കറുപ്പ് വൃത്തികേടല്ലെന്നും പകരം വൃത്തിയാണെന്നും മനസിലാക്കിയാല്‍ മാത്രമേ കറുപ്പിനെക്കുറിച്ചുള്ള തെറ്റായ ധാരണകളില്‍ നിന്ന് നമ്മുക്ക് പുറത്തുകടക്കാനാകൂവെന്ന് ചീഫ് സെക്രട്ടറി ശാരദ മുരളീധരന്. ഞാന്‍ ശാരദയാണെന്നും ഞാന്‍ കറുപ്പെന്നും അംഗീകരിക്കാനും കറുപ്പ് എന്റെ അഴകിനോ സ്വഭാവത്തിനോ കുറവുവരുത്തുന്നതല്ല മറിച്ച് കൂട്ടുന്നതാണെന്ന് തിരിച്ചറിയാനും തനിക്ക് സാധിച്ചുവെന്ന് ശാരദ മുരളീധരന് പറഞ്ഞു.
താന്‍ മുന്‍പ് തന്റെ കറുപ്പില്‍ നിന്ന് ഒളിച്ച് നടക്കാന്‍ നോക്കിയിരുന്നെന്നും ഇപ്പോഴത് മാറിയെന്നും ശാരദ കൂട്ടിച്ചേര്‍ത്തു. നിറത്തിന്റെ പേരില്‍ താന്‍ നേരിട്ട ഒരു കമന്റിനെക്കുറിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റ് ചര്‍ച്ചയായ പശ്ചാത്തലത്തിലായിരുന്നു ചീഫ് സെക്രട്ടറിയുടെ പ്രതികരണം. കറുപ്പിന്റെ പേരിലുള്ള കമന്റുകള്‍ ചീഫ് സെക്രട്ടറിയായതിനാല്‍ മാത്രം തനിക്ക് കേള്ക്കാതിരിക്കേണ്ടി വന്നിട്ടില്ലെന്ന് ശാരദ മുരളീധരന് പറയുന്നു. അഭ്യുദയകാംക്ഷികള്‍ പറഞ്ഞത് പ്രകാരമാണ് താന്‍ കുറിപ്പ് റീ പോസ്റ്റ് ചെയ്തത്.
ഭര്‍ത്താവ് ഉള്‍പ്പെടെ തനിക്ക് ഇതിനെക്കുറിച്ച് സംസാരിക്കാന്‍ പ്രേരണയായി. പല തരത്തിലുള്ള കോംപ്ലക്സുകളുടെ കൂടാരമാണ് മനുഷ്യന്. ഒരു മാതൃകാരൂപത്തെപ്പോലെയാകണമെന്ന് പലരും ആഗ്രഹിക്കുന്നു. എന്നാല്‍ മനുഷ്യനെ മനുഷ്യനാക്കുന്നത് അവരുടെ വൈവിധ്യമാണ്. അതിനെ ആസ്വദിക്കുകയും ആഘോഷിക്കുകയുമാണ് വേണ്ടതെന്നും ശാരദ മുരളീധരന് പറഞ്ഞു. കേരളമായതിനാലാണ് തന്റെ പോസ്റ്റ് ഇത്രയേറെ ചര്‍ച്ചയായതെന്ന് ശാരദ മുരളീധരന് പറഞ്ഞു. പോസ്റ്റിന് മികച്ച പ്രതികരണമുണ്ടായി. നവകേരളത്തിന്റെ പ്രത്യേകതയാണ് ഇതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.