പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്ഥാനുമായുള്ള 1960ലെ സിന്ധു നദീജല കരാർ മരവിപ്പിച്ച ഇന്ത്യയുടെ നടപടിയിൽ ഭീഷണിയുമായി പാകിസ്ഥാൻ പീപ്പിൾസ് പാർട്ടി ചെയർമാൻ ബിലാവൽ ഭൂട്ടോ. സിന്ധു നദി പാകിസ്താന്റെതാണ്. ഒന്നുകിൽ തങ്ങൾക്ക് വെള്ളം തരണം, അല്ലെങ്കിൽ നിങ്ങളുടെ രക്തം ഒഴുക്കുമെന്നാണ് ബിലാവൽ ഭൂട്ടോയുടെ ഭീഷണി. ആഭ്യന്തര സുരക്ഷാ വീഴ്ച മറയ്ക്കാൻ ഇന്ത്യ പാകിസ്താനെതിരെ വ്യാജ ആരോപണം ഉന്നയിക്കുകയാണെന്നും ബിലാവൽ കുറ്റപ്പെടുത്തി.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനമാണ് ബിലാവൽ നടത്തിയത്. ‘അദ്ദേഹത്തിന്റെ (മോദി) ‘യുദ്ധക്കൊതി’യോ സിന്ധു നദിയിലെ ജലം വഴിതിരിച്ചു വിടാനുള്ള ശ്രമമോ പാകിസ്താനോ അന്താരാഷ്ട്ര സമൂഹമോ സഹിക്കില്ല. ആയിരക്കണക്കിന് വർഷങ്ങൾ പഴക്കമുള്ള നാഗരികതയുടെ അവകാശികളാണെന്ന് മോദി പറയുന്നു. പക്ഷെ, ആ നാഗരികത ലാർക്കാനയിലെ മോഹൻജെദാരോയിലാണ്. ഞങ്ങളാണ് അതിന്റെ യഥാർഥ സംരക്ഷകർ. ഞങ്ങൾ അതിനെ സംരക്ഷിക്കും.’- ബിലാവൽ ഭൂട്ടോ വ്യക്തമാക്കി.