മതേരതര ഇന്ത്യ, മതേതര ജനത, മതേതര കാഴ്ചപ്പാട് എന്നൊക്കെയുള്ള ക്ലീഷേ വര്‍ത്തമാനങ്ങള്‍ക്കപ്പുറം ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ വ്യക്തമായ മതാധിഷ്ഠിത വേര്‍തിരിവുകള്‍ കാട്ടിത്തുടങ്ങിയിട്ട് നാളേറെയായി. വെള്ളം നിറച്ച ബലൂണിനു സമമായി പുറമേ മതേതര ചട്ടക്കൂടും അകമേ മതാന്ധതയും നിറഞ്ഞ് എപ്പോള്‍ വേണമെങ്കിലും പൊട്ടിയൊലിക്കാന്‍ പാകത്തിനായിരിക്കുന്നു. ഭീതിതമായ കാലത്തിലേക്കുള്ള യാത്രയിലാണ് ഇന്ത്യന്‍ ജനത. കേരളത്തിന്റെ സാമൂഹിക ചുറ്റുപാടും വ്യത്യസ്തമല്ല. മതം, മനുഷ്യനെ മയക്കുന്ന കറുപ്പ് എന്നു പ്രഖ്യാപിച്ച മാര്‍ക്സിന്റെ പിന്തലമുറക്കാര് ഭരിക്കുന്ന ഇന്ത്യയിലെ ഏക സംസ്ഥാനം കൂടിയാണ് കേരളമെന്നത് മറന്നുകൂടാ.
ഇവിടെയും മതവും മതവികാരവും മതാന്ധതയും ബാധിച്ചവര്‍ കൂടിക്കൂടി വരികയാണ്. എല്ലാ മേഖലയിലും മതങ്ങള്‍ വ്യക്തമായ ആധിപത്യം സ്ഥാപിച്ചു കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ടു തന്നെ ശരി ചെയ്യുന്നതെല്ലാം നമ്മളാണെന്നും, തെറ്റു ചെയ്യുന്നതെല്ലാം മറ്റു മതങ്ങളാണെന്നുമുള്ള കുറ്റപ്പെടുത്തലുകളും പഴി ചാരലുകളും വര്‍ദ്ധിച്ചിട്ടുണ്ട്. കൂടാതെ മതത്തിലേക്ക് ആളെക്കൂട്ടല്‍ ക്യാമ്പെയിനും ശക്തമായി നടക്കുന്നുണ്ട്. ഇതില്‍ പ്രധാനമായും തമ്മില്‍ പഴി ചാരുന്നത്, ക്രിസ്ത്യന്‍ മുസ്ലീം മതങ്ങളാണ്. മതം മാറ്റല്‍ ഒരു ഔദ്യോഗിക പ്രവൃത്തിയായി ഏറ്റെടുത്തിരിക്കുന്നത് ഏത് വിഭാഗക്കാരാണെന്ന് ലോകത്തിനു തന്നെ വ്യക്തതയുള്ള കാര്യമാണ്.
ക്രിസ്ത്യാനിറ്റി ലോകത്തിന്റെ അറ്റം വരെയും പ്രചരിപ്പിക്കുക എന്ന ദൗത്യമാണ് ക്രിസ്തീയ മതത്തിന്റേത്. അതിന് ലോകത്തിന്റെ അറ്റത്തു വരെ പോയി നിന്ന് മതം പ്രചരിപ്പിക്കണമെന്നാണ് പഠിപ്പിക്കുന്നതു പോലും. ഇത് വലിയ തോതില്‍ മറച്ചു വെക്കപ്പെടുന്നുണ്ട്. പകരം, ഇസ്ലാം മതത്തിലേക്ക് ആളുകളെ എത്തിക്കുന്നതിനുള്ള പ്രവര്‍ത്തനമാണ് കേരളത്തില്‍ വ്യാപകമായി നടക്കുന്നതെന്ന പ്രചാരണമാണ് നടക്കുന്നത്. കേരളത്തില്‍ അടുത്ത കാലത്തായി ഉയര്‍ന്നുവന്ന മതപരിവര്‍ത്തന വിവാദങ്ങള്‍ ഇസ്ലാം മത വിഭാഗത്തെ പ്രതിസ്ഥാനത്തു നിര്‍ത്തിയുള്ളതാണ്. ലൗ ജിഹാദ് എന്ന പേരിലും, നാര്‍ക്കോട്ടിക് ജിഹാദ് എന്നപേരിലുമൊക്കെ മതപരിവര്‍ത്തനം നടത്തുന്നുവെന്നതാണ് വിവാദത്തിനാസ്പദമായ വിഷയം.
എന്നാല്‍, കേരളത്തില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നടക്കുന്നില്ല എന്നതാണ് സര്‍ക്കാരിന്റെ നിലപാട്. ഔദ്യോഗികമായി നിര്‍ബന്ധിത മതപരിവര്‍ത്തനം നടക്കുന്നില്ല എന്നിരിക്കെ, അനൗദ്യോഗിക മതപരിവര്‍ത്തനത്തിന് വിധേയമാകുന്നവര്‍ കൂടുന്നുണ്ട് എന്നത് കാണാതിരിക്കാനാവില്ല. നിര്ബന്ധിക്കുന്നതിനു പകരം പ്രലോഭിപ്പിക്കുന്നു എന്നു മാത്രം. പണംകൊണ്ടും, പദവികള്‍ കൊണ്ടും, പ്രണയം കൊണ്ടും, സംരക്ഷണം നല്‍കിയുമൊക്കെയുള്ള പ്രലോഭനങ്ങളാണ്, നിര്‍ബന്ധിപ്പിക്കാതെ മതപരിവര്‍ത്തനത്തിന് ഉപയോഗിക്കുന്നത്. ഇത് എല്ലാ മതങ്ങളും അവര്‍ക്കാവും വിധം നടത്തുന്നുമുണ്ട്. എന്നാല്‍, പ്രത്യക്ഷത്തില്‍ അങ്ങനെയൊന്ന് ചെയ്യുന്നേയില്ല എന്ന കല്ലുവെച്ച നുണയും പറയും.
ഇതാണ് ഇപ്പോഴത്തെ മതവും, മത നേതാക്കളും ചെയ്യുന്ന കാര്യങ്ങള്‍. ഒന്ന് മറ്റൊന്നിനെ പഴിചാരി രക്ഷപ്പെടുമ്പോള്‍ മറ്റെവിടെയെങ്കിലും ആപത്ത് പിണയുമെന്നതാണ് വസ്തുത. ക്രിസ്ത്യാനികളെ രക്ഷിക്കാന്‍ ബി.ജെ.പി സംഘ പരിവാര്‍ ഇറങ്ങുന്നതു പോലും ഹിന്ദുത്വ രാഷ്ട്രീയവും ഹിന്ദു മത സംരക്ഷണവും ലക്ഷ്യം വെച്ചാണ്. സീറോ മലബാര്‍ സഭയ്ക്ക് ഇപ്പോഴുണ്ടായിരിക്കുന്ന ആശങ്ക പരിഹരിക്കാനാണ് ബി.ജെ.പി തയ്യാറായിരിക്കുന്നത്. മതപരിവര്‍ത്തനത്തിന്റെ മൊത്തക്കച്ചവടക്കാരായ ക്രിസ്തീയ സഭകളുടെയെല്ലാം സംരക്ഷകരാകുന്ന ബി.ജെ.പി വടക്കേയിന്ത്യയില്‍ നടന്നിട്ടുള്ള കലാപങ്ങളെ കുറിച്ച് മറന്നു പോകരുത്. എമ്പുരാന് സിനിമയ്ക്കു നേരെയുണ്ടായ ആക്രമണം മാത്രം മതിയാകും അത് തിരിച്ചറിയാന്‍.
എന്നാല്‍, കേരളത്തിലെ പ്രണയം മതത്തില്‍ ചുറ്റി കേരളത്തെ ശ്വാസം മുട്ടിക്കാന്‍ തുടങ്ങിയത് എന്നു മുതലാണ്. പ്രണയം ഒരു ആയുധമായി മാറിയതോടെയാണ് ലൗ മാര്യേജിനെ ലൗ ജിഹാദ് എന്ന പേരിട്ടു വിളിക്കാന്‍ തുടങ്ങിയത്. അതേ സമയം, ക്രിസ്ത്യാനികള്‍ നടത്തുന്ന മതം മാറ്റത്തെയും, വിരുദ്ധ മത വിവാഹങ്ങളെയും ഒരു പേരുമിച്ചു വിളിക്കുന്നുമില്ല. ഇതാണ് ഇരട്ടത്താപ്പ്. ക്രിസ്ത്യന്‍ മതത്തിലെ ഒരു സ്ത്രീക്ക് അവരുടെ സഭാ കാര്യാലയത്തിലോ, മഠങ്ങളിലോ സംഭവിക്കുന്ന പ്രശ്നങ്ങളെ അഡ്രസ്സ് ചെയ്യാന്‍ തയ്യാറാകാത്തതും കാണാതെ പോകാനാവില്ല.
അവരുടെ കുട്ടികള്‍ മറ്റു മതങ്ങളില്‍ നിന്നും പ്രണയിച്ച് കല്യാണം കഴിച്ചാല്‍ അതിനെ വിളിക്കാന്‍ പ്രത്യേക പേരുകളുമില്ല. കഴിഞ്ഞ മുപ്പതു വര്‍ഷത്തിനിടയില്‍ 35ഓളം കന്യാസ്ത്രീകള്‍ ദുരൂഹ സാഹചര്യങ്ങളില്‍ സഭയുടെ മഠങ്ങളില്‍ അവിടുത്തെ കിണറ്റില്‍, അവയുടെ എസ്റ്റേറ്റ് പുരയിടങ്ങളില്‍ മരണപ്പെട്ടിട്ടുണ്ട്. ഈ സഭകളുടെ ഒരു സിനഡെങ്കിലും കൂടിയിട്ട്, ഈ പെണ്‍കുട്ടികളെ കാണാതെ പോയി എന്ന് പറയാനുള്ള തന്റേടമോ, ആര്‍ജ്ജവമോ കാണിച്ചിട്ടുണ്ടോ ഒരിക്കലെങ്കിലും. അപ്പോള്‍, പെണ്‍കുട്ടികള്‍ സുരക്ഷിതരല്ല എന്നതല്ല ഇവിടുത്തെ പ്രശ്നം.
ഒരു സമുദായത്തെ സംശയ മുനയില്‍ നിര്‍ത്തിക്കൊണ്ട് സ്ഥാപിത താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുക എന്നതു മാത്രമാണ് ലക്ഷ്യമെന്ന് മനസ്സിലാക്കേണ്ടി വരും. ഇന്ത്യയില്‍ കത്തോലിക്കാ സഭയാണ് ഏറ്റവും കൂടുതല്‍ മതപരിവര്‍ത്തനം നടത്തിയിരിക്കുന്നത്. അവരുടെ ആപ്ത വാക്യം തന്നെ ‘നിങ്ങള്‍ ഭൂമിയുടെ അറ്റത്തോളം പോയി എന്റെ സുവിശേഷം പ്രചരിപ്പിക്കുക’ എന്നാണ്. ഇതിന്റെ അര്‍ത്ഥം, കിട്ടാവുന്നവരെയെല്ലാം ക്രിസ്ത്യാനിയാക്കുക എന്നു തന്നെയാണ്. മതപരിവര്‍ത്തനം വലിയ തോതില്‍ അജണ്ടകള്‍ വെച്ചു നടത്തുന്ന ഒരു മതമാണ് മറ്റൊരു മതത്തെ ആക്ഷേപിക്കുയും, അരോപണം ഉന്നയിക്കുകയും ചെയ്യുന്നത്.
കേരളത്തിലെ മുസ്ലീം സമുദായത്തില്‍ നിന്നും ക്രിസ്ത്യന്‍ സമുദായത്തിലുള്ളവര്‍ മതം മാറ്റി കല്യാണം കഴിച്ചിട്ടില്ലേ. അതെന്താ ലൗ ജിഹാദല്ലേ. ഇന്ത്യയിലെ ബി.ജെ.പി നേതാവായ ഹേമ മാലിനി, ധര്‍മ്മേന്ദ്രയെ കല്യാണം കഴിക്കാന്‍ വേണ്ടി ഇരുവരും ഇസ്ലാംമതം സ്വീകരിച്ചു. ഇസ്ലാംമത പ്രകാരം നാല് കല്യാണം വരെ കഴിക്കാമെന്ന ആനുകൂല്യം പറ്റിക്കൊണ്ടാണ് ആ കല്യാണം നടന്നത്. അതെന്താണ് ഇതുവരെ ബി.ജെ.പി ലൗ ജിഹാദായി പറയാത്തത്. എത്രയോ ബി.ജെ.പി നേതാക്കളും നേതാക്കളുടെ മക്കളും മുസ്ലീങ്ങളെ കല്യാണം കഴിച്ചിരിക്കുന്നു. സുബ്രഹ്മണ്യ സ്വാമിയുടെ മകള്‍ മുസ്ലീമിനെയാണ് കല്യാണം കഴിച്ചിരിക്കുന്നത്. ഷാനവാസ് ഹുസൈന് കല്യാണം കഴിച്ചത് ഹിന്ദുവിനെയാണ്.
മുക്താര്‍ അബ്ബാസ് കല്യാണം കഴിച്ചിരിക്കുന്നത് ഹിന്ദുവിനെയാണ്. ഇതിനെയൊന്നും ലൗ ജിഹാദായി ചിത്രീകരിക്കുന്നില്ല. എന്നാല്‍, കേരളത്തില്‍ മാത്രം ക്രിസ്ത്യാനികളോട് പ്രത്യേക മമത കാട്ടി ലൗ ജിഹാദിന്റെ മറവില്‍ മതപരിവര്‍ത്തനം നടത്തുന്നുവെന്ന് പറയുന്നു. സീറോ മലബാര്‍ സഭയുടെ ആശങ്കയെ രാഷ്ട്രീയ വത്ക്കരിച്ചല്ലേ ഇത് പറയുന്നത്. ഇന്ന് ഏറ്റവും കൂടുതല്‍ മത പരിവര്‍ത്തനം നടത്തുന്നത് ക്രിത്യാസനികളാണ്. കാരണം പരസ്യമായി ഓരോ മതിലിലും എഴുതി വെച്ചിരിക്കുന്നത് കാണാം. ‘നീ യേശു ക്രിസ്തുവില്‍ വിശ്വസിക്കൂ നീയും നിന്റെ കുടുംബവും രക്ഷപ്പെടും എന്ന്’.
എതങ്കിലും അമ്പലത്തിലോ മുസ്ലിം പള്ളിയിലോ ഇങ്ങനെ എഴുതി വെച്ചത് കാണിച്ചു തരാന്‍ പറ്റുമോ ?. മതപരിവര്‍ത്തനം മുസ്ലിം ചെയ്യുമ്പോള്‍ മാത്രം ലൗ ജിഹാദ്…?? അല്ലാത്തവര്‍ ചെയ്യുമ്പോള്‍ ലൗ മാര്യേജ്. ഇതാണ് രണ്ടു പാത്രത്തിലെ വിളമ്പല്‍. കേരളത്തില്‍ ലവ് ജിഹാദിലൂടെയും നാര്‍ക്കോട്ടിക്ക് ജിഹാദിലൂടെയും ആസൂത്രിതമായ മതം മാറ്റം നടക്കുകയാണെന്ന് ക്രൈസ്തവ സഭ ആരോപിക്കാന്‍ തുടങ്ങിയിട്ട് കാലം കറേയായി. 2021 ജനുവരി മാസം മുതല്‍ ജുലൈ വരെയള്ള വിവരങ്ങള്‍ ക്രോഡീകരിച്ച് ഒരു ചാനല്‍ മതംമാറ്റ കണക്കുകള്‍ പുറത്തു വിട്ടിരുന്നു. അതില്‍ പറയുന്നത്,
- കേരളത്തില്‍ ആകെ 449 പേരാണ് 2021 ജനുവരി-ജുലൈ മാസത്തില്‍ മതം മാറിയിരിക്കുന്നത്. ഹിന്ദു മതത്തിലേക്കാണ് ഏറ്റവും അധികം പേര് മതം മാറിയത്. 181 ആളുകളാണ് ഹിന്ദു മതത്തിന്റെ ഭാഗമായത്. ക്രിസ്തു മതത്തില്‍ നിന്നും ഇസ്ലാമില്‍ നിന്നുമാണ് ഇത്രയധികം പേര് ഹിന്ദു മതത്തിലേക്ക് ചേര്‍ന്നത്. ക്രിസ്തു മതത്തില്‍ നിന്നും ഹിന്ദുമതത്തിന്റെ ഭാഗമായവരില്‍ ഭൂരിഭാഗവും ദളിതരാണ്. 166 പേരാണ് ക്രിസ്തു മതം ഉപേക്ഷിച്ച് ഹിന്ദു മതത്തില്‍ ചേര്‍ന്നത്. 15 പേര് ഇസ്ലാം മതം ഉപേക്ഷിച്ച് ഹിന്ദു മതത്തില്‍ ചേര്‍ന്നു. ആകെ 211 പേര് ക്രിസ്തു മതം ഉപേക്ഷിച്ച് മറ്റ് മതങ്ങളില്‍ ചേര്‍ന്നിട്ടുണ്ട്. ഈ കാലയളവില്‍ 108 പേരാണ് ക്രിസ്തു മതത്തിന്റെ ഭാഗമായത്. ഇസ്ലാം മത വിശ്വാസം ഉപേക്ഷിച്ച് 18 പേര് പോയപ്പോള്‍ 160 പേര് ഇസ്ലാം മതത്തില്‍ ചേര്‍ന്നു. 220 പേര് ഹിന്ദു മതം ഉപേക്ഷിച്ചപ്പോള്‍ 181 പേര് ഹിന്ദു മതത്തിന്റ ഭാഗമായി. ക്രിസ്തു മതത്തില്‍ നിന്നും 166 പേരാണ് ഹിന്ദു മതത്തിന്റെ ഭാഗമായത്. ഇസ്ലാമില്‍ നിന്നും 15 പേരും ചേര്‍ന്നു. ഹിന്ദു മതത്തില്‍ നിന്നും ഇസ്ലാമിലേക്ക് 115 പേരും ക്രിസ്തുമതത്തില്‍ നിന്ന് 45 പേരും ചേര്‍ന്നു. ഹിന്ദു മതത്തില്‍ നിന്നും 105 പേര് ക്രിസ്ത്യാനികളായപ്പോള്‍ മൂന്ന് പേര് മാത്രമാണ് ഇസ്ലാമില്‍ നിന്നും ക്രിസ്ത്യാനികളായത്. സര്‍ക്കാരിന്റെ ഗസറ്റ് രേഖകള്‍ ഉദ്ധരിച്ചാണ് ഇത് റിപ്പോര്‍ട്ട് ചെയ്തത്.
വസ്തുതകളെ കാണാതെ വിവാദങ്ങള്‍ മാത്രം ചര്‍ച്ച ചെയ്യുകയും, സ്വന്തം മതത്തിന്റെ വലിപ്പം മാത്രം കാണുകയും ചെയ്യുന്നതാണ് പ്രശ്നങ്ങള്‍ക്കെല്ലാം കാരണം. മറ്റു മതങ്ങള്‍ക്കും ചിന്താശേഷിയും മത വിപുലീകരണ സംവിധാനങ്ങളുമുണ്ടെന്ന കാഴ്ചപ്പാടും വിവേക ശേഷിയും ഓരോ മതങ്ങള്ക്കുമുണ്ടാകണം. സ്വന്തം മതം മാത്രം മതിയെന്നും, അതിലേക്ക് ആളെക്കൂട്ടാന്‍ എന്തു നെറികേടും കാട്ടാമെന്നും പഠിച്ചു വശായിരിക്കുന്നവര്‍ മാറി ചിന്തിക്കേണ്ട കാലമാണ്. മതങ്ങളില്‍ എ.ഐ മനുഷ്യരെ ചേര്‍ക്കാന്‍ പാകത്തിന് ലോകത്തെ സാങ്കേതിക വിദ്യയും, ശാസ്ത്രവും വളര്‍ന്നിരിക്കുന്നു.
CONTENT HIGH LIGHTS;Are Christians the wholesalers of religious conversion?: If it is done by a Muslim, it is love jihad, if it is done by a Christian, it is love marriage; who brands love?