എറണാകുളം കുറുപ്പംപടിയിൽ സഹോദരിമാരെ പീഡിപ്പിച്ച കേസിൽ പ്രതി ധനേഷിനെ അന്വേഷണ സംഘം കസ്റ്റഡിയിൽ ആവശ്യപ്പെടും. റിമാൻഡിലുള്ള ധനേഷിനെ വിശദമായി ചോദ്യം ചെയ്യാനാണ് നീക്കം. പീഡനവിവരം മറച്ചുവച്ചതിനും മദ്യം കഴിക്കാൻ പ്രേരിപ്പിച്ചതിനും കുട്ടികളുടെ അമ്മയ്ക്കെതിരെ ഇന്നലെ കേസെടുത്തിരുന്നു.
പെൺകുട്ടികളെ പീഡിപ്പിച്ചത് അമ്മയുടെ അറിവോടെയും സമ്മതത്തോടെയുമാണെന്നാണ് ധനേഷിന്റെ മൊഴി. കുട്ടികളുടെയും സ്കൂൾ അധ്യാപികയുടെയും മൊഴികളും അമ്മയുടെ അറസ്റ്റിൽ നിർണായമായി.
പത്തും പന്ത്രണ്ടും വയസ്സുള്ള പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചതിന് കുട്ടികളുടെ അമ്മയുടെ സുഹൃത്തായ ടാക്സി ഡ്രൈവറെ കഴിഞ്ഞ ദിവസമാണ് കുറുപ്പുംപടി പൊലീസ് അറസ്റ്റ് ചെയ്തത്. കുട്ടികളുടെ അമ്മയുമായി ഉണ്ടായിരുന്ന സൗഹൃദം മുതലെടുത്തായിരുന്നു പീഡനം.
പെണ്‍കുട്ടികളുടെ സുഹൃത്തുക്കളെയും ദുരുപയോഗം ചെയ്യാനുള്ള പ്രതിയുടെ ശ്രമമാണ് പീഡന വിവരം പുറത്തറിയാന്‍ കാരണമായത്. പെണ്‍കുട്ടികളുടെ പിതാവ് മരിച്ചതിന് ശേഷമാണ് കുട്ടികളുടെ അമ്മയുമായി പ്രതി ബന്ധമുണ്ടാക്കിയത്. രണ്ടാനച്ഛന് എന്ന നിലയിലുളള സ്വാതന്ത്ര്യം മുതലെടുത്താണ് പെണ്‍കുട്ടികളെ പ്രതി ദുരുപയോഗം ചെയ്തത്. അടിക്കടി വീട്ടില്‍ വന്നിരുന്ന പ്രതി പെണ്‍കുട്ടികളെ രണ്ട് വര്‍ഷത്തോളം ലൈംഗികമായി ചൂഷണം ചെയ്തെന്നാണ് പൊലീസ് കണ്ടെത്തല്‍.