ഈ ആഴ്ച്ച ഒടിടിയിലെത്തുന്നത് ഒരുപിടി ഹിറ്റ് ചിത്രങ്ങളാണ്. എമ്പുരാൻ മുതൽ വിവിധ ഭാഷകളിലെ ചിത്രങ്ങൾ ലിസ്റ്റിൽ ഉൾപ്പെടുന്നുണ്ട്. ഇവ ഏതൊക്കെയെന്നു നോക്കാം.
1. എംപുരാൻ
മോഹൻലാൽ – പൃഥ്വിരാജ് കൂട്ടുകെട്ടിലെത്തിയ എംപുരാനും ഒടിടിയിലേക്ക് എത്തുകയാണ്. റിലീസിന് പിന്നാലെ ഒട്ടേറെ വിവാദങ്ങളും ചിത്രത്തെ തേടിയെത്തിയിരുന്നു. മാർച്ച് 27 നാണ് ചിത്രം തിയറ്ററുകളിലെത്തിയത്. ജിയോ ഹോട്ട്സ്റ്റാറിലൂടെ ചിത്രം ഏപ്രിൽ 24 മുതൽ സ്ട്രീമിങ് തുടങ്ങും.
2. വീര ധീര സൂരൻ
വിക്രം നായകനായി ഏറ്റവുമൊടുവില് തിയറ്ററുകളിലെത്തിയ വീര ധീര സൂരന് മികച്ച പ്രേക്ഷക പ്രതികരണങ്ങളാണ് തിയറ്ററുകളിൽ നിന്ന് ലഭിച്ചത്. എസ് യു അരുൺകുമാർ ആണ് ചിത്രം സംവിധാനം ചെയ്തത്. ഏപ്രിൽ 24 മുതൽ ആമസോൺ പ്രൈമിൽ ചിത്രം സ്ട്രീം ചെയ്ത് തുടങ്ങും. തമിഴ്, തെലുങ്ക്, ഹിന്ദി, മലയാളം, കന്നഡ തുടങ്ങിയ ഭാഷകളിലാണ് ചിത്രം സ്ട്രീം ചെയ്യുന്നത്.
3. തരുണം
കിഷൻ ദാസ്, സ്മൃതി വെങ്കട് എന്നിവർ പ്രധാന വേഷത്തിലെത്തിയ തമിഴ് ചിത്രമാണ് തരുണം. അരവിന്ദ് ശ്രീനിവാസൻ ആണ് ചിത്രം സംവിധാനം ചെയ്തത്. സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് തിയറ്ററുകളിൽ നിന്ന് ലഭിച്ചത്. ഏപ്രിൽ 25 മുതൽ ടെന്റ്കോട്ടയിൽ ചിത്രം സ്ട്രീം ചെയ്തു തുടങ്ങും. തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം, കന്നഡ എന്നീ ഭാഷകളിൽ ചിത്രം കാണാനാകും.
4. ജുവൽ തീഫ് – ദ് ഹീസ്റ്റ് ബിഗിൻസ്
സെയ്ഫ് അലി ഖാൻ നായകനായെത്തുന്ന അഡ്വവഞ്ചർ ആക്ഷൻ ത്രില്ലർ ചിത്രമാണ് ജുവൽ തീഫ്. 500 കോടി രൂപ വിലമതിക്കുന്ന ആഫ്രിക്കൻ റെഡ് സൺ വജ്രം മോഷ്ടിക്കാൻ ശ്രമിക്കുന്നതിനെ ചുറ്റിപ്പറ്റിയാണ് ചിത്രത്തിന്റെ കഥ. നികിത ദത്ത, ജയ്ദീപ് അഹ്ലാവത്, കുനാൽ കപൂർ, അനുപം ഖേർ, ഷബാന ആസ്മി, ജാക്കി ഷ്രോഫ്, പരേഷ് റാവൽ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ഏപ്രിൽ 25 മുതൽ ചിത്രം നെറ്റ്ഫ്ലിക്സിൽ സ്ട്രീമിങ് ആരംഭിക്കും.
5. അയ്യന മാനെ
കന്നഡ പ്രേക്ഷകർ ആവേശത്തോടെ കാത്തിരിക്കുന്ന സീരിസാണ് അയ്യന മാനെ. സസ്പെൻസ് മിസ്റ്ററിയായാണ് അയ്യന മാനെ പ്രേക്ഷകരിലേക്കെത്തുക. സീ5 ലൂടെ ഏപ്രിൽ 25 മുതൽ നിങ്ങൾക്ക് സീരിസ് കാണാനാകും. മാനസി സുധീർ, വിജയ് ശോഭരാജ്, അക്ഷയ് നായക്, രമേശ് രവി, കുഷി രവി എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത്.
6. ഹവോക്
ആക്ഷൻ ത്രില്ലറായെത്തുന്ന ഹവോകിൽ ടോം ഹാർഡി, ജെസി മെയ് ലി, തിമോത്തി ഒളിഫന്റ്, ഫോറസ്റ്റ് വിറ്റേക്കർ, നർഗസ് റാഷിദി എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. നെറ്റ്ഫ്ലിക്സിലൂടെ ഏപ്രിൽ 25 മുതൽ ചിത്രം സ്ട്രീമിങ് തുടങ്ങും.
content highlight: OTT Release