തിരുവാതുക്കലിലെ ദമ്പതികളുടെ മരണം തലയ്ക്കേറ്റ ആഘാതത്തെ തുടര്‍ന്നെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. പ്രാഥമികമായി പുറത്തുവന്ന പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. കോടാലി കൊണ്ടുള്ള ആക്രമണത്തിലാണ് ഇരുവരും കൊല്ലപ്പെട്ടതെന്ന് സ്ഥിരീകരിക്കുന്നതാണ് റിപ്പോര്‍ട്ട്. വളരെ മൂര്‍ച്ചയേറിയ ആയുധം കൊണ്ടാണ് ആക്രമണം നടത്തിയിട്ടുള്ളത്. തലയ്ക്കു പുറമെ വിജയകുമാറിനും നെഞ്ചത്തും ക്ഷതമേറ്റിട്ടുണ്ട്. വിജയകുമാറിന്റെയും ഭാര്യ മീരയുടെയും മൃതദേഹങ്ങള്‍ സ്വകാര്യ ആശുപത്രിയുടെ മോര്‍ച്ചറിയിലേക്കു മാറ്റി. മകള്‍ വിദേശത്തുനിന്നും എത്തിയ ശേഷമായിരിക്കും സംസ്കാരം. അതേസമയം, കൊലപാതകത്തില്‍ പ്രതിയുടെ അറസ്റ്റ് ഉടന്‍ ഉണ്ടായേക്കുമെന്ന് പൊലീസ് അറിയിച്ചു. കുടുംബവുമായി വ്യക്തി വൈരാഗ്യമുള്ളവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം. വീട്ടില്‍ നേരത്തെ ജോലിക്കു നിന്നവരെയും ചോദ്യം ചെയ്യുന്നുണ്ട്. ഇതിനിടെ അസം സ്വദേശി യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ട്. ഇയ്യാള് ഒരു വര്‍ഷം മുന്‍പേ ഇവിടെ സെക്യുരിറ്റിയായി ജോലി ചെയ്തിരുന്നു.
കോട്ടയം തിരുനക്കര ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമ വിജയകുമാറിനെയും ഭാര്യ മീരയെയുമാണ് വീട്ടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. രാവിലെ 8.45നു വീട്ടുജോലിക്കാരി എത്തിയപ്പോഴാണ് വിവരം പുറത്തറിയുന്നത്. വീട്ടുജോലിക്കാരി വരുമ്പോള്‍ വീടിന്റെ മുന്‍വശത്തെ വാതില്‍ തുറന്നുകിടക്കുന്ന നിലയിലായിരുന്നു. സംഭവത്തില്‍ ഇതര സംസ്ഥാന തൊഴിലാളിയെ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം തുടരുന്നത്. മാസങ്ങള്‍ക്ക് മുന്‍പ് സ്വഭാവദൂഷ്യം കാരണം ഇതര സംസ്ഥാന തൊഴിലാളിയെ ജോലിയില്‍ നിന്ന് വിജയകുമാര്‍ പിരിച്ചുവിട്ടിരുന്നു. ഫോണ്‍ മോഷ്ടിച്ചതിനാണ് തൊഴിലാളിയെ വിജയകുമാര്‍ പിരിച്ചുവിട്ടതെന്ന് നാട്ടുകാര്‍ പറയുന്നു. ഫോണ്‍ മോഷണക്കേസില്‍ അമിത്തിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അടുത്ത കാലത്താണ് ഇയാള്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങിയത്. വീടിന് ചുറ്റും സിസിടിവി കാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. എന്നാല്‍ സിസിടിവി കാമറകളുടെ ഹാര്‍ഡ് ഡിസ്ക് കാണാനില്ല. അതിനാല്‍ ഇത് ആസൂത്രിതമായ കൊലപാതകമാണ് എന്നാണ് പൊലീസിന്റെ വിലയിരുത്തല്‍.
കൂടാതെ വിജയകുമാറിന്റെ വീട്ടിലെ രണ്ടു വളര്‍ത്തുനായ്ക്കളും അവശനിലയിലാണ്. ഇവയെ മയക്കിക്കിടത്തിയതാകാമെന്ന നിഗമനത്തിലാണ് പൊലീസ്. വീട്ടില്‍ മോഷണശ്രമം നടന്നിട്ടില്ല. വ്യക്തിവൈരാഗ്യമാകാം കൊലപാതക കാരണമെന്ന് കോട്ടയം എസ്പി ഷാഹുല്‍ ഹമീദ് മാധ്യമങ്ങളോട് പറഞ്ഞു. വിജയകുമാറിന്റെയും മീരയുടെയും മുഖം വികൃതമാക്കിയ നിലയിലായിരുന്നു. മുഖത്ത് ആയുധം ഉപയോഗിച്ചുള്ള മുറിവ് ഉണ്ട്. രക്തം വാര്‍ന്ന നിലയിലായിരുന്നു മൃതദേഹമെന്നും പൊലീസ് പറയുന്നു. വീടിന്റെ കിടപ്പുമുറിയിലും ഹാളിലുമായി കണ്ടെത്തിയ മൃതദേഹങ്ങളില്‍ വസ്ത്രങ്ങള്‍ ഉണ്ടായിരുന്നില്ലെന്നും പൊലീസ് പറയുന്നു. വീട്ടിനുള്ളില്‍ നിന്ന് കോടാലി ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. വിജയകുമാറിന്റെ തലയില്‍ അടിയേറ്റിട്ടുണ്ട്. ഇന്ദ്രപ്രസ്ഥ എന്ന ഓഡിറ്റോറിയത്തിന് പുറമേ മറ്റ് ചില ബിസിനസ് സ്ഥാപനങ്ങളും വിജയകുമാറിന്റെ പേരിലുണ്ട്. വീട്ടില്‍ വിജയകുമാറും ഭാര്യയും മാത്രമായിരുന്നു താമസം.
അമ്മിക്കല്ല് കൊണ്ട് പിന്‍വാതില്‍ തകര്‍ത്താണ് അക്രമി അകത്തുകയറിയിരിക്കുന്നത് എന്നും പൊലീസ് പറയുന്നു. വാതിലിനോട് ചേര്‍ന്ന് തന്നെ അമ്മിക്കല്ല് കണ്ടെത്തിയിട്ടുണ്ട്. കോടാലി കൊണ്ടാണ് ഇരുവരെയും അക്രമി ആക്രമിച്ചതെന്നും പൊലീസ് പറയുന്നു. കോടാലി കൊണ്ട് വിജയകുമാറിനെയാണ് ആദ്യം വെട്ടിയത്. ശബ്ദം കേട്ടത്തെിയ ഭാര്യ മീരയെ പിന്നാലെ വെട്ടിക്കൊലപ്പെടുത്തി എന്നതാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മകന് അസ്വാഭാവിക രീതിയില്‍ മരിച്ച വിഷയത്തില്‍ സിബിഐ അന്വേഷണം വേണമെന്ന വിജയകുമാറിന്റെ ആവശ്യം ഹൈക്കോടതി അംഗീകരിച്ച് രണ്ടു മാസങ്ങള്‍ക്കുള്ളിലാണ് വിജയകുമാറും ഭാര്യ മീരയും കൊല്ലപ്പെട്ടത്. 8 വര്‍ഷം മുന്‍പ് മകന് കൊല്ലപ്പെട്ട വിഷയത്തില്‍ ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് ഹൈക്കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്. എന്നാല്‍, വിധി വന്ന് 2 മാസങ്ങത്തിനുള്ളില്‍ കുടുംബം കൊല്ലപ്പെട്ടത് ദുരൂഹത വര്‍ധിപ്പിക്കുകയാണ്.
STORY HIGHLIGHTS : kottayam-double-murder-case-updation