ഭക്ഷ്യവിഷബാധയേറ്റതിനെ മൂന്ന് വയസുകാരിക്ക് ദാരുണാന്ത്യം. തൃശ്ശൂർ വെണ്ടോർ അളഗപ്പ ഗ്രൗണ്ടിൽ കല്ലൂക്കാരൻ ഹെൻട്രിയുടെ മകൾ ഒലിവിയ ആണ് മരിച്ചത്. യാത്രക്കിടെ കഴിച്ച മസാല ദോശയിൽ നിന്നാണ് ഭക്ഷ്യവിഷബാധയേറ്റത് എന്നാണ് സംശയം. സംഭവത്തിൽ പുതുക്കാട് പൊലീസ് കേസെടുത്തു. വിദേശത്തായിരുന്ന ഹെൻട്രിയെ സ്വീകരിക്കാനായാണ് ഇക്കഴിഞ്ഞ ശനിയാഴ്ച കുടുംബം നെടുമ്പാശേരിയി വിമാനത്താവളത്തിൽ എത്തിയത്. വീട്ടിലേക്കുള്ള യാത്രക്കിടെ അങ്കമാലിക്കടുത്തുള്ള കരയാംപറമ്പിലെ ഹോട്ടലിൽ നിന്ന് മസാലദോശ കഴിക്കാൻ കയറിയിരുന്നു.
കുട്ടിക്കു പുറമെ മാതാപിതാക്കളും ഹെൻട്രിയുടെ അമ്മയും മസാലദോശ കഴിച്ചു. വീട്ടിലെത്തിയതോടെ എല്ലാവർക്കും ശാരീരിക അസ്വസ്ഥതയുണ്ടായി. തുടർന്ന് ഹെൻട്രിയും ഭാര്യയും ഒലിവിയയും വീടിനടുത്തുള്ള ആശുപത്രിയിൽ ചികിത്സ തേടി. ആരോഗ്യനില വഷളായതോടെ ഒലീവിയയെ കൊടകരയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് പുതുക്കാട് താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ആരോഗ്യനില കൂടുതൽ വഷളായതോടെ മരണം സംഭവിക്കുകയായിരുന്നു. പുതുക്കാട് പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി.
STORY HIGHLIGHTS : Masala dosa was eaten during the journey; Three-year-old girl dies of food poisoning