കുടിവെള്ള കണക്ഷന് വിച്ഛേദിച്ചതിനെ കുറിച്ച് അന്വേഷിക്കാന്‍ ജല അതോറിറ്റിയുടെ പോങ്ങുംമൂട് ഓഫീസിലെത്തിയ ഉപഭോക്താവിനെ ഉദ്യോഗസ്ഥര്‍ മര്‍ദ്ദിച്ചെന്ന പരാതിയില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള തുടര്‍നടപടി ജില്ലാ പോലീസ് മേധാവിക്ക് (തിരുവനന്തപുരം സിറ്റി) ക്ക് തീരുമാനിക്കാമെന്ന് മനുഷ്യാവകാശ കമ്മീഷന് ചെയര്‍പേഴ്സണ്‍ ജസ്റ്റിസ് അലക്സാണ്ടര്‍ തോമസ്.
തനിക്ക് പരാതിയില്ലെന്നും ആര്‍ക്കും പരാതി നല്‍കിയിട്ടില്ലെന്നും മര്‍ദ്ദനമേറ്റ ഉപഭോക്താവ് സജി പോലീസിന് മൊഴി നല്‍കിയതായി സിറ്റി പോലീസ് കമ്മീഷണര്‍ക്ക് വേണ്ടി കഴക്കൂട്ടം സൈബര്‍ സിറ്റി അസിസ്റ്റന്റ് കമ്മീഷണര്‍ (എ.സി.പി.) കമ്മീഷന് സിറ്റിംഗില്‍ നേരിട്ട് ഹാജരായി മൊഴി നല്കിയ സാഹചര്യത്തിലാണ് ഉത്തരവ്. സജി മെഡിക്കല്‍ കോളേജ് എസ്.എച്ച്.ഒ.ക്ക് നല്കിയ മൊഴിയുടെ പകര്‍പ്പും എ.സി.പി. ഹാജരാക്കി.
അതേ സമയം ജല അതോറിറ്റി പോങ്ങുംമൂട് സെക്ഷനിലെ ആരോപണവിധേയരായ ഉദ്യോഗസ്ഥര്‍ക്കെതിരെ സര്‍വ്വീസ് ചട്ടങ്ങള്‍ പ്രകാരം ജല അതോറിറ്റി സ്വീകരിച്ച സസ്പെന്ഷന് ഉള്‍പ്പെടെയുള്ള അച്ചടക്കനടപടികള്‍ നിയമവും ചട്ടവും അനുസരിച്ച് എത്രയും വേഗം പൂര്‍ത്തിയാക്കി നിയമപരമായ നടപടി സ്വീകരിക്കണമെന്ന് ജസ്റ്റിസ് അലക്സാണ്ടര്‍ തോമസ് ജല അതോറിറ്റി ദക്ഷിണമേഖലാ ചീഫ് എഞ്ചിനീയര്‍ക്ക് നിര്‍ദ്ദേശം നല്കി.
ജൂനിയര്‍ സൂപ്രണ്ട്, ഹെഡ് ക്ലാര്‍ക്ക് എന്നിവരെ സസ്പെന്റ് ചെയ്തതായും യൂ.ഡി, എല്‍.ഡി ക്ലാര്‍ക്കുമാരെ സ്ഥലംമാറ്റിയെന്നും ജല അതോറിറ്റി ദക്ഷിണ മേഖലാ ചീഫ് എഞ്ചിനീയറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. സര്‍ക്കാര്‍ ഓഫീസിലെത്തിയ വ്യക്തിക്ക് മര്ദ്ദനമേറ്റെന്നതായുള്ള പരാതി ക്രമസമാധാന വിഷയമായതിനാലാണ് ജില്ലാ പോലീസ് മേധാവിയില്‍ നിന്നും കമ്മീഷന് അന്വേഷണ റിപ്പോര്ട്ട്വാങ്ങിയത്.
പത്രവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിന് പുറമെ അയിരൂപാറ സ്വദേശി സനല്‍ കുമാറും ഇതേ വിഷയത്തില്‍ കമ്മീഷന് പരാതി നല്‍കിയിരുന്നു.
CONTENT HIGH LIGHTS;Assault at Pongumoodu Water Authority office: District Police Chief can decide further action against officials: Human Rights Commission