സംസ്ഥാന ആഭ്യന്തര വകുപ്പിനെയും പൊതുജനങ്ങളെയും ഒരുപോലെ ഞെട്ടിച്ച കേസാണ് പത്തനംതിട്ട പീഡന കേസ്. പോക്സോ വിഭാഗത്തില്‍, സംസ്ഥാനത്തെ ഏറ്റവുംകൂടുതല്‍ പേര് പ്രതികളായ കേസെന്ന വിശേഷണവും ഇതിനുണ്ട്. ഇപ്പോഴിതാ ഈ കേസിൽ പോലീസ് കുറ്റപത്രം സമർപ്പിച്ചു. പത്തനംതിട്ട അഡീഷണല്‍ സെഷന്‍സ് കോടതി-1 ലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. . വിദേശത്തുള്ള രണ്ടുപ്രതികള്‍ ഉൾപ്പടെ 59 പോരാണ് കേസിലുള്ളത്.
അയല്‍വാസിയും നാട്ടുകാരും സഹപാഠികളും അടക്കം 59 പ്രതികളാണുള്ളത്. അഞ്ച് പോലീസ് സ്റ്റേഷനുകളിലായുള്ള 30 കേസുകളിലാണ് ഇപ്പോള്‍ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. കൂട്ട ബലാത്സംഗം, തട്ടിക്കൊണ്ട് പോകല്‍, ലൈംഗിക പീഡനം, പോക്സോ നിയമത്തിലെ വിവിധ വകുപ്പുകള്‍ എന്നിവയാണ് ചുമത്തിയിരിക്കുന്നത്. കൂടാതെ അഞ്ച് കേസുകളില്‍ പ്രതികള്‍ക്കെതിരേ പട്ടിക ജാതി പട്ടിക വര്‍ഗ പീഡന നിരോധന നിയമവും ചുമത്തിയിട്ടുണ്ട്.
സൗഹൃദം നടിച്ച് സമീപവാസിയായ യുവാവാണ് പെണ്‍കുട്ടിയെ ആദ്യം ദുരുപയോഗം ചെയ്തത്. ദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിച്ചു. പീഡനദൃശ്യങ്ങള്‍ കണ്ടവരില്‍ പലരും കുട്ടിയുമായി സമൂഹമാധ്യമങ്ങള്‍ വഴി സൗഹൃദം സ്ഥാപിക്കുകയും ദുരുപയോഗം ചെയ്യുകയുമാണ് ഉണ്ടായതെന്ന് കുറ്റപത്രത്തില്‍ പറയുന്നു. അപൂര്‍വതകള്‍ ഏറെയുള്ള കേസ്. പീഡന പരമ്പര സ്ഥിരീകരിക്കുമ്പോള്‍ സംസ്ഥാനത്തുതന്നെ ഏറ്റവും കൂടുതല്‍ പേര് പ്രതികളായ സംഭവമാണിത്.
പ്രതിപ്പട്ടികയില്‍ പ്രായപൂര്‍ത്തിയാക്കാത്ത അഞ്ചുപേരുമുണ്ട്. ഇലവുംതിട്ട സ്റ്റേഷനിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്-17. പത്തനംതിട്ട സ്റ്റേഷനില്‍ 12-ഉം മലയാലപ്പുഴ, പന്തളം, കല്ലമ്പലം സ്റ്റേഷനുകളില്‍ ഓരോ കേസും രജിസ്റ്റര്‍ ചെയ്തു. പത്തനംതിട്ടയില്‍ രജിസ്റ്റര്‍ ചെയ്ത ഒരുകേസിലാണ് രണ്ട് പ്രതികളെ കിട്ടാനുള്ളത്.
content highlight: Pocso case