മലയാളികളുടെ പ്രയപ്പെട്ട ഭക്ഷണങ്ങളിൽ മാറ്റി നിർത്താനാകാത്ത ഒന്നാണ് ചക്ക. പഴമായും പച്ചക്കറിയായും കഴിക്കാവുന്ന ചക്ക, സ്വാദിൽ മാത്രമല്ല പോഷക ഗുണത്തിലും മുൻപന്തിയിലാണ്. ചക്കയില്‍ ശരീരത്തിന് ആവശ്യമായ ധാരാളം വിറ്റാമിനുകളും നാരുകളും പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. ആന്റി ഓക്സിഡന്റുകളാൽ സമ്പന്നമാണ് ചക്ക.
പ്രമേഹം കുറയ്ക്കാൻ ചക്കയ്ക്ക് കഴിവുണ്ട്. പക്ഷേ അത് പഴുത്ത ചക്കയെ ഉദ്ദേശിച്ചല്ല. പച്ചച്ചക്ക കഴിക്കുന്നത് പ്രമേഹരോഗികള്‍ക്ക് നല്ലതാണ്. കാരണം, പച്ചച്ചക്കയിൽ അന്നജത്തിന്റെ അളവ് കുറവായിരിക്കും. ധാന്യങ്ങളെക്കാൾ ഇതിൽ അന്നജം 40% കുറവാണ്. കലോറിയും ഏതാണ്ട് 35–40% കുറവാണ്.
കൂടാതെ പച്ചച്ചക്കയില്‍ നാരുകള്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഈ നാരുകൾ ഭക്ഷണത്തിലെ ഗ്ലൂക്കോസിന്റെ അമിതാഗിരണത്തെ തടയും. പച്ചച്ചക്കയിൽ ഗ്ലൈസീമിക് ഇൻഡക്സും കുറവാണ്. അതിനാല്‍ പ്രമേഹരോഗികള്‍ക്ക് പച്ചച്ചക്ക കഴിക്കാം.
എന്നാല്‍ പച്ചച്ചക്കയെ അപേക്ഷിച്ച് പഴുത്ത ചക്കയിൽ പഞ്ചസാരയുടെ അളവ് പതിൻമടങ്ങാണ്. അതായത് പഴുത്ത ചക്കയിൽ ഗ്ലൈസീമിക് ഇൻഡക്സ് കൂടുതലാണ്.
വിറ്റാമിനുകളായ എ, സി എന്നിവയും പൊട്ടാസ്യം, ഇരുമ്പ്, കാത്സ്യം, മെഗ്നീഷ്യം, സോഡിയം തുടങ്ങിവയവും ചക്കയില്‍ അടങ്ങിയിട്ടുണ്ട്. കൊളസ്ട്രോള്‍, രക്തസമ്മര്‍ദ്ദം എന്നിവയെ നിയന്ത്രിക്കാനും ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കാനും ചക്ക ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.