വികസന രംഗത്ത് ഉയര്‍ന്നുവരുന്ന വെല്ലുവിളികളുടെ അടിസ്ഥാനത്തില്‍ ‘പൊതുധനകാര്യ സമീപനങ്ങളെ കുറിച്ചുള്ള പുനര്‍വിചിന്തനം’ എന്ന വിഷയത്തെ ആസ്പദമാക്കി ഒരു അന്താരാഷ്ട്ര സെമിനാര്‍ സംഘടിപ്പിക്കുന്നത്. പുതിയ കാലഘട്ടത്തില്‍ ആഗോളതലത്തില്‍, ഗവണ്മെന്റുകളുടെ പങ്കും പൊതുധനകാര്യ രംഗത്തെ ഇടപെടലിന്റെ പ്രസക്തിയും കൂടുതല്വര്ധിച്ചു വരുന്ന ഒരു സാഹചര്യമാണ് ഉയര്‍ന്നു വരുന്നത്. ഈ മാറ്റങ്ങളുടെ പശ്ചാത്തലത്തിലാണ് സെമിനാര്‍ സംഘടിപ്പിക്കുന്നതെന്ന സംഘാടക സമിതി അറിയിച്ചു.
തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന സെമിനാര്‍ മാര്‍ച്ച് 19 മുതല്‍ 21 വരെ ഗുലാത്തി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫിനാന്‍സ് ആന്‍ഡ് ടാക്സേഷനില്‍ ( ഗിഫ്റ്റ് ) നടക്കുന്നത്. ഗിഫ്റ്റിനു പുറമേ സെന്റര്‍ ഫോര്‍ പബ്ലിക് ഫിനാന്‍സ്, മദ്രാസ് സ്കൂള്‍ ഓഫ് ഇക്കണോമിക്സ് ( എം എസ് ഇ ) എന്നീ സ്ഥാപനങ്ങള്‍ സംയുക്തമായാണ് സംഘടിപ്പിക്കുന്നത് . കേരള ഇക്കണോമിക് അസോസിയേഷന് അടക്കമുള്ള നിരവധി സ്ഥാപനങ്ങള്‍ സമ്മേളനവുമായി സഹകരിക്കുന്നുണ്ട്.
മാര്‍ച്ച് 18 ന് വൈകീട്ട് അഞ്ചു മണിക്ക് നടക്കുന്ന ചടങ്ങില്‍ സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയന് സമ്മേളനം ഔപചാരികമായി ഉദ്ഘാടനം ചെയ്യും . ധനകാര്യ വകുപ്പ് മന്ത്രി കെ. എന്‍. ബാലഗോപാല്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണറും മദ്രാസ് സ്കൂള്‍ ഓഫ് ഇക്കണോമിക്സിന്റെ ചെയര്‍മാനുമായ ഡോ .സി രംഗരാജന് മുഖ്യപ്രഭാഷണം നിര്‍വഹിക്കും . മുന്‍ കാബിനറ്റ് സെക്രട്ടറിയും സംസ്ഥാന ആസൂത്രണ ബോര്‍ഡിന്റെ മുന്‍ വൈസ് ചെയര്‍മാനുമായ കെ. എം ചന്ദ്രശേഖര്‍, ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയിലെ എമിറേറ്റസ് പ്രൊഫസറും സംസ്ഥാന ആസൂത്രണ ബോര്‍ഡിന്റെ മുന്‍ വൈസ് ചെയര്‍മാനുമായ പ്രൊഫസര്‍ പ്രഭാത് പട്നായിക് , റ്റാഷ് വനെ യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജിയുടെ ചീഫ് ഡയറക്ടര്‍ പ്രഫസര്‍ രസികന്‍ മഹാരാജ എന്നിവര്‍ ചടങ്ങില്‍ പ്രഭാഷണം നടത്തും . എം എസ് ഇ ഡയറക്ടര്‍ പ്രൊഫസര്‍ എന്‍. ആര് ഭാനുമൂര്‍ത്തി കോണ്‍ഫറന്‍സ് സംബന്ധിച്ച രൂപരേഖ അവതരിപ്പിക്കും. രാത്രി ഏഴു മണി മുതല്‍ വിവിധ കലാപരിപാടികള്‍ അരങ്ങേറും.
മാര്‍ച്ച് 19 നു രാവിലെ 9 .30 മുതല്‍ വിദഗ്ദര്‍ പങ്കെടുക്കുന്ന വിവിധ സെഷനുകള്‍ക്ക് തുടക്കമാകും. സി ഡി എസ് ചെയര്മാന് പ്രൊഫസര്‍ സുദീപ്തോ മുണ്ടേല്‍, പതിനഞ്ചാം ധനകാര്യ കമ്മീഷന് അംഗമായിരുന്ന പ്രൊഫസര്‍ അശോക് ലാഹിരി, ജെ എന്‍ യു മുന്‍ പ്രൊഫസര്‍ സി . പി ചന്ദ്രശേഖര്‍ , റിസര്‍വ് ബാങ്കിന്റെ മുന്‍ പ്രിന്‍സിപ്പല്‍ അഡ്വൈസര്‍ ഡോ ദേബ പ്രസാദ് രാത്, ജെ എന്‍ യു പ്രൊഫസര്‍ സുര്‍ജിത് മസുംദാര്‍ , അഞ്ചാം സംസ്ഥാന ധനകാര്യ കമ്മീഷന് ചെയര്മാന് പ്രൊഫസര്‍ ആല്വിന് പ്രകാശ്, ഡല്‍ഹി സ്കൂള്‍ ഓഫ് ഇക്കണോമിക്സ് മുന്‍ ഡയറക്ടര്‍ പ്രഫസര്‍ കെ.എല്‍. കൃഷ്ണ , പതിന്നാലാം ധനകാര്യ കമ്മീഷന് അംഗമായിരുന്ന പ്രൊഫസര്‍ ഗോവിന്ദറാവു തുടങ്ങി നിരവധി പ്രഗല്ഭര് വിവിധ സെഷനുകളില്‍ വിഷയങ്ങള്‍ അവതരിപ്പിച്ച് സംസാരിക്കും. വ്യാഴാഴ്ച ഉച്ചക്ക് ശേഷം നടക്കുന്ന ഐ. എസ് ഗുലാത്തി സെന്റിനറി പ്രഭാഷണ ചടങ്ങില്‍ ഡോ.തോമസ് ഐസക്, ജമ്മു കാശ്മീര്‍ മുന്‍ ധനകാര്യ വകുപ്പ് മന്ത്രി ഡോ. ഹസീബ് എ ഡ്രാബു എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുക്കും. പ്രൊഫസര്‍ പിനാക്കി ചക്രവര്‍ത്തി ഐ.എഎസ്. ഗുലാത്തി സെന്റിനറി പ്രഭാഷണം നടത്തും. ഗിഫ്റ്റ് മുന്‍ ഡയറക്ടര്‍ പ്രഫസര്‍ എ.വി ജോസ്ഗുലാത്തി അനുസ്മരണ പ്രഭാഷണം നിര്‍വഹിക്കും. വെള്ളിയാഴ്ച്ച വൈകിട്ട് നടക്കുന്ന സമാപന ചടങ്ങില്‍ കര്‍ണ്ണാടക ധനകാര്യ സെക്രട്ടറി ഡോ. ആര്. വിശാല്‍ അധ്യക്ഷത വഹിക്കും. പ്രഫസര്‍ ഗോവിന്ദ റാവു സമാപന സന്ദേശം നല്‍കും. ഡോ. പ്രണബ് സെന്‍ സംസാരിക്കും.