അടൂര്‍ ജനറല്‍ ആശുപത്രിക്ക് ഗുണനിലവാരത്തിനുള്ള ദേശീയ അംഗീകാരങ്ങളായ നാഷണല്‍ ക്വാളിറ്റി അഷുറന്‍സ് സ്റ്റാന്റേര്‍ഡ്സ് (എന്‍.ക്യു.എ.എസ്.), ലക്ഷ്യ, മുസ്കാന് എന്നീ അംഗീകാരങ്ങള്‍ ലഭിച്ചു. സംസ്ഥാനത്ത് ആദ്യമായിട്ടാണ് മൂന്ന് ദേശീയ അംഗീകാരങ്ങള്‍ ഒരു ആശുപത്രിക്ക് ഒരുമിച്ച് ലഭിക്കുന്നത്. ജില്ലാതല ആശുപത്രികളെ ദേശീയ ഗുണനിലവാരത്തിലേക്ക് ഉയര്‍ത്തുക എന്ന സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായി മികച്ച പ്രവര്‍ത്തനങ്ങളാണ് അടൂര്‍ ജനറല്‍ ആശുപത്രിയില്‍ നടപ്പാക്കി വരുന്നത്. മുഴുവന്‍ ടീം അംഗങ്ങളേയും മന്ത്രി അഭിനന്ദിച്ചു.
എന്‍.ക്യു.എ.എസ്. 96.75 ശതമാനം സ്കോറും, ലക്ഷ്യ വിഭാഗത്തില്‍ മറ്റേണിറ്റി ഓപ്പറേഷന് തിയേറ്ററിന് 99.53 ശതമാനം സ്കോറും, ലേബര്‍ റൂമിന് 96.75 ശതമാനം സ്കോറും, മുസ്കാന് 93.38 ശതമാനം സ്കോറും നേടിയാണ് അടൂര്‍ ജനറല്‍ ആശുപത്രി ചരിത്രനേട്ടം കൈവരിച്ചത്. സര്‍വീസ് പ്രൊവിഷന്‍, പേഷ്യന്റ് റൈറ്റ്സ്, ഇന്‍പുട്ട്സ്, സപ്പോര്‍ട്ടീവ് സര്‍വീസസ്, ക്ലിനിക്കല്‍ സര്‍വീസസ്, ഇന്ഫെക്ഷന് കണ്ട്രോള്, ക്വാളിറ്റി മാനേജ്മെന്റ്, ഔട്ട്കം എന്നീ വിഭാഗങ്ങളിലായി 70 ശതമാനത്തിന് മുകളില്‍ സ്കോര്‍ ലഭിക്കുന്ന സ്ഥാപനങ്ങള്‍ക്കാണ് നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേര്‍ഡ്സ് (എന്‍.ക്യു.എ.എസ്.), ലക്ഷ്യ, മുസ്കാന് അംഗീകാരങ്ങള്‍ നല്‍കുന്നത്.
ഈ സര്‍ക്കാരിന്റെ കാലത്ത് അടൂര്‍ ജനറല്‍ ആശുപത്രിയില്‍ വലിയ വികസന പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നത്. അടൂര്‍ ജനറല്‍ ആശുപത്രിയില്‍ മദര്‍ ആന്റ് ചൈല്‍ഡ് ബ്ലോക്ക് നിര്‍മ്മാണത്തിനായി 13 കോടി രൂപ അനുവദിച്ചു. പുതിയ ആശുപത്രി കെട്ടിടത്തിനായി കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി 12.81 കോടി അനുവദിച്ചു. അതിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. ഇതുകൂടാതെ ഒ.പി. നവീകരണത്തിനായി 1.14 കോടി രൂപ അനുവദിച്ച് ഒന്നാം ഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കുകയും രണ്ടാം ഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ പ്രാരംഭ നടപടികള്‍ പുരോഗമിച്ചു വരികയും ചെയ്യുന്നു. ഒരുകോടി രൂപ ചിലവഴിച്ച് മാലിന്യ സംസ്കരണ പ്ലാന്റിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചു. 32.91 ലക്ഷം രൂപ ചിലവഴിച്ച് നിര്‍മ്മിച്ച പീഡിയാട്രിക് ഐസിയു എച്ച്ഡിയു വാര്‍ഡ്, 29.79 ലക്ഷം രൂപ ചിലവഴിച്ച് നിര്‍മ്മിച്ച എസ്എന്‍സിയു എന്നിവയും ആശുപത്രിയുടെ വികസന നേട്ടങ്ങളാണ്.
ആരോഗ്യ രംഗത്ത് മികച്ച സേവനങ്ങള്‍ നല്‍കിവരുന്ന അടൂര്‍ ജനറല്‍ ആശുപത്രിയില്‍ ജനറല്‍ മെഡിസിന്, ജനറല്‍ സര്‍ജറി, ഓര്‍ത്തോപീഡിക്സ്, ജനറല്‍ ഒപി, ഇഎന്‍ടി, റെസ്പിറേറ്ററി മെഡിസിന്, പീഡിയാട്രിക്സ്, ഡെര്‍മെറ്റളജി, ഗൈനക്കോളജി, അനസ്തേഷ്യോളജി, ഡെന്റല്‍, ഒഫ്താല്‍മോളജി, സൈക്യാട്രി എന്നീ വിഭാഗങ്ങള്‍ പ്രവര്‍ത്തിക്കുന്നു. ദിവസവും 1500 മുതല്‍ 1700 പേര് വരെ ഒപിയില്‍ ചികിത്സ തേടിയെത്തുന്നത്. 300 പേരെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യവുമുണ്ട്. ഇവിടത്തെ ഡയാലിസിസ് യൂണിറ്റില്‍ ദിവസവും നാല് ഷിഫ്റ്റില്‍ നാല്പത്തി അഞ്ചോളം പേര്‍ക്ക് ഡയാലിസിസ് നല്‍കുന്നുണ്ട്. കിടപ്പ് രോഗികള്‍ക്ക് മികച്ച ചികിത്സ ഉറപ്പാക്കാന്‍ 5 കിടക്കകളുള്ള പാലിയേറ്റീവ് കെയര്‍ വാര്‍ഡും ഇവിടെയുണ്ട്. ലക്ഷ്യ നിലവാരമുള്ള ലേബര്‍ റൂം സൗകര്യങ്ങളും സജ്ജമാണ്.
ആരോഗ്യവകുപ്പിന്റെയും ആരോഗ്യകേരളത്തിന്റെയും, ജീവനക്കാരുടെയും ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനങ്ങളുടെ ഫലമായിട്ടാണ് ഈ നേട്ടം കൈവരിക്കാനായത്. ആശുപത്രികളുടെ ഗുണനിലവാര മാനദണ്ഡം ഉറപ്പാക്കുന്നതിനായി ജില്ലാ, സംസ്ഥാന, ദേശീയതലത്തിലുള്ള പ്രത്യേക ഗുണനിലവാര സമിതി നടത്തുന്ന വിദഗ്ധ പരിശോധനകള്‍ക്കു ശേഷമാണ് അംഗീകാരം തീരുമാനിക്കുന്നത്.
CONTENT HIGH LIGHTS;Adoor General Hospital achieves historic achievement?: First institution to achieve three national accreditations at once?; Received NQAS, Lakshya, and Muskan accreditations