നിറത്തിന്റെ പേരില്‍ അധിക്ഷേപം നേരിട്ടുവെന്ന് ചൂണ്ടിക്കാട്ടി ചീഫ് സെക്രട്ടറി ശാരദ മുരളീധരന് ഫേസ്ബുക്കിലിട്ട കുറിപ്പിന് ഐക്യദാര്‍ഢ്യം അറിയിച്ച് മന്ത്രി വി ശിവൻകുട്ടി. ശാരദ മുരളീധരന്റേത് ധീരമായ പ്രതികരണമാണ്. പുരോഗമന കേരളത്തിൽ ചർമ്മത്തിന്റെ നിറത്തെ അടിസ്ഥാനമാക്കിയുള്ള വിവേചനത്തിന് സ്ഥാനമില്ല. അത് ഊന്നിപ്പറഞ്ഞ ശാരദ മുരളീധരന് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു.
പൊതുസേവനത്തോടുള്ള ചീഫ് സെക്രട്ടറിയുടെ നേതൃപരമായ സമർപ്പണം മാതൃകാപരമാണെന്നും വ്യക്തികളെ അവർ സമൂഹത്തിന് നൽകുന്ന സംഭാവനകൾക്ക് വിലമതിക്കുന്ന അന്തരീക്ഷം വളർത്തിയെടുക്കണമെന്നും ഇത് സ്കൂൾ വിദ്യാഭ്യാസകാലത്ത് തന്നെ ആരംഭിക്കണമെന്നും മന്ത്രി വി ശിവൻകുട്ടി കൂട്ടിച്ചേർത്തു.
ഭര്‍ത്താവും മുന്‍ ചീഫ് സെക്രട്ടറിയുമായ ഡോ. വി വേണുവിനെയും തന്നെയും നിറത്തിന്റെ പേരിലൊരാള്‍ താരതമ്യപ്പെടുത്തിയെന്ന് പറഞ്ഞാണ് ശാരദ മുരളീധരന്റെ കുറിപ്പ് ആരംഭിക്കുന്നത്. വേദന തോന്നിയെന്നും കറുപ്പിനോട് ഇത്രയും നിന്ദ എന്തിനാണെന്നും അവര്‍ ചോദിക്കുന്നു. നാലുവയസ്സുള്ളപ്പോള്‍ അമ്മയോട് തന്നെ ഗര്‍ഭപാത്രത്തിലേക്ക് തിരിച്ചെടുത്ത് വെളുത്തനിറമുള്ള സുന്ദരിക്കുട്ടിയായി ഒന്നുകൂടെ ജനിപ്പിക്കുമോ എന്ന് ചോദിച്ചിട്ടുള്ളതായും അവര്‍ പറയുന്നു. കറുപ്പില്‍ സൗന്ദര്യമോ ഗുണമോ കാണാന്‍ തനിക്കു മടിയായിരുന്നുവെന്നും അതു തിരുത്തിയത് തന്റെ മക്കളാണെന്നും ചീഫ് സെക്രട്ടറി കൂട്ടിച്ചേര്‍ത്തു.