വൻതോതിൽ മരങ്ങൾ മുറിക്കുന്നത് മനുഷ്യരെ കൊല്ലുന്നതിനേക്കാൾ ഭീകരമാണെന്ന് സുപ്രീം കോടതി. ജസ്റ്റിസുമാരായ അഭയ് എസ് ഓക, ഉജ്ജൽ ഭൂയാൻ എന്നിവരടങ്ങിയ ബെഞ്ചാണ് നിരീക്ഷണം നടത്തിയത്. സംരക്ഷിത താജ് ട്രപീസിയം സോണിലെ 454 മരങ്ങൾ മുറിച്ചുമാറ്റിയ ഒരാളുടെ ഹർജി തള്ളിക്കൊണ്ടായിരുന്നു കോടതിയുടെ നിർദേശം. നിയമവിരുദ്ധമായി മരം മുറിച്ചയാൾക്ക് ഓരോ മരത്തിനും ഒരു ലക്ഷം രൂപ സുപ്രീംകോടതി പിഴ ചുമത്തി.
അനുമതിയില്ലാതെ വെട്ടിമാറ്റിയ 454 മരങ്ങൾ നിലനിര്‍ത്തിയിരുന്ന പച്ചപ്പ് പുനസൃഷ്ടിക്കാൻ കുറഞ്ഞത് 100 വർഷമെങ്കിലുമെടുക്കും. പരിസ്ഥിതി പ്രശ്നത്തിൽ ഒരു ദയയും പാടില്ല. ധാരാളം മരങ്ങൾ മുറിക്കുന്നത് മനുഷ്യനെ കൊല്ലുന്നതിനേക്കാൾ ഭീകരമാണെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. മഥുര-വൃന്ദാവനിലെ ഡാൽമിയ ഫാമിലെ 454 മരങ്ങൾ മുറിച്ചതിന് ശിവശങ്കർ അഗർവാൾ എന്നയാൾക്ക് ഒരു മരത്തിന് ഒരു ലക്ഷം രൂപ പിഴ ചുമത്താൻ ശുപാർശ ചെയ്ത കേന്ദ്ര എംപവേർഡ് കമ്മിറ്റി (സിഇസി) റിപ്പോർട്ട് സുപ്രീം കോടതി അംഗീകരിച്ചു.
കുറ്റം ചെയ്തെന്ന് ശിവശങ്കർ സമ്മതിച്ചതായി അഭിഭാഷകൻ മുകുൾ റോഹത്ഗി കോടതിയിൽ അറിയിച്ചു. പിഴ തുക കുറയ്ക്കണമെന്ന് അഭിഭാഷകൻ ആവശ്യപ്പെട്ടെങ്കിലും തുക കുറയ്ക്കാൻ കോടതി വിസമ്മതിച്ചു. താജ് ട്രപീസിയം സോണിലെ വനം ഒഴികെയുള്ളതും സ്വകാര്യ ഭൂമിയിലുള്ളതുമായ മരങ്ങൾ മുറിക്കുന്നതിന് മുൻകൂർ അനുമതി വാങ്ങണമെന്ന നിബന്ധന നീക്കം ചെയ്ത 2019 ലെ ഉത്തരവും സുപ്രീം കോടതി പുനപരിശോധിച്ചു.