നടന് ഷൈൻ ടോം ചാക്കോയ്ക്കെതിരെ നടി വിൻസി അലോഷ്യസ് നൽകിയ പരാതി ഒത്തുതീർപ്പിലേക്ക്. വിഷയത്തിൽ ഷൈൻ ടോം ചാക്കോ ഖേദം പ്രകടിപ്പിച്ചു. പരാതികൾ സിനിമയെ പ്രതികൂലമായി ബാധിക്കുമെന്ന് നിർമ്മാതാവ് ആവശ്യപ്പെട്ടതോടെയാണ് ഒത്തുതീർപ്പ് സാധ്യതയിലേക്കെത്തിയത്.
തനിക്ക് ഉണ്ടായ ബുദ്ധിമുട്ടാണ് പറഞ്ഞതെന്നും പരാതിയില്ലെന്നും വിൻസി ഐസിസിയെ അറിയിച്ചു. ഇരുവരും ചർച്ചക്ക് ശേഷം കൈ കൊടുത്ത് പിരിഞ്ഞുവെന്നാണ് സൂചന. സിനിമയുമായി സഹകരിക്കുമെന്ന് ഷൈനും വിൻസിയും അറിയിച്ചു. ഐസിസി റിപ്പോർട്ട് ഉടൻ കൈമാറും.
മാധ്യമങ്ങളാണ് വിഷയം ഊതി പെരിപ്പിച്ചതെന്ന് ഷൈന്റെ കുടുംബം ഐസിസിയോട് പറഞ്ഞു. തെറ്റ് ഇനി ആവർത്തിക്കില്ലെന്ന് വിൻസിയോട് ഷൈൻ യോഗത്തിൽ പറഞ്ഞതായാണ് സൂചന.
വിൻസിയുടെ തീരുമാനം അറിഞ്ഞതിന് ശേഷം നടപടിയെടുക്കാമെന്നാണ് സിനിമ സംഘടനകളുടെ തീരുമാനം. പരാതി പിൻവലിച്ചാൽ വിഷയം അതോടെ അവസാനിപ്പിക്കുമെന്ന നിലപാടിലാണ് ഫിലിം ചേമ്പർ.
ഷൈന്‍ ടോം ചാക്കോയ്ക്കെതിരെ നിയമ നടപടികളിലേക്കില്ലെന്ന് വിന്‍സി അലോഷ്യസ് ആവര്‍ത്തിച്ചിരുന്നു. നിയമനടപടികളിലേക്ക് പോകില്ലെന്ന് ആദ്യ ദിവസം മുതല്‍ താന്‍ പറയുന്നതാണെന്നും അതില്‍ ആളുകള്‍ക്ക് പല കാഴ്ചപ്പാടുകളും ഉണ്ടാകുമെന്നും എങ്കിലും അതിലേക്കില്ലെന്നും വിന്‍സി വ്യക്തമാക്കിയിരുന്നു.
നിലവിലെ ഐസിസി – സിനിമ സംഘടനകളുടെ അന്വേഷണത്തില്‍ പൂര്‍ണ തൃപ്തിയെന്നും വിന്‍സി പറഞ്ഞിരുന്നു. ഐസിസിക്ക് മുന്നില്‍ ഹാജരായതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വിന്‍സി.