സംസ്ഥാനത്തെ ത്രിതല പഞ്ചായത്തുകള്‍ക്കും നഗരസഭകള്‍ക്കുമായി 1396 കോടി രൂപകൂടി അനുവദിച്ചതായി ധനകാര്യ മന്ത്രി കെ.എന്‍ ബാലഗോപാല്‍ അറിയിച്ചു. ഈ സാമ്പത്തിക വര്‍ഷത്തെ മെയിന്റനന്‍സ് ഗ്രാന്റ് ഒന്നാം ഗഡുവാണ് അനുവദിച്ചത്.
ഗ്രാമ പഞ്ചായത്തുകള്‍ക്ക് 878 കോടി രൂപ ലഭിക്കും. ബ്ലോക്ക് പഞ്ചായത്തുകള്‍ക്ക് 76 കോടി രൂപ നീക്കിവച്ചു. ജില്ലാ പഞ്ചായത്തുകള്‍ക്ക് 165 കോടി രൂപയുണ്ട്. മുന്‍സിപ്പാലിറ്റികള്‍ക്ക് 194 കോടി രൂപയും, കോര്‍പറേഷനുകള്‍ക്ക് 83 കോടി രൂപയും ലഭിക്കും. തദ്ദേശ സ്ഥാപനങ്ങളുടെ ചുമതലയിലുള്ള റോഡുകള്‍ ഉള്‍പ്പെടെയുള്ള ആസ്തികളുടെ പരിപാലനത്തിനുകൂടി തുക വിനിയോഗിക്കാം.
ഈ മാസം ആദ്യം 2228 കോടി രുപ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കായി അനുവദിച്ചിരുന്നു. വികസന ഫണ്ടിന്റെ ഒന്നാം ഗഡുവായി 2150 കോടി രൂപയും, ഉപാധിരഹിത ഫണ്ടായി 78 കോടി രൂപയുമാണ് അനുവദിച്ചത്. ഒരു മാസത്തിനുള്ളില്‍ 3624 കോടി രൂപ തദ്ദേശ സ്ഥാപനങ്ങള്‍ക്കായി സര്‍ക്കാര്‍ നീക്കിവച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഈ സാമ്പത്തിക വര്‍ഷത്തെ പ്രധാന പദ്ധതി പ്രവര്‍ത്തനങ്ങളിലേക്കും കടക്കാന്‍ ഇത് സഹായകമാകും.
CONTENT HIGH LIGHTS; An additional Rs. 1396 crore has been allocated to local self-government bodies.