പ്രകൃതിഭംഗിയാൽ സമ്പന്നമായ ഹില്‍സ്റ്റേഷനാണ് കുന്നൂർ. ഇവിടം സന്ദര്‍ശിച്ച് മടങ്ങിയാലും ഓര്‍മ്മകളില്‍ സജീവമായി നില്ക്കുന്ന കാഴ്ചകളാണ് സന്ദര്‍ശകരെ കാത്തിരിക്കുക. കുട്ടിക്കാലത്തിലെ ആശ്ചര്യഭാവത്തോടെ ഇവിടെ കാഴ്ചകള്‍ കാണാവുന്നതാണ്. ലോകപ്രസിദ്ധമായ ഊട്ടക്കമണ്ട് ഹില്‍ സ്റ്റേഷനോട് ചേര്‍ന്നുള്ള ഈ സ്ഥലം വിസ്മയത്തോടെ മാത്രമേ കാണാനാവൂ. സമുദ്രനിരപ്പില്‍ നിന്ന് 1850 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന, മഞ്ഞിന്റെ മൂട് പടമണിഞ്ഞ ഈ ചെറുടൗണിനെ നിങ്ങള്‍ കാണുമ്പോഴേ ഇഷ്ടപ്പെട്ടു തുടങ്ങും. മണത്തിനും, രുചിക്കും പേര് കേട്ട നീലഗിരി ചായ ഉത്പാദിപ്പിക്കപ്പെടുന്നത് ഇവിടെയാണ്. നീലഗിഗി ജില്ലയിലെ ഒരു മുനിസിപ്പാലിറ്റിയാണ് ഇവിടം.
ലോകമെങ്ങുനിന്നും, പല കാലത്ത് കുടിയേറിയ ജനങ്ങള്‍ താമസിക്കുന്നുണ്ട് ഇവിടെ. ടൂറിസ്റ്റുകളുടെ നിലക്കാത്ത പ്രവാഹത്തിന് ഇവിടെ വന്നാല്‍ നിങ്ങള്‍ക്ക് സാക്ഷ്യം വഹിക്കാം. ചെറുചാലായും, പുഴയായും രൂപാന്തരം പ്രാപിക്കുന്ന നീരൊഴുക്കുകള്‍ പോലെ സന്ദര്‍ശിക്കുന്ന കാലത്തിനനുസരിച്ച് പ്രകൃതി മനോഹരമായ കാഴ്ചകള്‍ വൈവിധ്യപൂര്‍ണ്ണം ഇവിടെ കാണാവുന്നതാണ്. സന്ദര്‍ശകരുടെ തിക്കും തിരക്കും പുരാതനമായ ഇവിടുത്തെ ശാന്തപ്രകൃതിയെ തെല്ലും അലോസരപ്പെടുത്തില്ല. അതുകൊണ്ടാണ് ഈ സ്ഥലത്തെ ഒരിക്കലും ഉറങ്ങാത്ത താഴ്വര എന്ന് വിളിക്കാനും കാരണം.
നീലഗിരി സന്ദര്‍ശിക്കുന്നവര്‍ ഒരു കാരണവശാലും ഒഴിവാക്കാന്‍ പാടില്ലാത്തതാണ് ട്രെയിനിലുള്ള കുന്നൂരിലെ കാഴ്ചകളും. യുനെസ്കോയുടെ നിര്‍ദ്ദേശപ്രകാരം ലോക പൈതൃക പട്ടികയില്‍ ഇടം പിടിച്ച ഒന്നാണ് നീലഗിരി മൗണ്ടന്‍ റെയില്‍വേ. ഡാര്‍ജലിംഗ് മൗണ്ടന്‍ റെയില്‍വേയും ഇതിനൊപ്പമുണ്ട്. ലോകത്തില്‍ തന്നെ ഇന്ന് അപൂര്‍വ്വമായ റാക്ക് ആന്‍ഡ് പിനിയന്‍ സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന റെയില്‍ സര്‍വ്വീസാണിത്. 1908 ലാണ് ബ്രിട്ടീഷുകാര്‍ സ്ഥാപിച്ച ഈ റെയില്‍ സര്‍വ്വീസ് ആരംഭിക്കുന്നത്. ശരിക്കും മദ്രാസ് റെയില്‍വേ ഡിവിഷന്റെ കീഴില്‍ വരുന്ന ഇത് സേലം ഡിവിഷന്റെ കീഴിലാണ് പ്രവര്‍ത്തിച്ച് വരുന്നത്. നിലവില്‍ നീരാവി എഞ്ചിന് ഉപയോഗിക്കുന്ന ട്രെയിന്‍ ഡീസല്‍ ഇന്ധനത്തിലേക്ക് മാറ്റി ചിലവ് ചുരുക്കാനുള്ള പദ്ധതി ആസൂത്രണത്തിലാണ്. ഇതുവഴി പണവും സമയവും ലാഭിക്കാനാവും. മേട്ടുപ്പാളയത്ത് നിന്ന് ആരംഭിക്കുന്ന ട്രെയിന്‍ കൂനൂരിലേക്കുള്ള മലകയറി ഊട്ടിയിലേക്ക് പോകും. ഈ യാത്രയിലെ കാഴ്ചകളാണ് ഏറ്റവും ആകര്‍ഷകമായത്.
കുന്നൂരിന്റെ സാമ്പത്തിക അടിത്തറ തന്നെ തേയിലകൃഷിയിലാണ്. ഇവിടുത്തെ ബഹുഭൂരിപക്ഷം പ്രദേശവാസികളും തേയില കൃഷി, വിളവെടുപ്പ്, സംസ്കരണം എന്നീ മേഖലകളില്‍ ജോലി ചെയ്താണ് വരുമാനം കണ്ടെത്തുന്നത്. ഇവിടെ ഹോംമെയ്ഡ് ചോക്കലേറ്റ് ലഭിക്കും. പൂക്കൃഷിയും, ഉദ്യാനകൃഷിയും ഇവിടുത്തെ പ്രശസ്തമായ വ്യവസായമാണ്. അപൂര്‍വ്വങ്ങളായ ഓര്‍ക്കിഡ് ഇനങ്ങളും, മറ്റ് പുഷ്പ ഇനങ്ങളും ഇവിടെ വളര്‍ത്തി വില്പനക്കെത്തിക്കുന്നു. മറ്റെവിടെയും കാണാത്തതരം വൈവിധ്യമാര്‍ന്ന പൂച്ചെടികള്‍ ഇവിടെ കാണാനാവും. ഹില്‍ സ്റ്റേഷനെന്ന നിലയില്‍ കുന്നൂരിലെ കാലവസ്ഥയും സുഖകരമായതാണ്.
ശൈത്യകാലത്ത് കഠിനമായി തണുപ്പ് അനുഭവപ്പെടുമെങ്കിലും, വേനല്‍ക്കാലത്ത് സുഖകരമായ കാലാവസ്ഥയാണ്. മഴക്കാലത്ത് ഇവിടേക്ക് സഞ്ചാരികള്‍ വരാറില്ല. കനത്ത മഴയും തണുപ്പുമനുഭവപ്പെടുന്നതിനാല് ഇക്കാലത്തെ സന്ദര്‍ശനം ഒഴിവാക്ക കുന്നൂരിലെത്തിപ്പെടുക എന്നത് വളരെ എളുപ്പമാണ്. കോയമ്പത്തൂര്‍ ഗാന്ധിപുരം ബസ് സ്റ്റാന്റില്‍ നിന്ന് മേട്ടുപ്പാളയത്ത് വന്നിറങ്ങി നീലഗിരി മൗണ്ടന്‍ റെയില്‍വേയുടെ ട്രെയിനില്‍ കയറാം. ഗാന്ധിപുരത്ത് നിന്ന് ഊട്ടിയിലേക്കുള്ള ബസില്‍ കയറി കൂനൂരിലിറങ്ങുകയും ചെയ്യാവുന്നതാണ്. കോയമ്പത്തൂരില്‍ നിന്ന് കൂനൂരിലേക്കുള്ള യാത്ര മൂന്നര മണിക്കൂര്‍ ദൈര്‍ഘ്യമുള്ളതാണ്.
STORY HIGHLIGHTS : Rich in natural beauty; you should visit Coonoor at least once