രാവിലെയും വൈകിട്ടും കാപ്പിയും ചായയും കുടിക്കുന്നത് പലരുടെയും ശീലമാണ്. രാവിലെ ഉറക്കമുണർന്നതിനുശേഷം കാപ്പി കുടിക്കുന്നത് ചില പോഷകങ്ങൾ ആഗിരണം ചെയ്യാനുള്ള ശരീരത്തിൻ്റെ കഴിവിനെ ബാധിക്കും. ഇത് ചില ഭക്ഷണങ്ങളുടെ ഫലങ്ങൾ കുറയ്ക്കുകയോ വർധിപ്പിക്കുകയോ ചെയ്യും. ചിലർ കാപ്പിക്കൊപ്പം ചില ഭക്ഷണങ്ങളും കഴിക്കാറുണ്ട്. എന്നാൽ ഈ ഭക്ഷണങ്ങൾ ചില പാർശ്വഫലങ്ങൾ ഉണ്ടാക്കും. ഏതൊക്കെ ഭക്ഷണങ്ങൾ ആണ് അത്തരത്തിൽ പാർശ്വഫലങ്ങൾ ഉണ്ടാക്കുന്നത് എന്ന് നോക്കാം.
അനാരോഗ്യകരമായ ജങ്ക് ഫുഡുകളും വറുത്ത ഭക്ഷണങ്ങളും കാപ്പിയോടൊപ്പം കഴിക്കുന്നത് ഡിസ്ലിപ്പിഡെമിയയ്ക്കു കാരണമാകും. രക്തത്തില് കൂടിയ അളവിൽ കൊഴുപ്പ് അടിയുന്ന അവസ്ഥയാണിത്. കാപ്പി കൂടിയ അളവിൽ കുടിക്കുന്നത് ആരോഗ്യത്തിന് നന്നല്ല. കാപ്പിയോടൊപ്പം ഫ്രൈഡ് ചിക്കൻ, പനീർ ഇവ കഴിക്കുന്നത് കൊളസ്ട്രോളിന്റെ അളവ് കൂട്ടും. ഹൃദയസംബന്ധമായ രോഗങ്ങൾ വരാനുള്ള സാധ്യത കൂട്ടും.
അമ്ലഗുണമുള്ള കാപ്പിയോടൊപ്പം നാരക ഫലങ്ങളായ ഓറഞ്ചോ ഗ്രേപ്പ് ഫ്രൂട്ടോ ഒക്കെ കഴിക്കുമ്പോൾ ദഹനപ്രശ്നങ്ങൾ ഉണ്ടാകാം. നാരക ഫലങ്ങളും കാപ്പിയെപ്പോലെ അമ്ല ഗുണമുള്ളതായതിനാൽ അത് ഗുരുതരമായ ഗ്യാസ്ട്രോ ഈസോഫാഗൽ റിഫ്ലക്സ് ഡിസീസ് അഥവാ GERD യ്ക്ക് കാരണമാകും. ഓക്കാനം, വയറു കമ്പിക്കൽ, നെഞ്ചെരിച്ചിൽ എന്നിവ ഇതുമൂലം ഉണ്ടാകും. ആദ്യം പഴങ്ങൾ കഴിക്കാൻ ശ്രദ്ധിക്കുക. അതിനുശേഷം കുറെ സമയം കഴിഞ്ഞു മാത്രം കാപ്പി കുടിക്കുക.
കാപ്പി ഉന്മേഷം നൽകും. പാൽ ചേർത്ത കാപ്പി ആണ് നാം കുടിക്കുന്നതും. പാലിൽ കാൽസ്യം ധാരാളം ഉണ്ട്. ഇത് എല്ലുകളുടെ ആരോഗ്യത്തിനും പേശികളുടെ പ്രവർത്തനത്തിനും ഹോർമോൺ ഉൽപാദനം, രക്തം കട്ടപിടിക്കൽ എന്നിവയ്ക്കും സഹായകമാണ്. എന്നാൽ പാലിൽ കാപ്പി ചേർക്കുമ്പോൾ അത് പോഷകങ്ങളുടെ ആഗിരണം 20 ശതമാനം കുറയ്ക്കുന്നു. ശരീരം ആഗിരണം ചെയ്യപ്പെടാത്ത കാൽസ്യം, മൂത്രത്തിലൂടെ പുറന്തള്ളപ്പെടുന്നു. ഇത് വൃക്കയിൽ കല്ലിനും എല്ലു സംബന്ധമായ മറ്റ് രോഗങ്ങൾക്കും കാരണമാകും.
ഇരുമ്പിന്റെ ഉറവിടമായ റെഡ്മീറ്റിനൊപ്പം കാപ്പി കുടിക്കാൻ പാടില്ല. ഇത് പോഷകങ്ങളുടെ ആഗിരണത്തെ ബാധിക്കും. ദിവസം മൂന്നോ അതിലധികമോ കപ്പ് കാപ്പി കുടിക്കുന്നത് ഇരുമ്പിന്റെ അളവിനെ കുറയ്ക്കും.