സര്‍വവ്യാപി, നടുവേദനയെ വേണമെങ്കില്‍ അങ്ങനെയും വിശേഷിപ്പിക്കാം. ദശലക്ഷക്കണക്കിന് ആളുകളാണ് ലോകമെമ്പാടും നടുവേദനയെ തുടര്‍ന്നുള്ള ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നത്.
പരിക്ക്, മസില് സ്ട്രെയിന്‍, തെറ്റായ അംഗവിന്യാസം, തെറ്റായ രീതിയില്‍ ഭാരം എടുക്കുന്നത്, അമിത വണ്ണം തുടങ്ങി നടുവേദനയ്ക്ക് നിമിത്തമാകുന്നത് പല കാരണങ്ങളാണ്. കാരണം എന്തൊക്കെതന്നെയായാലും ഒരാളുടെ ജീവിതം ദുഷ്കരമാക്കാന്‍ നടുവേദനയെക്കഴിഞ്ഞേ മറ്റെന്തുമുള്ളൂ. എന്നാല്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കുകയാണെങ്കില്‍ നടുവേദനയില്‍ നിന്ന് രക്ഷനേടാമെന്ന് പറയുകയാണ് സ്പൈനല്‍ ആന്‍ഡ് ഓര്‍ത്തോപീഡിക് സര്‍ജനായ ഡോ.കെന്‍ ഹന്സ്രാജ്. വേദനയുണ്ടെന്ന് കരുതി നടുവിന് അമിതമായ വിശ്രമം നല്‍കുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്നാണ് ഡോക്ടറുടെ പക്ഷം. ദീര്‍ഘകാലം നടു അനക്കാതെ വച്ചിരുന്നാല്‍ അത് സ്റ്റിഫ് ആയിരിക്കുന്നതിലേക്കും ദുര്ബലമാകുന്നതിലേക്കും നയിക്കും.
അതുകൊണ്ട് ശാരീരികചലനങ്ങളിലൂടെ, വ്യായാമത്തിലൂടെ നടുവേദന കുറയ്ക്കാന്‍ ശ്രമിക്കണം. ബെഡ്റെസ്റ്റിനേക്കാളും വ്യായാമമാണ് നടുവേദനയ്ക്ക് പലപ്പോഴും ഗുണമായി ഭവിക്കാറുള്ളത്. വേദന മെല്ലെ കുറയ്ക്കുന്നതിനൊപ്പം ഭാവിയില്‍ നടുവേദന വരാതിരിക്കാനും ഇത് സഹായിക്കും. നടുവേദനയുള്ളവര്‍ക്ക് അനങ്ങാന്‍ ഭയമായിരിക്കും. ശരീരത്തിന്റെ ഏതുചലനമാണ് നടുവേദനയെ അധികരിപ്പിക്കുക എന്നറിയാത്തതിനാല്‍ പലരും അനങ്ങാന്‍ പോലും മടിക്കും. ഈ ഭയം അവരെ മാനസികമായും ബാധിക്കും. ശാരീരികചലനങ്ങളെ ഇത് അറിയാതെ നിയന്ത്രിക്കും.
നടുവേദനയ്ക്ക് സൈക്കോളജിക്കല്‍ ചികിത്സയെന്ന് പറഞ്ഞാല്‍ അതിശയപ്പെടേണ്ട. യുഎസില്‍ പുതിയൊരു ചികിത്സാരീതി അവലംബിച്ചുകൊണ്ടിരിക്കുകയാണ്. ഫിസിയോതെറാപ്പിസ്റ്റുകളുടെയും സൈക്കോളജിസ്റ്റുകളുടെയും സഹായത്തോടെ നടുവേദന ലഘൂകരിക്കുന്നതിന് വേണ്ടിയുള്ള തെറാപ്പി സെഷനുകള്‍ ആരംഭിക്കാനുള്ള ശ്രമത്തിലാണ് ഇവര്‍. നടത്തം നടുവിന് വലിയ ഗുണമാണ് നല്‍കുക. ലളിതമായ നടത്തം നട്ടെല്ലിന് വളരെയധികം ഗുണപ്രദമാണ്. ചെറിയ നടത്തങ്ങളിലൂടെ തുടരുകയും പിന്നീട് പതിയെ പതിയെ ദൂരം കൂട്ടുകയും ചെയ്യണം.
നിങ്ങളുടെ അംഗവിന്യാസങ്ങള്‍ ശരിയായ രീതിയിലാണെന്ന് ഉറപ്പുവരുത്തണം. ദീര്‍ഘനേരം ഒരു പൊസിഷനില്‍ തുടരുന്നത് നിങ്ങള്‍ക്ക് ഗുണം ചെയ്യില്ല. ദീര്‍ഘനേരം ഇരുന്ന് ജോലി ചെയ്യുന്നവര്‍ ഓരോ 20 മിനിട്ടിലും എഴുന്നേല്ക്കുകയും നടക്കുകയും വേണം. കോര്‍ സ്ട്രെങ്ത്തിനും മസില് കരുത്തിനും നീന്തല്‍ വളരെയധികം ഗുണം ചെയ്യും. നീന്തല്‍ ഒരു മികച്ച വ്യായാമമാണ്. നട്ടെല്ലിന് അമിതമായി ക്ഷതമേല്‍ക്കാതെ ദൃഢത കൈവരിക്കാന്‍ ഇത് സഹായിക്കും. നിക്കോട്ടിന് ഡിസ്കുകളിലേക്കുള്ള രക്തയോട്ടം കുറയ്ക്കും. ഇത് നടുവേദനയ്ക്ക് കാരണമാകും അതുകൊണ്ട് പുകവലി കുറയ്ക്കാം.
content highlight: Smoking