റഷ്യൻ കൂലിപ്പട്ടാളത്തിൽ കുടുങ്ങിയ തൃശൂർ സ്വദേശി ജെയിൻ നാട്ടിൽ തിരിച്ചെത്തി. മടങ്ങിയെത്താനായതിൽ ആശ്വാസമുണ്ടെന്ന് ജെയിൻ പറഞ്ഞു. ആശുപത്രിയില്‍ നിന്ന് ക്യാമ്പിലേക്ക് മാറ്റുന്നതിനിടെ രക്ഷപ്പെടുകയായിരുന്നു. 10 ദിവസം മാത്രമാണ് പരിശീലനം ലഭിച്ചത്. യുദ്ധഭൂമിയില്‍ സൈനികര്‍ക്കൊപ്പമായിരുന്നു ഉണ്ടായിരുന്നത്. 6 പേരാണ് ഉണ്ടായിരുന്നത്. അതില്‍ 2 പേര് കൊല്ലപ്പെട്ടുവെന്നും ജെയിന് പറഞ്ഞു.
രേഖകള്‍ കൈവശമുണ്ടായിരുന്നുവെന്നും റഷ്യയിലെ മലയാളി അസോസിയേഷന് സഹായിച്ചുവെന്നും ജെയിന് പറയുന്നു. ഇന്ത്യയിലേക്ക് ടിക്കറ്റ് എടുത്ത് നല്കിയതും മലയാളി അസോസിയേഷനാണെന്നും അദ്ദേഹം വ്യക്തമാക്കി.
നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ ജെയിന് അല്‍പ്പസമയത്തിനകം വീട്ടിലെത്തും. യുദ്ധമുഖത്ത് ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന ജെയിന് കുര്യനെ മോസ്കോയിലെ ആശുപത്രിയില്‍ നിന്നും ഇന്ന് രാവിലെ അഞ്ചുമണിയോടെ ഡല്‍ഹിയില്‍ എത്തിക്കുകയായിരുന്നു. പിന്നാലെ ഫോണില്‍ കുടുംബത്തെ ബന്ധപ്പെട്ട ജെയിന് തന്നെയാണ് മോചന വിവരം അറിയിച്ചത്.