ആരോഗ്യമന്ത്രി വീണാ ജോർജിന് കേന്ദ്ര ആരോഗ്യമന്ത്രി ജെപി നദ്ദ കാണാൻ അവസരം നിഷേധിച്ചത് പ്രതിഷേധാർഹമെന്ന് സിപിഐഎം നേതാവ് പി കെ ശ്രീമതി. മണിക്കൂറുകൾ യാത്ര ചെയ്ത് ഡൽഹിയിലെത്തി കാത്തിരുന്നിട്ടും കാണാൻ അനുവാദം നൽകാതെ ഇരുന്നത് മാധ്യമങ്ങൾ ചർച്ച പോലും ചെയ്തില്ലെന്നും ശ്രീമതി ടീച്ചർ വിമർശിച്ചു.
അവസരം കൊടുക്കാത്ത കേന്ദ്രമന്ത്രിയെ വിമർശിക്കാത്ത മാധ്യമങ്ങൾ വീണാ ജോർജിനെ കടുത്ത വിമർശനത്തിന് വിധേയമാക്കുകയാണെന്നും അവർ ഫേസ്ബുക്കിൽ കുറിച്ചു. വീണാ ജോർജിനെ വ്യക്തിപരമായി തകർക്കാനും ആക്രമിക്കാനും ശ്രമിക്കുന്ന പ്രതിപക്ഷത്തിനും അവരുടെ പത്രമാദ്ധ്യമങ്ങൾക്കും അതൊരു വിഷയമേ ആയില്ല. കേന്ദ്ര മന്ത്രിയെ കാണാൻ അവർ പലവട്ടം ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഡൽഹിയിലുണ്ടായിരുന്ന എനിക്ക് അവരുടെ പരിശ്രമം നേരിട്ട് കാണാൻ കഴിഞ്ഞു. അവസരം കൊടുക്കാത്ത കേന്ദ്രമന്ത്രിക്ക് വിമർശനമേയില്ല. എന്നാൽ വീണാ ജോർജിനെ കടുത്ത വിമർശനത്തിന് വിധേയമാക്കുന്നു. ആശമാർക്കു വേണ്ടിയല്ലത്രെ മന്ത്രി ഡൽഹിയിൽ വന്നത്. രാത്രി ഉറക്കം കളഞ്ഞ് രാവിലെ തന്നെ ഡൽഹിയിലെത്തിയത് വൈകുന്നേരം നടക്കുന്ന പരിപാടിക്കു വേണ്ടിയാണ് എന്ന് വിവക്ഷ. ഹൃദയം പറിച്ചെടുത്ത് കാണിച്ചാലും ചെമ്പരത്തി പൂവ് ആണെന്ന് പറയുന്നവരോട് എന്തു പറയാനെന്നും അവർ ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
ആരോഗ്യമന്ത്രി വീണാ ജോർജ്ജിന് കേന്ദ്ര ആരോഗ്യമന്ത്രി ശ്രീ.നദ്ദ കാണാൻ അവസരം നിഷേധിച്ചത് പ്രതിഷേധാർഹം. അതിരാവിലെ തിരുവനന്തപുരത്തുനിന്നു പുറപ്പെട്ട് 10 മണിക്കു മുൻപ് ഡൽഹിയിലെത്തി വൈകുന്നേരത്തിനിടയിൽ ഏതെങ്കിലും ഒരു സമയത്ത് അരമണിക്കൂർ സന്ദർശനത്തിന് അനുവാദം നൽകാതിരുന്നത് ശരിയായോ എന്ന് കേരളത്തിലെ പത്രമാധ്യമങ്ങൾ പോലും ചർച്ച ചെയ്യുന്നില്ല. കാണാൻ അല്ല സമയം വേണമെന്ന് അപേക്ഷിച്ചിട്ട് അതിന് അനുവദിക്കാതിരുന്നത് മാന്യരായ ഭരണാധികാരികൾക്ക് യോജിച്ചതാണോ? ആ വിഷയം ഗൗരവമുള്ളതാണ്.
എന്നാൽ വീണാ ജോർജ്ജിനെ വ്യക്തിപരമായി തകർക്കാനും ആക്രമിക്കാനും ശ്രമിക്കുന്ന പ്രതിപക്ഷത്തിനും അവരുടെ പത്രമാദ്ധ്യമങ്ങൾക്കും അതൊരു വിഷയമേ ആയില്ല. കേന്ദ്ര മന്ത്രിയെ കാണാൻ അവർ പലവട്ടം ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഡൽഹിയിലുണ്ടായിരുന്ന എനിക്ക് അവരുടെ പരിശ്രമം നേരിട്ട് കാണാൻ കഴിഞ്ഞു. അവസരം കൊടുക്കാത്ത കേന്ദ്രമന്ത്രിക്ക് വിമർശനമേയില്ല.
എന്നാൽ വീണാ ജോർജ്ജിനെ കടുത്ത വിമർശനത്തിന് വിധേയമാക്കുന്നു. ആശമാർക്കു വേണ്ടിയല്ലത്രെ മന്ത്രി ഡൽഹിയിൽ വന്നത്. രാത്രി ഉറക്കം കളഞ്ഞ് രാവിലെ തന്നെ ഡൽഹിയിലെത്തിയത് വൈകുന്നേരം നടക്കുന്ന പരിപാടിക്കു വേണ്ടിയാണ് എന്ന് വിവക്ഷ. ഹൃദയം പറിച്ചെടുത്ത് കാണിച്ചാലും ചെമ്പരത്തി പൂവ് ആണെന്ന് പറയുന്നവരോട് എന്തു പറയാൻ?.