തിരുവനന്തപുരത്ത് ആശ വർക്കർമാരുടെ നിരാഹാര സമരം പുരോഗമിക്കവെ ഡൽഹിയിൽ എത്തിയ ആരോഗ്യമന്ത്രി വീണ ജോർജ് മാധ്യമങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തി. ഇന്നലെ ഡൽഹിയിൽ വന്നത് കേന്ദ്ര ആരോഗ്യമന്ത്രിയെ കാണാനാണെന്ന് താൻ പറഞ്ഞിട്ടില്ലെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. ഒരാഴ്ചയ്ക്കുള്ളിൽ കേന്ദ്രമന്ത്രിയെ കാണുമെന്നാണ് പറഞ്ഞതെന്നും മന്ത്രി വീണാ ജോർജ് ഫേസ്ബുക്കിൽ വ്യക്തമാക്കി. മാധ്യമങ്ങൾ നടത്തുന്നത് വ്യാജ പ്രചരണമാണെന്നും മന്ത്രി ആരോപിച്ചു.
ആശമാരുടെ കാര്യത്തിൽ നേരത്തെയും കേന്ദ്ര മന്ത്രിയെ കണ്ടിരുന്നുവെന്ന് മന്ത്രി വീണാ ജോർജ് വ്യക്തമാക്കി. കേന്ദ്ര ആരോഗ്യമന്ത്രിയെ കാണാനാണ് യാത്ര എന്നാണ് മന്ത്രിയുടെ ഓഫിസിൽനിന്ന് അറിയിച്ചിരുന്നത്. എന്നാൽ ഡൽഹിയിൽ വെച്ച് കൂടിക്കാഴ്ചയുടെ വിവരങ്ങൾ ചോദിച്ചപ്പോൾ വ്യക്തതയില്ലായിരുന്നു. എന്നാൽ പിന്നീട് അനുമതി ലഭിച്ചില്ലെന്ന് മന്ത്രി അറിയിക്കുകയായിരുന്നു. റസിഡന്റ് കമ്മിഷണർ വഴി കത്ത് നൽകിയെങ്കിലും അനുമതി ലഭിച്ചില്ലെന്നായിരുന്നു വീണാ ജോർജ് അറിയിച്ചത്.
കൂടിക്കാഴ്ചയ്ക്ക് അനുമതി ലഭിക്കാത്ത സാഹചര്യത്തിൽ റസിഡന്റ് കമ്മിഷണർ വഴി നിവേദനം നൽകിയെന്നും ആശാ വർക്കേഴ്സിന്റേത് ഉൾപ്പെടെയുള്ള വിഷയങ്ങൾ നിവേദനത്തിൽ സൂചിപ്പിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. അതേസമയം ഡൽഹിയിലെത്തിയ മന്ത്രി ക്യൂബൻ സംഘവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.