ആലപ്പുഴയിൽ സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ. കോട്ടയം വൈക്കം സ്വദേശിയായ അരുൺ ആണ് അറസ്റ്റിൽ ആയത്. സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുവെന്ന് ആലപ്പുഴ ഹരിപ്പാട് പൊലീസ് സ്റ്റേഷനിൽ മാത്രം എട്ടു പരാതികളുണ്ട്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മുപ്പത്തിയഞ്ചുകാരനായ അരുണ്‍ അറസ്റ്റിൽ ആയത്.
സംഘത്തിലെ പ്രധാന കണ്ണിയാണ് അറസ്റ്റിലായ അരുൺ എന്നും പൊലീസ് പറയുന്നു. പ്രതിയുടെ മൊബൈൽ ഫോണിൽ നിന്ന് ആയിരത്തോളം സ്ത്രീകളുടെ മോർഫ് ചെയ്ത ചിത്രങ്ങൾ കണ്ടെത്തി. ഇയാളുടെ സാമ്പത്തിക ഇടപാടുകൾ പൊലിസ് പരിശോധിക്കുകയാണ്. പോക്സോ ഉള്‍പ്പടെയുള്ള വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയത്.