ഫ്രാൻസിസ് മാർപാപ്പയുടെ മരണപത്രം വത്തിക്കാൻ പുറത്തുവിട്ടു. തനിക്ക് വിശ്രമമൊരുക്കേണ്ടത് റോമിലെ സെന്റ് മേരി മേജർ ബസലിക്കയിലായിരിക്കണമെന്നാണ് പോപ്പിന്റെ മരണപത്രത്തിലുള്ളത്. ശവകുടീരത്തിൽ പ്രത്യേക അലങ്കാരങ്ങൾ പാടില്ലെന്നും ലാറ്റിൻ ഭാഷയിൽ ഫ്രാൻസിസ് എന്ന് മാത്രം എഴുതിയാൽ മതിയെന്നും മരണപത്രത്തിൽ പറയുന്നു.
മുൻ മാർപ്പാപ്പമാരിൽ ഭൂരിഭാഗം പേരും സെന്റ് പീറ്റേഴ്സ് ബസലിക്കയിലാണ് അന്ത്യവിശ്രമം കൊള്ളുന്നത്. മരണശേഷം നാലു മുതൽ ആറുദിവസത്തിനുള്ളിൽ ഭൗതികദേഹം സംസ്കരിക്കണം. തുടർന്ന് ഒൻപത് ദിവസത്തെ ദുഃഖാചരണവും നടത്തും. ഏറ്റവും ഒടുവിൽ ഈസ്റ്റർ ദിന സന്ദേശത്തിലും ഗസ്സയില്‍ ഉടൻ തന്നെ വെടിനിർത്തൽ പ്രഖ്യാപിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. മനുഷ്യത്വപരമായ നിരവധി ഇടപെടലുകളിലൂടെ ശ്രദ്ധേയനായ മാർപ്പാപ്പ കൂടിയായിരുന്നു പോപ്പ് ഫ്രാൻസിസ്.
പതിനായിരക്കണക്കിന് വിശ്വാസികളാണ് സെന്റ് പീറ്റേഴ്സ് ബസിലിക്കയിലേക്ക് ഇന്നലെ മുതല്‍ ഒഴുകിയെത്തുന്നത്. അവരെ സാക്ഷിയാക്കി രാത്രിയില്‍ നടന്ന സംസ്കാര ശുശ്രൂഷകള്‍ക്ക് കര്‍ദിനാള്‍ കെവിന് ഫെരെലാണ് നേതൃത്വം നല്‍കിയത്. അതിനിടെ മാർപാപ്പയുടെ മരണകാരണം വ്യക്തമാക്കി വത്തിക്കാന്‍ വാർത്താക്കുറിപ്പ് പുറത്തിറക്കി. ഹൃദയസ്തംഭനവും പക്ഷാഘാതവുമാണ് മരണത്തിലേക്ക് നയിച്ചതെന്ന് വത്തിക്കാന്‍ അറിയിച്ചു.