ഷൈന്‍ ടോം ചാക്കോയ്ക്കെതിരെ നടി വിന്‍സി അലോഷ്യസ് നൽകിയ പരാതിയുടെ വിശദാംശങ്ങൾ പുറത്ത്. ലഹരി ഉപയോഗിച്ച് ഷൈനിന്റെ കണ്ണ് തടിച്ചുവെന്നും ലൈംഗിക ചുവ നിറഞ്ഞ സംസാരവും ഇടപെടലുമാണ് നടന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുള്ളതെന്നും പരാതിയിൽ പറയുന്നു. സിനിമ മുടങ്ങരുതെന്ന് ആഗ്രഹിച്ചതു കൊണ്ടാണ് ഇത്രയും നാൾ ഇത് മൂടിവെച്ചതെന്നും വിൻസി പറയുന്നു.
സൂത്രവാക്യം എന്ന സിനിമയുടെ സെറ്റില്‍ വെച്ചാണ് മോശം അനുഭവം നേരിട്ടത്. വീടിന് അടുത്തുതന്നെയായിരുന്നു ഷൂട്ടിങ്ങ് എന്നതിനാല്‍, ദിവസവും വന്നു പോകുകയായിരുന്നു. സെറ്റില്‍ വെച്ച് വസ്ത്രം മാറാന്‍ പോകുമ്പോള്‍ താന്‍ ശരിയാക്കി തരാമെന്ന് ഷൈന്‍ ടോം ചാക്കോ പറഞ്ഞുവെന്ന് പരാതിയില്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ ദിവസം രാത്രിയാണ് വിന്‍സി ഫിലിം ചേംബറിന് പരാതി നല്‍കിയത്.
തനിക്കു മാത്രമല്ല, സിനിമയുടെ മറ്റ് അണിയറ പ്രവര്‍ത്തകര്‍ക്കും ഷൈന്‍ ടോം ചാക്കോയില്‍ നിന്നും ഇത്തരം അനുഭവങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. താന്‍ മൂലം സിനിമ മുടങ്ങരുതെന്ന് വിചാരിച്ചാണ് അന്ന് അക്കാര്യം പറയാതെ സിനിമ ചിത്രീകരണം പൂര്‍ത്തിയാക്കാന്‍ സഹകരിച്ചതെന്നും വിന്‍സി പറയുന്നു. കഴിഞ്ഞ നവംബറിലായിരുന്നു സിനിമയുടെ ചിത്രീകരണം.
സംഭവത്തില്‍ കേസെടുക്കാന്‍ പര്യാപ്തമായ വിവരങ്ങള്‍ ലഭിച്ചാല്‍ തുടര്‍ നടപടിയുണ്ടാകുമെന്ന് എക്സൈസ് അധികൃതര്‍ വ്യക്തമാക്കിയിരുന്നു. നടിയുടെ വെളിപ്പെടുത്തലിനെ കുറിച്ച് സ്റ്റേറ്റ് ഇന്റലിജന്‍സും അന്വേഷണം തുടങ്ങിയിരുന്നു. അതേസമയം വിന്‍സിയുടെ പരാതി പരിശോധിക്കാന്‍ താരസംഘടനയായ അമ്മ മൂന്നംഗ സമിതിയെ നിയോഗിച്ചു. അന്‍സിബ, സരയൂ, വിനുമോഹന്‍ എന്നിവരാണ് സമിതി അംഗങ്ങള്‍.
content highlight: Shine Tom Chacko