തിരുവാതുക്കൽ ഇരട്ടകൊലപാതക കേസിൽ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. അസം സ്വദേശി അമിത് ഉറാങ്ങിൻ്റെ അറസ്റ്റാണ് വൈകുന്നേരം 3 മണിയോടെ രേഖപ്പെടുത്തിയത്. തുടർന്ന് പ്രതിയെ തെളിവെടുപ്പിനായി കോട്ടയം ജില്ലാ ആശുപത്രിയിൽ എത്തിച്ചു.
ഇന്ന് രാവിലെ തൃശൂർ ജില്ലയിലെ മാളയിൽ നിന്നാണ് പൊലീസ് പ്രതിയെ പിടികൂടിയത്. മൊബൈൽ ടവർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പൊലിസിന് പ്രതിയെ പിടികൂടാൻ വഴിയൊരുക്കിയത്.
കൊല്ലപ്പെട്ട വിജയകുമാറിൻ്റെ ഫോൺ ഉപയോഗിച്ചതോടെയാണ് പ്രതി അമിത് കുരുക്കിലായത്. മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി തൃശൂരിൽ നിന്നും പിടിയിലായത്. കൊല്ലപ്പെട്ട വിജയകുമാറിന്റെ ഫോൺ പ്രതിയുടെ പക്കൽ ഉണ്ടായിരുന്നു.
ഈ ഫോൺ ഓൺ ചെയ്ത് ഗൂഗിൾ അക്കൗണ്ടിൽ നിന്ന് കോൺടാക്ടുകൾ നീക്കാൻ പ്രതി ശ്രമിച്ചിരുന്നു. രാത്രി ഇയാളുടെ മൊബൈൽ ടവർ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തി വരികയായിരുന്നു. ഇതിനിടെ ഫോൺ ഉപയോഗിച്ചതോടെയാണ് അമിത് കുരുക്കിലായത്.