിക്കെയാണ് ഇഡി നീക്കം.
content highlight : karuvannur-case-ed-issues-summons-to-k-radhakrishnan-mp