ക്രിസ്ത്യൻ മിഷനറി ഗ്രഹാം സ്റ്റെയ്ൻസിനെയും കുടുംബത്തെയും ചുട്ടു കൊന്ന കേസിലെ പ്രതിയെ ജയിലിൽ നിന്ന് വിട്ടയച്ച് ഒഡിഷ സർക്കാർ. പ്രതികളിൽ ഒരാളായ മഹേന്ദ്ര ഹെംബ്രാമിനെയാണ് വിട്ടയച്ചത്. നല്ല നടപ്പിന്റെ പേരിലാണ് ശിക്ഷയിൽ ഇളവ് നൽകിയത്. 1999 ജനുവരി 22 ന് ആണ് ഗ്രഹാം സ്റ്റെയിൻസിനെയും രണ്ടു മക്കളെയും തീവച്ചു കൊലപ്പെടുത്തിയത്.
ഒഡീഷ സംസ്ഥാന ശിക്ഷാ അവലോകന ബോർഡിന്റ നിർദ്ദേശം അനുസരിച്ചാണ് വിട്ടയച്ചതെന്ന് കിയോഞ്ജർ ജയിൽ അധികൃതർ. കേസിലെ പ്രധാന കുറ്റവാളിയായ ദാരാ സിംഗ് ജയിലിൽ തുടരുകയാണ്. മനോഹര്‍പൂര്‍-ബാരിപാഡിലെ വനപ്രദേശത്ത് തങ്ങളുടെ ജീപ്പില്‍ ഉറങ്ങിക്കിടക്കുമ്പോഴാണ് ഗ്രഹാം സ്റ്റെയിനിനെയും മക്കളെയും ഒറീസയിലെ പശു കച്ചവടക്കാരനും ബജ്റംഗ്ദള്‍ പ്രവര്‍ത്തകനുമായ ദാരാ സിംഗിന്റെ നേതൃത്വത്തില്‍ ജീവനോട് ചുട്ടുകൊന്നത്.
ദാരാ സിംഗ്, ഹെംബ്രാം എന്നിവരുൾപ്പെടെ കേസിൽ 14 പ്രതികളാണുണ്ടായിരുന്നത്. ഇവരിൽ 12 പേരെ വിട്ടയയച്ചു. ദാരാ സിംഗിനെയും ഹെംബ്രാമിനെയും ജീവപര്യന്തം തടവിനു ശിക്ഷിച്ചു. 2000 ജനുവരി 31നാണ് ദാരാ സിംഗിനെ പിടികൂടിയത്. 2003ൽ ദാരാ സിംഗിനു വധശിക്ഷ വിധിച്ചെങ്കിലും 2005 ഒഡീഷ ഹൈക്കോടതി ശിക്ഷ ജീവപര്യന്തമാക്കുകയായിരുന്നു. ജയിൽമോചനം ആവശ്യപ്പെട്ട് 2024 ഓഗസ്റ്റിൽ ഇയാൾ സുപ്രീംകോടതിയിൽ ദയാഹർജി നല്‍കിയിട്ടുണ്ട്.