ടെലികോം ഭീമൻമാർക്കെല്ലാം വെല്ലുവിളിയായി മത്സരരംഗത്ത് എത്തിയിരിക്കുകയാണ് ബിഎസ്എൻഎൽ.രാജ്യത്തെ സ്വകാര്യ ടെലികോം ഓപ്പറേറ്റർമാർ അടുത്തിടെ റീച്ചാര്ജ് പ്ലാനുകളുടെ വില വർധിപ്പിച്ചിരുന്നു. ഇത് നേട്ടമാക്കുകയാണ് സർക്കാർ ഉടമസ്ഥതയിലുള്ള ടെലികോം ഓപ്പറേറ്ററായ ബിഎസ്എൻഎൽ (ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ്) . പലരും ബിഎസ്എൻഎലിലേക്ക് ചേക്കേറിത്തുടങ്ങി. താങ്ങാനാവുന്ന നിരക്കുകളിൽ റീചാർജ് പ്ലാനുകൾ നൽകുന്നതാണ് ഉപഭോക്താക്കൾ ബിഎസ്എൻഎലിനെ തിരഞ്ഞെടുക്കാൻ കാരണം. ഇപ്പോഴിതാ വളരെ താങ്ങാനാവുന്ന വിലയുള്ള ദീർഘകാല പ്ലാനുകൾ അവതരിപ്പിച്ചുകൊണ്ട് ബിഎസ്എൻഎൽ വീണ്ടും ഞെട്ടിച്ചിരിക്കുകയാണ്. 397 രൂപയ്ക്ക് 150 ദിവസത്തെ വാലിഡിറ്റി പ്ലാനാണ് ബിഎസ്എൻഎൽ പ്രഖ്യാപിച്ചിരിക്കുന്നത്.
പ്രതിമാസ റീചാർജുകൾ ഇല്ലാതെ തന്നെ തങ്ങളുടെ നമ്പറുകൾ സജീവമായി നിലനിർത്താൻ ആഗ്രഹിക്കുന്ന ഉപയോക്താക്കൾക്ക് അനുയോജ്യമായ ദീർഘകാല വാലിഡിറ്റി, ബജറ്റ് സൗഹൃദ പായ്ക്കുകൾ അവതരിപ്പിച്ചുകൊണ്ടാണ് ബിഎസ്എൻഎല്ലിന്റെ മുന്നേറ്റം. ഏറ്റവും പുതിയ 397 രൂപ പ്ലാൻ ദീർഘകാല വാലിഡിറ്റി മാത്രമല്ല, സൗജന്യ കോളിംഗ്, ദിവസേനയുള്ള ഡാറ്റ, എസ്എംഎസ് ആനുകൂല്യങ്ങൾ എന്നിവയും വാഗ്ദാനം ചെയ്യുന്നു.
കുറഞ്ഞ ചെലവിൽ ദീർഘ വാലിഡിറ്റിയുള്ള പ്ലാൻ ആഗ്രഹിക്കുന്നവർക്ക് 397 റീചാർജ് പ്ലാൻ ഒരു നല്ല ഓപ്ഷനായിരിക്കും. ഈ പ്ലാനിൽ നിങ്ങൾക്ക് 150 ദിവസത്തെ വാലിഡിറ്റി ലഭിക്കും, ഇതുമൂലം ഏകദേശം അഞ്ച് മാസത്തേക്ക് റീചാർജ് ചെയ്യേണ്ട ബുദ്ധിമുട്ടിൽ നിന്ന് നിങ്ങൾക്ക് മോചനം നേടാം. ഈ പ്ലാനിൽ, ഉപയോക്താക്കൾക്ക് ആദ്യത്തെ 30 ദിവസത്തേക്ക് അൺലിമിറ്റഡ് കോളിംഗ് സൗകര്യം ലഭിക്കും. കോളിംഗിനോടൊപ്പം, ആദ്യത്തെ 30 ദിവസത്തേക്ക് എല്ലാ ദിവസവും 100 എസ്എംഎസുകൾ അയയ്ക്കാനുള്ള സൗകര്യവും ഉപയോക്താക്കൾക്ക് ലഭിക്കും.
ഡാറ്റയുടെ കാര്യത്തിൽ, ഉപയോക്താക്കൾക്ക് ആദ്യത്തെ 30 ദിവസത്തേക്ക് പരിധിയില്ലാത്ത ഡാറ്റ ലഭിക്കും. എങ്കിലും, പ്രതിദിനം 2 ജിബി ഡാറ്റ ഉപയോഗിച്ചതിന് ശേഷം, വേഗത 40 കെബിപിഎസായി കുറയും. ശ്രദ്ധിക്കേണ്ട കാര്യം, എല്ലാ ആനുകൂല്യങ്ങളും ആദ്യത്തെ 30 ദിവസത്തേക്ക് മാത്രമേ ലഭ്യമാകൂ. എന്നാൽ സിം 150 ദിവസം ആക്ടീവായി തുടരും.