ഡൽഹിയിൽ കടുത്ത പൊടിക്കാറ്റും മഴയും. ഡൽഹിയിലെ മധു വിഹാർ പിഎസ് പ്രദേശത്ത് നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ മതിൽ പൊടിക്കാറ്റിൽ ഇടിഞ്ഞുവീണ് ഒരാൾ മരിക്കുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഇന്നലെ മുതൽ ആരംഭിച്ച പൊടിക്കാറ്റിൽ പ്രദേശത്തെ വിമാന സർവീസുകൾ തടസ്സപ്പെട്ടു. കുറഞ്ഞത് 205 വിമാനസർവീസുകൾ വൈകുകയും 50 തോളം വിമാനങ്ങൾ വഴിതിരിച്ച് വിടുകയും ചെയ്തു.
ഉത്തർപ്രദേശിലെ നോയിഡ, ഗാസിയാബാദ്, ഹരിയാനയിലെ ഗുരുഗ്രാം എന്നിവിടങ്ങളിലും പൊടിക്കാറ്റ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ചില പ്രദേശങ്ങളിൽ വൈദ്യുതി തടസപ്പെട്ടു. തുറസായ സ്ഥലങ്ങളിൽ താമസിക്കുന്നത് ഒഴിവാക്കണമെന്നും ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു. ഡൽഹിയിൽ ഇന്നും ഇടിമിന്നലോടുകൂടിയ മഴയും ശക്തമായ കാറ്റും തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. പരമാവധി താപനില 37 ഡിഗ്രി സെൽഷ്യസായി ഉയരുമെന്നും മുന്നറിയിപ്പുണ്ട്. ഡൽഹിയിൽ ചൂട് ഉയർന്ന നിലയിൽ തുടരുകയാണ്.