ആശമാരുടെ സമരം അടുത്തഘട്ടം പ്രഖ്യാപിച്ചു. ഈ മാസം 20ാം തീയതി മുതല്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കാനാണ് തീരുമാനം. ആദ്യഘട്ടത്തില്‍ മൂന്ന് നേതാക്കള്‍ നിരാഹാര സമരമിരിക്കും. ആശ ഹെൽത്ത് വർക്കേസ് അസോസിയേഷൻ നേതാവ് വി.കെ സദാനന്ദനാണ് നിരാഹാര സമരം പ്രഖ്യാപിച്ചത്.
ഓണറേറിയത്തിനുള്ള മാനദണ്ഡങ്ങൾ പിൻവലിച്ച് ഉത്തരവിറക്കിയതിന് പിന്നെലെയാണ് ആശമാരുടെ രണ്ടാംഘട്ട സമര പ്രഖ്യാപനം. ആവശ്യങ്ങൾ നിറവേറ്റുന്നത് വരെ സമരം തുടരുമെന്ന് നേതാക്കൾ പറഞ്ഞു. ആശാ പ്രവർത്തകർ സെക്രട്ടേറിയേറ്റിനു മുന്നിൽ നടത്തുന്ന രാപ്പകൽ സമരം ആരംഭിച്ചിട്ട് ഇന്ന് 36 ദിവസം പിന്നിട്ടിരുന്നു.
സമരം ഒരു മാസം പിന്നിട്ടതിന് പിന്നാലെ ഇന്ന് സെക്രട്ടേറിയേറ്റ് ഉപരോധം നടത്തുകയും ചെയ്തിരുന്നു. വിവിധയിടങ്ങളിൽ നിന്നായി എത്തിയ നൂറ് കണക്കിന് ആശമാരാണ് സെക്രട്ടേറിയേറ്റ് ഉപരോധിക്കുന്നത്.
പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല, കെ.കെ രമ എംഎല്‍എ, പൊമ്പിളെ ഒരുമ നേതാവ് ഗോമതി തുടങ്ങിയവർ ഉപരോധത്തിൽ ഐക്യദാർഢ്യവുമായി എത്തി. സെക്രട്ടേറിയേറ്റ് പരിസരം പുലർച്ചെ തന്നെ പൊലീസ് ബാരിക്കേഡുകളാൽ അടച്ചു പൂട്ടിയിരുന്നു.