കെ ഇ ഇസ്മയിൽ ആരുടേയും കളിപ്പാവയാകുമെന്ന് കരുതുന്നില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പാർട്ടി എപ്പോഴും ഇസ്മയിലിനോട് സഹിഷ്ണുതയും ആദരവും കാണിച്ചിട്ടുണ്ട്. സിപിഐ ജനാധിപത്യം പാലിക്കുന്ന പാർട്ടിയാണിത്. സമ്മേളനങ്ങൾ പാർട്ടിയുടെ വളർച്ചയ്ക്ക് വേണ്ടിയാണ് അല്ലാതെ ആർക്കും വാർത്തയുണ്ടാക്കാൻ വേണ്ടിയുള്ളതല്ല. പാർട്ടിയുടെ ഐക്യത്തിനായുള്ള നിർദേശങ്ങളാണ് പ്രവർത്തകർക്ക് നൽകിയിട്ടുള്ളത്. ജനാധിപത്യപരമായ ചർച്ചകൾക്ക് സിപിഐ പാർട്ടിയിൽ വിലക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
പാർട്ടിയെ അപകീർത്തിപ്പെടുത്തരുതെന്ന് ഇസ്മയിൽ തന്നെ പറഞ്ഞു പഠിപ്പിച്ചു തന്ന കാര്യമാണ്. അദ്ദേഹം തന്നെ പഠിപ്പിച്ച പാഠങ്ങൾ അദ്ദേഹം തന്നെ മനസ്സിലാക്കി പെരുമാറണം. മാധ്യമങ്ങളിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും പ്രതികരണം നടത്തിയത് തെറ്റാണ്. ഇനിയും എന്തെങ്കിലും വിമർശനങ്ങൾ ഉണ്ടെങ്കിൽ ഇസ്മയിലിന് പാർട്ടിക്കുള്ളിൽ പറയാം. എല്ലാ പാർട്ടി പ്രവർത്തകർക്കും അതിനുള്ള അവകാശമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
പാർട്ടിക്കകത്ത് പറയേണ്ടത് പുറത്തു പറയുന്ന ശീലം കമ്മ്യൂണിസ്റ്റുകാരുടെതല്ലെന്നും പാർട്ടിയെ അപകീർത്തിപ്പെടുത്താനുള്ള ശ്രമമുണ്ടായാൽ ചർച്ച ചെയ്യാനും ഇടപെടാനും പാർട്ടിയുടെ എക്സിക്യൂട്ടീവിന് അധികാരമുണ്ടെന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു.