ഷൂട്ടിംഗിനിടയില്‍ ലഹരി ഉപയോഗിച്ച നടന് മോശമായി പെരുമാറിയെന്ന നടി വിന്‍സി അലോഷ്യസിന്റെ പരാതി ഗൗരവമുള്ളതാണെന്നും സര്‍ക്കാര്‍ അന്വേഷിക്കുമെന്നും സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്. ഇത്തരം സന്ദര്‍ഭങ്ങളില്‍ പ്രതികരിക്കുകയും നിയമ പരമായ പരിഹാരത്തിന് ധൈര്യപൂര്‍വ്വം നിലപാട് സ്വീകരിക്കുകയും ചെയ്ത നടിയുടെ സമീപനം സ്വാഗതാര്‍ഹവും അഭിനന്ദനാര്‍ഹവുമാണ്. ഇത്തരം പ്രവണതകള്‍ വെച്ചു പൊറുപ്പിക്കാനാവില്ല.
രാജ്യത്തിന് തന്നെ മാതൃകയാണ് നമ്മുടെ സിനിമാ മേഖല. അതിന് മങ്ങലേല്‍പ്പിക്കുന്ന യാതൊരു നിയമവിരുദ്ധ പെരുമാറ്റവും അംഗീകരിക്കാന്‍ സാധിക്കില്ലെന്നും അത്തരക്കാര്‍ക്ക് എതിരെ മുഖം നോക്കാതെ നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. സിനിമാ മേഖലയിലെ നിയമവിരുദ്ധ ലഹരി ഉപയോഗം സംബന്ധിച്ച് ശക്തമായ പ്രതിരോധം സിനിമാ മേഖലയ്ക്ക് ഉള്ളില്‍ നിന്നു തന്നെ ഉണ്ടാവേണ്ടതുണ്ട്.
ഇത്തരം ചില വിഷയങ്ങള്‍ നേരത്തെ ഉയര്‍ന്നു വന്നപ്പോള്‍ സിനിമ സംഘടനകളുടെ യോഗം ചേരുകയും സര്‍ക്കാരിന്റെ ഇക്കാര്യത്തിലെ ശക്തമായ നിലപാട് അറിയിക്കുകയും സംഘടനകള്‍ അത് സ്വാഗതം ചെയ്യുകയും ചെയ്തിരുന്നു. ഇനി നടക്കാന്‍ പോകുന്ന സിനിമ കോണ്‍ക്ലെവിലും ഈ വിഷയം ചര്‍ച്ച ചെയ്യും. ഇത്തരം കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍തന്നെ ശക്തമായ നടപടിയിലേക്ക് സിനിമ സംവിധായകരും നിര്‍മാതാക്കളും മുന്‍കൈ എടുക്കണം. ഒറ്റക്കെട്ടായി മാത്രമേ ഇതിനെ ചെറുത്തുതോല്‍പ്പിക്കാന്‍ സാധിക്കുകയുള്ളൂ എന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.
CONTENT HIGH LIGHTS;Action taken against drug use in the film industry without prejudice; Minister Saji Cherian says actress Vinci Aloysius’ complaint is serious