ബിജെപി സംസ്ഥാന അധ്യക്ഷനായി മുന്‍കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെ പ്രഖ്യാപിച്ചു. ഇന്നു 11ന് സംസ്ഥാന കൗൺസിൽ യോഗത്തിൽ വരണാധികാരിയായ കേന്ദ്രമന്ത്രി പ്രൾഹാദ് ജോഷിയാണ് അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം പ്രകാശ് ജാവ്ഡേക്കറാണ് കോർ കമ്മിറ്റിയോഗത്തിൽ മുന്നോട്ട് വെച്ചത്.
നേതാക്കളുടെ സാന്നിധ്യത്തിൽ ഇന്നലെയാണ് രാജീവ് ചന്ദ്രശേഖർ നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്. തുടര്‍ന്ന് ഇന്ന് തിരുവനന്തപുരത്ത് നടന്ന സംസ്ഥാന കൗൺസിലിൽ രാജീവ് ചന്ദ്രശേഖറിനെ സംസ്ഥാന അധ്യക്ഷനായി ഔദ്യോഗികമായി പ്രഖ്യാപിക്കുകയായിരുന്നു.
മാസങ്ങൾ നീണ്ട അഭ്യൂഹങ്ങൾക്കൊടുവിലാണ് സീനിയർ നേതാക്കൾക്ക് പകരം ടെക്നോ ക്രാറ്റായ രാജീവ് ചന്ദ്രശേഖർ ബിജെപി അധ്യക്ഷനാകുന്നത്. പാർട്ടിയുടെ അടിസ്ഥാന വോട്ടുകൾക്ക് അപ്പുറം യുവാക്കളെയും പ്രൊഫഷണലുകളെയും കൂടി ആകർഷിക്കാൻ ലക്ഷ്യമിട്ടാണ് രാജീവ് വഴിയുള്ള പരീക്ഷണം. തിരുവനന്തപുരത്ത് ലോക് സഭാ തെരഞ്ഞെടുപ്പിൽ കാണിച്ച പോരാട്ടവീര്യവും കണക്കിലെടുത്തു.