വഖഫ് നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട വിമർശനത്തിൽ പാക്കിസ്ഥാനെതിരെ ശക്തമായി ആഞ്ഞടിച്ച് ഇന്ത്യ. സ്വന്തം രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങളുടെ പ്രയാസങ്ങൾ പരിഹരിക്കാനാണ് പാകിസ്ഥാൻ ശ്രമിക്കേണ്ടതെന്നും അല്ലാതെ ഇന്ത്യയുടെ കാര്യത്തിൽ ഇടപെടേണ്ട എന്നുമാണ് ഇക്കാര്യത്തിലെ കേന്ദ്രസർക്കാറിന്റെ നിലപാട്. കേന്ദ്ര വിദേശകാര്യ മന്ത്രാലയ വക്താവ് രൺധിർ ജയ്സ്വാളാണ് പ്രതികരണവുമായി രംഗത്ത് വന്നത്. വഖഫ് ഭേദഗതി നിയമവുമായി ബന്ധപ്പെട്ട പാക്കിസ്ഥാൻ ഉന്നയിച്ച അടിസ്ഥാനം ഇല്ലാത്തതും ഗൂഢലക്ഷ്യം നിറഞ്ഞതുമായ പ്രതികരണം തള്ളുന്നതായി അദ്ദേഹം പറഞ്ഞു.
സ്വന്തം രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിൽ ആദ്യം പാക്കിസ്ഥാൻ ശ്രദ്ധ പതിപ്പിക്കണം. അല്ലാതെ മറ്റു രാജ്യങ്ങളുടെ കാര്യത്തിൽ ഇടപെടേണ്ട എന്നുമാണ് ഇന്ത്യയുടെ നിലപാട്. പാക്കിസ്ഥാൻ വിദേശകാര്യ വക്താവ് ഷഫ്ഖാത്ത് അലി ഖാൻ വഖഫ് വിഷയത്തിൽ നടത്തിയ വിമർശനത്തിനാണ് ഇന്ത്യയുടെ മറുപടി. ഇന്ത്യൻ മുസ്ലിംകളുടെ സാമ്പത്തികവും ആത്മീയവുമായ അവകാശങ്ങളിലേക്കുള്ള കടന്നുകയറ്റമാണ് നിയമ ഭേദഗതി എന്നായിരുന്നു പാകിസ്താന്റെ ഭാഗത്തുനിന്നുള്ള വിമർശനം.
നിയമ ഭേദഗതിക്കെതിരെ പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്നുള്ള വിമർശനങ്ങൾ ഇന്ത്യയിൽ സജീവമായി നിൽക്കുകയും, സുപ്രീം കോടതിയിൽ ഒന്നിനു പിറകെ ഒന്നായി കേസുകൾ എത്തുകയും ചെയ്ത സാഹചര്യത്തിലാണ് പാകിസ്താന്റെ ഭാഗത്തുനിന്ന് വിമർശനം ഉണ്ടാകുന്നത്. പശ്ചിമബംഗാളിലെ മുർഷിതാബാദിൽ നിയമ ഭേദഗതിക്കെതിരെ പൊട്ടിപ്പുറപ്പെട്ട പ്രതിഷേധം കലാപത്തിലേക്ക് മാറിയ സാഹചര്യവും ഉണ്ട്.
STORY HIGHLIGHTS : India Government slams Pak over Waqf remarks