ഐപിഎല്ലില്‍ രോഹിത് ശര്‍മയ്ക്ക് പുതിയ നേട്ടം. ഏറ്റവും കൂടുതല്‍ തവണ ‘പ്ലെയര്‍ ഓഫ് ദി മാച്ച്’ നേടുന്ന താരമെന്ന റെക്കോര്‍ഡാണ് വിരാട് കോഹ്ലിയെ മറികടന്ന് രോഹിത് സ്വന്തമാക്കിയത്. ഇന്നലെ ചെന്നൈക്കെതിരെ 45 പന്തില്‍ നിന്ന് 76 റണ്‍സ് നേടി രോഹിത് പുറത്താകാതെ നിന്നു. ആറു സിക്സും നാല് ഫോറുമാണ് രോഹിത് നേടിയത്.
ഐപിഎല്ലില്‍ 260 മത്സരങ്ങളില്‍ 19 ‘പ്ലെയര്‍ ഓഫ് ദി മാച്ച്’ അവാര്‍ഡ് നേടിയ വിരാട് കോഹ്ലിയെ പിന്നിലാക്കിയാണ് രോഹിതിന്റെ നേട്ടം. 264 മത്സരങ്ങള്‍ കളിച്ച രോഹിത് 20 തവണയാണ് കളിയിലെ താരമായത്. ചെന്നൈ സൂപ്പര്‍ കിങ്സ് ക്യാപ്റ്റന്‍ എംഎസ് ധോനി, ഡേവിഡ് വാര്‍ണര്‍ എന്നിവര്‍ 18 തവണയാണ് പ്ലെയര്‍ ഓഫ് ദി മാച്ച് നേടിയത്. എബി ഡിവില്ലിയേഴ്സ് 25 ( തവണ), ക്രിസ് ഗെയ്ല് 22 (തവണ) എന്നിവരാണ് ഈ പട്ടികയിലെ ആദ്യ രണ്ട് കളിക്കാര്‍.
ഇന്നലെ തന്റെ അക്കൗണ്ടില്‍ 76 റണ്‍സ് കൂടി ചേര്‍ത്ത രോഹിത് ശര്‍മ ഐപിഎല്ലിലെ രണ്ടാമത്തെ റണ്‍വേട്ടക്കാനെന്ന നേട്ടവും സ്വന്തമാക്കിയിരുന്നു. ശിഖര്‍ ധവാനെ മറികടന്നാണ് രോഹിത് ശര്‍മ ടൂര്‍ണമെന്റ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന രണ്ടാമത്തെ താരമായത്. ഇതുവരെ 6,786 റണ്‍സാണ് രോഹിതിന്റെ അക്കൗണ്ടിലുള്ളത്. രണ്ട് സെഞ്ച്വറിയും 44 അര്‍ധസെഞ്ച്വറിയും താരം നേടിയിട്ടുണ്ട്. 109* ആണ് രോഹിതിന്റെ ഏറ്റവും മികച്ച സ്കോര്‍. ഈ സീസണില്‍ ഏഴ് ഇന്നിങ്സുകളില്‍ നിന്ന് 26.33 ശരാശരിയില്‍ 158 റണ്‍സാണ് രോഹിത് നേടിയത്.
content highlight: Rohith Sharma