കോട്ടയത്ത് അമ്മയും രണ്ട് പെൺമക്കളും പുഴയിൽ ചാടി ആത്മഹത്യ ചെയ്ത സംഭവത്തിൽ അസ്വഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്. ഏറ്റുമാനൂര്‍ പൊലീസാണ് കേസെടുത്ത് അന്വേഷണം അരംഭിച്ചത്. മരിച്ച ജിസ്മോളുടെ ഭര്‍ത്താവ് ജിമ്മിയോടും ചില ബന്ധുക്കളോടും പൊലീസ് വിവരങ്ങള്‍ തേടിയിട്ടുണ്ട്. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൂന്ന് മൃതദേഹത്തിന്റെയും ഇന്‍ക്വസ്റ്റ് നടപടികള്‍ ഇന്നലെ രാത്രിയില്‍ പൂര്‍ത്തിയാക്കി.
ഇന്ന് മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടം ചെയ്യും. ചില കുംടുബ പ്രശ്നങ്ങളാണ് ആത്മഹത്യക്ക് കാരണമെന്നാണ് പൊലീസിന് കിട്ടിയ പ്രാഥമിക വിവരം. പക്ഷെ ആത്മഹത്യയിലേക്ക് നയിക്കാനുള്ള പ്രകോപനം എന്താണെന്ന് വ്യക്തതയില്ല. ഏറ്റുമാനൂര്‍ അയര്‍ക്കുന്നം പള്ളിക്കുന്നിലാണ് ഇന്നലെ അഡ്വ. ജിസ്മോള്‍ മക്കളായ നേഹ (5), നോറ (ഒരു വയസ്) എന്നിവരുമായി പുഴയിലേക്ക് ചാടി ജീവനൊടുക്കിയത്. ജിസ്മോള്‍ മുത്തോലി പഞ്ചായത്തിലെ മുന്‍ പ്രസിഡന്റ് കൂടി ആണ്.
വീട്ടില്‍ വെച്ച് കുട്ടികള്‍ക്ക് വിഷം നല്‍കിയശേഷം ജിസ്മോള്‍ കയ്യിലെ ഞരമ്പ് മുറിച്ചിരുന്നു. ഇതിനുശേഷം സ്കൂട്ടറില്‍ കടവിലെത്തി പുഴയിലേക്ക് ചാടുകയായിരുന്നു. പുഴയിലേക്ക് ചാടിയ ഉടനെ നാട്ടുകാരെത്തി ഇവരെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിക്കുകയായിരുന്നു. എന്നാൽ ആശുപത്രിയിലെത്തി അല്പസമയം കഴിഞ്ഞപ്പോഴേക്കും മൂന്നുപേരുടെയും ജീവൻ നഷ്ടമായി.