കോണ്‍ഗ്രസ് എംപി പ്രിയങ്കാ ഗാന്ധിയുടെ ഭര്‍ത്താവും ബിസിനസ്സുകാരനുമായ റോബര്‍ട്ട് വാദ്ര വീണ്ടും എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിന് മുന്നില്‍ ഹാജരാകണം. ഭൂമി ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ ചോദ്യം ചെയ്യലിനായി റോബര്‍ട്ട് വാദ്ര ഇന്ന് ഡല്‍ഹിയില്‍ ഇ ഡിക്ക് മുന്നില്‍ ഹാജരായി. രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കുന്നതിലെ താല്പര്യം വാദ്ര പ്രഖ്യാപിച്ച് ഒരു ദിവസത്തിനിപ്പുറമാണ് ഇ ഡി നോട്ടീസ്. ഹരിയാന ഗുരുഗ്രാമിലെ ഷിക്കോപൂര്‍ ജില്ലയിലെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ടാണ് വാദ്രയെ ഇ ഡി ചോദ്യം ചെയ്യുന്നത്. 2018 ല്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ആദ്യമായാണ് വാദ്രയെ ചോദ്യം ചെയ്യുന്നതിനായി വിളിപ്പിക്കുന്നതെന്നാണ് സൂചന.
എഫ്ഐആറിന്റെ അടിസ്ഥാനത്തില്‍ ഇ ഡി സ്വമേധയാ കേസ് അന്വേഷണം ആരംഭിക്കുകയായിരുന്നു. അതേസമയം, തനിക്കെതിരായ ഇ ഡി നടപടി ബിജെപിയുടെ രാഷ്ട്രീയ പകപോക്കല്‍ ആണെന്ന് വാദ്ര പ്രതികരിച്ചു. തന്റെ രാഷ്ട്രീയ പ്രവേശനത്തെ തടയാനുള്ള നീക്കമാണ് ഇതെന്നും കഴമ്പില്ലാത്ത കേസിലാണ് ഇ ഡി അന്വേഷണമെന്നും വാദ്ര പ്രതികരിച്ചു. 2008 ഫെബ്രുവരിയില്‍ വാദ്രയുടെ സ്ഥാപനമായ സ്കൈലൈറ്റ് ഹോസ്പിറ്റാലിറ്റി പ്രൈവറ്റ് ലിമിറ്റഡ്, ഓങ്കാരേശ്വര്‍ പ്രോപ്പര്‍ട്ടീസില്‍ നിന്ന് 7.5 കോടി രൂപയ്ക്ക് ഷിക്കോപൂരിലെ 3.5 ഏക്കര്‍ സ്ഥലം വാങ്ങിയതുമായി ബന്ധപ്പെട്ട ഭൂമി ഇടപാടിലാണ് കേസ്. 25 മണിക്കൂറിനുള്ളില്‍ ഭൂമിയുടെ ഇടപാടുകള്‍ പൂര്‍ത്തിയാക്കിയെന്നാണ് ആരോപണം.
STORY HIGHLIGHTS : Robert Vadra links ED summon Said bjps political vanadate