ആശവർക്കർമാരുടെ ഓണറേറിയത്തിനുള്ള മാനദണ്ഡങ്ങൾ പിൻവലിച്ച് സർക്കാർ ഉത്തരവിറക്കി. ഓണറേറിയം തുക ലഭിക്കാനുള്ള 10 മാനദണ്ഡങ്ങളാണ് ഒഴിവാക്കിയതെന്നും സമരസമിതി നേതാക്കൾ പറഞ്ഞു.
ഇൻസെന്റീവിനുള്ള മാനദണ്ഡങ്ങളിലും ഇളവ് വരുത്തിയിട്ടുണ്ട്.ആശമാരുടെ പ്രശ്നങ്ങൾ പഠിക്കാൻ നിയമിച്ച കമ്മിറ്റിയുടെ നിർദ്ദേശപ്രകാരമാണ് ഉത്തരവ്. ആശ സമരത്തിന്റെ വിജയമാണെന്നും സമര സമിതി അറിയിച്ചു.നേരത്തെ ആരോഗ്യ വകുപ്പ് സമരക്കാർക്ക് വാക്കാൽ ഉറപ്പ് നൽകിയിരുന്നു.
അതേസമയം, ആശപ്രവർത്തകർ സെക്രട്ടറിയേറ്റിനു മുന്നിൽ നടത്തുന്ന രാപ്പകൽ സമരം ആരംഭിച്ചിട്ട് ഇന്ന് 36 ദിവസം പിന്നിട്ടിരുന്നു. സെക്രട്ടറിയേറ്റ് ഉപരോധിച്ച് ആശ വർക്കേഴ്സ് സമരം ഇന്ന് ശക്തമാക്കിയിരുന്നു. നടുറോഡിൽ ഇരുന്നും കിടന്നും ആശമാർ പ്രതിഷേധിച്ചു. സമരത്തിന്റെ അടുത്ത ഘട്ടം ഇന്ന് പ്രഖ്യാപിക്കും. സെക്രട്ടറിയേറ്റിന്റെ നാല് ഗേറ്റുകളും പൊലീസ് അടച്ചിരുന്നു. വിവിധ ജില്ലകളിൽ നിന്നുള്ള ആശമാരാണ് സെക്രട്ടറിയേറ്റ് ഉപരോധത്തിൽ പങ്കെടുത്തത്.