സയ്ദ് ആദില്‍ ഹുസ്സൈന്‍ ഷാ. അതൊരു പേരാളിയുടെ പേരാണ്. അങ്ങനെയേ അതിനെ വിശേഷിപ്പാക്കാവൂ. കാരണം, കഴിഞ്ഞ ചൊവ്വഴ്ച ബൈസരണ്‍ വാലിയിലുണ്ടായ തീവ്രവാദ ആക്രമണത്തില്‍ മരണപ്പെട്ടവരെല്ലാം ഹിന്ദുക്കളാണെന്നു പറയുമ്പോള്‍ അതിലൊരു മുസ്ലീമും ഉണ്ടായിരുന്നു. ഒരു പോണി സര്‍വ്വീസ് നടത്തുന്ന പാവം മനുഷ്യന്. ജീവിക്കാന്‍ വേണ്ടി ടൂറിസ്റ്റുകള്‍ക്ക് കുതിരയില്‍ സവാരി നടത്തി ഉപജീവനം നടത്തിയിരുന്ന സയ്ദ് ഹുസൈന് ഷാ. അദ്ദേഹം മരിച്ചത്, തീവ്രവാദികളോട് ഏറ്റുമുട്ടിയാണ്. വിനോദ സഞ്ചാരികള്‍ക്കു നേരെ തോക്കു ചൂണ്ടുമ്പോള്‍ അതിനെ ചോദ്യം ചെയ്ത് തട്ടി മാറ്റിക്കൊണ്ട് തീവ്രവാദിത്തെരിതേ നിന്ന ഷായെ നിറയൊഴിക്കുകയായിരുന്നു എന്നാണ് ദൃക്സാക്ഷികളുടെ മൊഴി.
ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ കൊല്ലപ്പെട്ട ആളുകളുടെ പേരുകള്‍ നോക്കിയപ്പോള്‍, ആദ്യമായി ശ്രദ്ധയില്‍പ്പെട്ട പേരാണിത്. കാരണം അതൊരു മുസ്ലിം പേരാണ്. ലിസ്റ്റിലെ ഒരേയൊരു മുസ്ലിമും അയാളാണ്. ഭീകരന്മാര് മുസ്ലീങ്ങള്‍ അല്ലാത്തവരെ തെരഞ്ഞു പിടിച്ചു കൊന്നു എന്നായിരുന്നു വാര്‍ത്തകളില്‍ എല്ലാം കണ്ടതും നിറഞ്ഞിരുന്നതും. എന്നാല്‍ അവരുടെ വെടിയുണ്ടകള്‍ക്ക് ഒരു മുസ്ലിമും ഇരയായിട്ടുണ്ട് എന്നത് പുതിയ അറിവായി മാറി. ആ പേരിനു പിന്നാലെ അന്വേഷിച്ചു പോകാന്‍ കാരണം അതായിരുന്നു. അയാള്‍ കശ്മീരിയാണ്. ആ പ്രദേശങ്ങളില്‍ ജനിച്ചു വളര്‍ന്ന യുവാവ്. ഒരു പാവപ്പെട്ട കുടുംബത്തിലെ അംഗമായ അയാള്‍, പഹല്‍ഗാമില്‍ തന്റെ ചെറിയ കുതിരയുടെ പുറത്തു വിനോദസഞ്ചാരികളെ സവാരി കൊണ്ടുപോകുന്നതിലൂടെ ലഭിയ്ക്കുന്ന വരുമാനം കൊണ്ടാണ് ജീവിച്ചിരുന്നത്.
ഈ വരുമാനത്തില്‍ വയസ്സായ അച്ഛനും അമ്മയും, പിന്നെ ഭാര്യയും മക്കളും ഉള്‍പ്പെടുന്ന കുടുംബത്തെ സംരക്ഷിച്ചിരുന്നു. മറ്റു പല പാവപ്പെട്ട കാശ്മീരികളെയും പോലെ അവരുടെ ഒരേയൊരു വരുമാനം ടൂറിസത്തില്‍ നിന്നുണ്ടാകുന്ന ഇത്തരം ചെറിയ ജോലികള്‍ മാത്രമായിരുന്നു. അന്നും രാവിലെ വീട്ടിലുള്ള പ്രിയപ്പെട്ടവരോട് യാത്ര പറഞ്ഞയാള്‍, പതിവ് പോലെ പഹല്‍ഗാമില്‍ ജോലിക്ക് എത്തി. ടൂറിസ്റ്റുകളെയും കൊണ്ട് കുതിരസവാരി നടത്തിക്കൊണ്ടിരുന്നപ്പോഴാണ് ഭീകരന്മാര് വെടിയുതിര്‍ത്ത് ആ മനോഹമായ താഴ്വരയെ രക്തരൂക്ഷിതമാക്കിയത്. കാഴ്ചയില്‍ തന്നെ കാശ്മീരി മുസ്ലിം എന്ന് മനസ്സിലായത് കൊണ്ടാകാം സെയ്ത് ആദില്‍ ഹുസ്സൈന്‍ ഷായെ ഉപദ്രവിയ്ക്കാതെ മാറ്റി നിര്‍ത്തി.
ഒരു ഭീകരന് അയാള്‍ സവാരി കൊണ്ടുപോയ ടൂറിസ്റ്റുകളെ ചോദ്യംചെയ്യാന്‍ തുടങ്ങി. അവര്‍ മുസ്ളീം അല്ല എന്ന് തിരിച്ചറിഞ്ഞു അവരെ മാറ്റി നിര്‍ത്തി വെടി വയ്ക്കാന്‍ പോവുകയായിരുന്നു. പെട്ടെന്നാണ് ഒരു കടുവയെപ്പോലെ സെയ്ത് ആദില്‍ ഹുസ്സൈന്‍ ഷാ ആ ഭീകരന്റെ മേല്‍ ചാടിവീണ് തോക്ക് പിടിച്ചു വാങ്ങാന്‍ ശ്രമിച്ചത്. ഒട്ടും പ്രതീക്ഷിയ്ക്കാത്ത ആ നീക്കത്തില്‍ ഭീകരന് പതറി. ഒരു മല്പിടിത്തം നടന്നെങ്കിലും, മറ്റു ഭീകരന്മാര് കുതിച്ചെത്തി ആ യുവാവിനെ വെടി വെച്ച് കൊല്ലുകയായിരുന്നു. വലിയൊരു ജനക്കൂട്ടം തന്നെ അവിടെ ഉണ്ടായിരുന്നിട്ടും, ആ ഭീകരന്മാരോട് പൊരുതാന്‍ ആകെ ധൈര്യം കാണിച്ചത് സെയ്ത് ആദില്‍ ഹുസ്സൈന്‍ ഷാ മാത്രമായിരുന്നു.
ഒരുപാട് ഭീകര ആക്രമണവും, വെല്ലുവിളികളും കണ്ടു വളര്‍ന്ന കാശ്മീര്‍ യുവത്വത്തിന്റെ രക്തത്തിലലിഞ്ഞു ചേര്‍ന്ന ധീരതയും, നിര്‍ഭയത്വവും, സഹജീവികളോടുള്ള സഹജമായ സ്നേഹവുമാണ് അതിന് പ്രചോദനം. അതിന്റെ ഫലമായി അവനു നഷ്ടപ്പെട്ടത് അവന്റെ ജീവനും. ആ പാവപ്പെട്ട കുടുംബത്തിന് അവരുടെ ഒരേയൊരു ആശ്രയം നഷ്ടമായി. മതം നോക്കി കൊലപാതകം നടത്തി വര്‍ഗ്ഗീയ അജണ്ട നടപ്പാക്കാന്‍ വന്ന ഭീകരന്മാര്ക്ക്, അത് പൂര്‍ണ്ണമായും നടപ്പാക്കാന്‍ കഴിയാതെ പോയി എന്നു തന്നെ പറയേണ്ടി വരും. രാജ്യത്തിന്റെ ഏതോ പ്രദേശങ്ങളില്‍ നിന്നും വന്ന അപരിചിതര്‍ക്ക് വേണ്ടി ആ യുവാവ് രക്തസാക്ഷിത്വം വഹിച്ചപ്പോള്‍, ഉയര്‍ന്നത് ഈ രാജ്യത്തിന്റെ ആത്മാവില്‍ അലിഞ്ഞു ചേര്‍ന്ന മതേതരത്വത്തിന്റെ പതാകയാണ്.
‘എന്റെ സഹോദരനെ ജീവന് കൊടുത്തും സംരക്ഷിയ്ക്കേണ്ടത് എന്റെ കടമയാണ്. അവന് ഏതു മതക്കാരനായാലും’ എന്ന ആശയമാണ് സെയ്ത് ആദില്‍ ഹുസ്സൈന്‍ ഷായുടെ രക്തസാക്ഷിത്വം ഉയര്‍ത്തിപ്പിടിയ്ക്കുന്നത്. അയാള്‍ യഥാര്‍ഥ ഭാരതീയനാണ്. അയാള്‍ ഒരു പോരാളിയാണ്. അയാളില്‍ മതമല്ല, മനുഷ്യനെയും സ്നേഹവും, സഹനവുമാണ്.
- കുതിരകളുടെ നാഷണല്‍ ഹൈവേ ?
പെഹല്‍ഗാം ടൗണില്‍ നിന്ന് 5-6 കിലോമീറ്റര്‍ ദൂരമുണ്ട് ബൈസരണിലേക്ക്. ചെങ്കുത്തായ കയറ്റിറങ്ങളുള്ള ഉരുളന്‍ കല്ലുകള്‍ നിറഞ്ഞ, കൃത്യമായ നടപ്പാത പോലുമില്ലാത്ത ‘കുതിരകളുടെ നാഷണല്‍ ഹൈവേ ‘ എന്ന വിളിപ്പേരുള്ള ദുര്‍ഘടമായ സഞ്ചാരപാത. ടൂറിസ്റ്റുകള്‍ക്ക് കുതിരപ്പുറത്ത് മാത്രമേ അവിടേക്ക് സഞ്ചരിച്ച് എത്താന്‍ കഴിയുകയുള്ളൂ. കുതിര ഒന്നു വെറളി പിടിച്ച് ഓടുകയോ മറ്റോ ചെയ്താല്‍ പിന്നെ ഒന്നും നോക്കണ്ട, എന്നന്നേക്കുമായി അവിടെ തീരും യാത്ര. താഴ്വര വളരെ മനോഹരമൊക്കെയാണ്. പക്ഷെ, അവിടേക്കുള്ള വഴി വളരെ ദുര്‍ഘടമാണ്. ബൈസരണ്‍ വാലി ഒരു തുറന്ന പ്രദേശമാണ്. ഒരാള്‍ക്ക് ഒരിക്കലും മറഞ്ഞിരിക്കാന്‍ ഒരു ചായ്പ് പോലുമില്ലാത്തത്രയും തുറന്ന സ്ഥലം.
ടിക്കറ്റ് വച്ചാണ് എന്‍ട്രി. ഒരു ഗസീബോ അല്ലാതെ മറ്റൊരു പെര്‍മനന്റ് നിര്‍മ്മാണം ആ താഴ്വരയില് ഇല്ല. കോമ്പൗണ്ടിന്റെ പുറത്ത് കോമ്പണ്ടിലെ കമ്പിവേലിയോട് ചേര്‍ന്ന് ചില താല്കാലിക ഷെഡുകള്‍ ഉണ്ട്. അവിടെയാണ് ചായ, കാപ്പി, ചെറുപലഹാരങ്ങള്‍ ഒക്കെ ഉണ്ടാക്കിത്തരുന്നത്. കോമ്പൗണ്ടിനുള്ളില്‍ നിന്ന് കമ്പിവേലിയിക്കു മേലെ കൈനീട്ടിയാണ് ചായയും കാപ്പിയുമൊക്കെ ആളുകള്‍ വാങ്ങിക്കുന്നതും. കോമ്പൗണ്ടില്‍ തന്നെ കസേരകളില്‍ ഇരിക്കാനുള്ള സൗകര്യമുണ്ട്. ടിക്കറ്റ് കൗണ്ടറിന് പുറത്ത് 50 മീറ്റര്‍ അകലെയായി ഒരിത്തിരി പരന്ന സ്ഥലമുണ്ട്. അവിടെയാണ് കുതിരകളെ മുഴുവന്‍ നിര്‍ത്തുന്നത്. ഒന്നിനോട് ഒന്നു മുട്ടി അനങ്ങാന്‍ പോലുമാവാതെ പത്തഞ്ഞൂറ് കുതിരകള്‍ ഒരേ പോലെ നില്ക്കുന്ന കാഴ്ച പോലും പേടിപ്പിക്കും.
ശ്രീനഗറില്‍ ഓരോ 100-200 മീറ്ററിലും ആയുധധാരിയായ ഒരു CRPF അല്ലെങ്കില്‍ J&k പോലീസുകാരുണ്ടാകും. ടുലിപ് ഗാര്ഡനിലേക്കൊക്കെ ഓരോ അമ്പത് മീറ്ററിലും ഒരു പട്ടാളക്കാരന് ഉണ്ടാകും. പഹല്‍ ഗാമിലേക്ക് വരുമ്പോള്‍ അനന്തനാഗ് ഡിസ്ട്രിക്ടിലേക്കുള്ള എന്‍ട്രി പോയിന്റില്‍ ഒരു പട്ടാള ചെക്ക് പോസ്റ്റുണ്ട്. മറ്റൊന്ന് ലോക്കല്‍ സപ്പോര്‍ട്ടില്ലാതെ അവിടേക്ക് ആരും തന്നെ എത്തിച്ചേരില്ല. ഇതൊക്കെയാവാം ബൈസരണ്‍ തന്നെ തിരഞ്ഞെടുക്കാന്‍ കാരണം. ബൈസരണ്‍ വാലിയില്‍ കുതിരക്കാരും, ചെരു കട്ടവടക്കാരുമായ പ്രദേശ വാസികള്‍ മാത്രമേ നിത്യവും സഞ്ചരിക്കുന്നുള്ളൂ. പോണി സവാരിക്കാര്ക്കേ വഴികലും നിശ്ചയമുണ്ടാകൂ.
അപ്പോള്‍ തീവ്രവാദികള്‍ക്ക് പ്രദേശ വാസികളെ വേഗത്തില്‍ കണ്ടാല്‍ മനസ്സിലാകും. ബൈസരന്‍ വാലിയും പഹല്‍ഗാമും മുസ്ലീം ഭൂരിപക്ഷ പ്രദേശവുമാണ്. എന്നാല്‍, അവിടുത്തെ മുസ്ലീംഗങ്ങള്‍ തീവ്രവാദത്തിന് എതിരാണെന്നു മാത്രം പാക്ക് തീവ്രവാദികള്‍ക്കു മനസ്സിലായില്ല. അവര്‍ ഇന്ത്യയെ സ്നേഹിച്ച്, ഇന്ത്യയില്‍ ജീവിച്ച് മരിക്കാനാണ് ഇഷ്ടപ്പെടുന്നതു പോലും. അതിനുദാഹരണമാണ് സയ്ദ് ആദില്‍ ഹുസ്സൈന്‍ ഷായുടെ രക്തസാക്ഷിത്വം. അതിനുദാഹരണമാണ് കാശ്മീരില്‍ എവിടെയും പാക്കിസ്താന് മൂര്‍ദാബാദ് വിളികളും, ഇന്ത്യന്‍ ആര്‍മിക്കുള്ള സപ്പോര്‍ട്ടും.
CONTENT HIGH LIGHTS;Did the terrorists kill only Hindus?: Didn’t they kill that horseman too?; His name is Syed Adil Hussain Shah; He is the real Indian who stood against the terrorists; A secular fighter?