രാജ്യത്തെ തിരഞ്ഞെടുപ്പുകളില്‍ ഇവിഎം മെഷീന് ഉപയോഗിക്കുന്നതിനെതിരെ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ. വികസിത രാജ്യങ്ങള്‍ പോലും തെരഞ്ഞെടുപ്പിന് ബാലറ്റ് പേപ്പറാണ് ഉപയോഗിക്കുന്നത്. എന്നാല്‍ ഇവിടെ മാത്രം ഇവിഎം ഉപയോഗിക്കുന്നു. അട്ടിമറിയുണ്ടെന്ന് തെളിയിക്കാനാണ് വെല്ലുവിളിക്കുന്നത്. ഇവയൊന്നും തിരിച്ചറിയാന്‍ കഴിയാത്ത സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് മെഷീനുകള്‍ നിര്‍മ്മിക്കുന്നത്. പിന്നെ എങ്ങനെ തെളിയിക്കാനാകുമെന്നും അദ്ദേഹം ചോദിച്ചു.
മഹാരാഷ്ട്രയില്‍ അട്ടിമറി ഉണ്ടായിട്ടുണ്ടെന്നും അതിനാല്‍ ബാലറ്റ് പേപ്പര്‍ സംവിധാനം തിരികെ കൊണ്ടുവരണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഡിസിസികള്‍ക്ക് കൂടുതല്‍ അധികാരം നല്‍കും. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ഡിസിസി അദ്ധ്യക്ഷന്മാരെ പങ്കെടുപ്പിക്കുമെന്ന് പറഞ്ഞ ഖര്‍ഗെ പാര്‍ട്ടിക്ക് വേണ്ടി പണിയെടുക്കാത്തവര്‍ വിരമിക്കണമെന്ന് ആവശ്യപ്പെട്ടു.
രാജ്യത്ത് തൊഴിലില്ലായ്മ രൂക്ഷമാണെന്നും അദ്ദേഹം പറഞ്ഞു. യുവാക്കള്‍ മറ്റ് രാജ്യങ്ങളിലേക്ക് പോകുന്നു. അങ്ങനെയുള്ളവരെയാണ് വിലങ്ങ് അണിയിച്ച് തിരിച്ചയച്ചത്. പ്രധാനമന്ത്രി ഇതിനേക്കുറിച്ച് ഒരക്ഷരം മിണ്ടിയില്ല. ഈ രാജ്യത്തെ തന്നെ ഒരു ദിവസം മോദി വില്‍ക്കുമെന്നും മല്ലികാര്‍ജുന്‍ ഖര്‍ഗെ പരിഹസിച്ചു. ദലിതരും ഹിന്ദുക്കള്‍ തന്നെയാണെന്നും അവിടെ വിവേചനത്തിന്റ ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. അതിനാല്‍ ക്ഷേത്ര ദര്‍ശനം നടത്തിയതിന് ശുദ്ധീകരണത്തിന്റെ ആവശ്യമില്ലെന്നും മോദിയുടെ വാക്കും പ്രവര്‍ത്തിയും രണ്ടും രണ്ടാണെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ ഗവര്‍ണര്‍മാരെ ആയുധമാക്കുകയാണ് ചെയ്യുന്നത്. അത്കൊണ്ട് നിയമസഭ പാസാക്കുന്ന ബില്ലുകള്‍ക് മുകളില്‍ ഗവര്‍ണര്‍മാര്‍ അടയിരിക്കുകയാണെന്നും മല്ലികാര്‍ജുന്‍ ഖര്‍ഗെ കുറ്റപ്പെടുത്തി.