പ്രശസ്ത ഗോസ്പല്‍ ഗായകന് വിജു ജെറമിയ ട്രാവന്റെ പുതിയ ക്രിസ്തീയ ഭക്തിഗാനം ക്രൂശതില്‍ പിടഞ്ഞ് യേശു പുറത്തിറക്കി. കൊച്ചി പുല്ലേപ്പടിയില്‍ നിയോ ഫിലിംസ് സ്കൂളില്‍നടന്ന ചടങ്ങില്‍ റവ. ഡോ. ജോണ്‍ ജോസഫ്, സംവിധായകന് സിബി മലയില്‍, സംഗീത സംവിധായകന് ദീപക് ദേവ്, നടന് സിജോയ് വര്‍ഗീസ്, സംവിധായകനും തിരക്കഥാകൃത്തുമായ ലിയോ തദേവൂസ് എന്നിവര്‍ ചേര്‍ന്ന് പ്രകാശനം നിര്‍വഹിച്ചു. റൂം 6:23 പ്രൊഡക്ഷന്റെ യൂട്യൂബ് ചാനലിലൂടെയാണ് ആല്‍ബം റിലീസ് ചെയ്തത്.
യേശുവിന്റെ ത്യാഗവും ക്രൂശിലെ വേദനയും ആഴത്തില്‍ പ്രതിപാദിക്കുന്ന ഗാനത്തിന്റെ വരികള്‍ എഴുതിയത് വി.ജെ ട്രാവനും അനൂപ് ബാലചന്ദ്രനും ചേര്‍ന്നാണ്. മലയാളം കൂടാതെ, തമിഴ്, ഹിന്ദി, ഇംഗ്ലീഷ് എന്നീ പതിപ്പുകളും റിലീസ് ചെയ്തു. ദുഖവെള്ളിദിനത്തോട് അനുബന്ധിച്ച് പുറത്തിറക്കിയ ആല്‍ബത്തിന്റെ സംഗീതം നിര്‍വഹിച്ചിരിക്കുന്നതും പ്രധാന ഗായകനും ട്രാവനാണ്. ‘യേശുവേ കരുണാമയനെ’, ‘എന്റെ യേശു നായകനെ’ തുടങ്ങി ലോകമെമ്പാടുമുള്ള വിശ്വാസികള്‍ ഒന്നാകെ നെഞ്ചിലേറ്റിയ ഹിറ്റ് ഗാനങ്ങളും ഇദ്ദേഹത്തിന്റെ സംഭാവനയായിരുന്നു.
പരീക്ഷണങ്ങളിലെ പുതുമ കൊണ്ടും സംഗീത മികവിനാലും അന്താരാഷ്ട്ര ശ്രദ്ധനേടിയ ആല്‍ബങ്ങളായിരുന്നു ഇവ. തൊണ്ണൂറുകളില്‍ രാജ്യത്തെ സംഗീതവേദികളില്‍ തരംഗം സൃഷ്ടിച്ച റോക്ക് ബാന്‍ഡായ ശിവയുടെ മുഖ്യ ഗായകനായിരുന്നു വിജു. പിന്നീട് റോക്ക് സംഗീതവേദികളില്‍ നിന്നും പിന്തിരിഞ്ഞ വി.ജെ ട്രാവന് ക്രിസ്തീയ ആരാധനാ ഗാനങ്ങളില്‍ ശ്രദ്ധ ചെലുത്തുകയായിരുന്നു. ഗായകന്, സംഗീത സംവിധായകന്, പ്രഭാഷകന്‍ എന്നീ നിലകളില്‍ അറിയപ്പെടുന്ന ഇദ്ദേഹം കൊച്ചി സ്വദേശിയാണ്. പുതുതലമുറകള്‍ക്കിടയില്‍ ഫൈന്‍ ആര്‍ട്സിനെ പ്രോത്സാഹിപ്പിക്കുകയാണ് തന്റെ ഗാനങ്ങളുടെ ലക്ഷ്യമെന്ന് വി.ജെ ട്രാവന് പറയുന്നു.
ഇതിലൂടെ കൂടുതല്‍ കലാകാരന്മാര്ക്ക് മികച്ച അവസരങ്ങള്‍ ഒരുക്കുവാനും അവരുടെ കലാവാസന പ്രകടമാക്കുവാനും സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ആല്വിന് അലക്സാണ് മ്യൂസിക് പ്രൊഡക്ഷന്‍ നിര്‍വഹിച്ചിരിക്കുന്നത്. മ്യൂസിക് വിഡിയോ ഡയറക്ടര്‍-ടിമി വര്‍ഗീസ്, അസോസിയേറ്റ് ഡയറക്ടര്‍ & എഡിറ്റര്‍: സ്റ്റെറി കെ എസ്,പ്രൊഡക്ഷന്‍ കണ്ട്രോളര്: ജെന്സണ് ടി എക്സ്,ആര്‍ട്ട് ഡയറക്ടര്‍: ജീമോന്‍ മൂലമറ്റം, ഡിഐഒപി: ആന്റണി ജോ,ഗിറ്റാര്‍, മാന്‍ഡലിന്‍: സന്ദീപ് മോഹന്‍, അഭിനേതാവ്- വിജയ് കൃഷ്ണന്.
CONTENT HIGH LIGHTS;Prominent surrealistic gospel singer Viju Jeremiah Traven’s music album ‘Jesus Caught on the Cross’ has been released