ദേശീയ അവാർഡ് മമ്മൂട്ടിയോട് തനിക്ക് അവസാന നിമിഷം നഷ്ടപ്പെട്ടിട്ടുണ്ടെന്ന് ബോളിവുഡ് നടൻ പരേഷ് റാവൽ. മികച്ച നടനുള്ള അവാർഡാണ് നഷ്ടപ്പെട്ടത്. ലാലൻടോപ്പുമായുള്ള അഭിമുഖത്തിലാണ് നടൻ ഇക്കാര്യം തുറന്നുപറഞ്ഞത്.
‘1993ലോ 1994ലോ ഞാൻ മൗറീഷ്യസിൽ ഷൂട്ടിംഗിലായിരുന്നു. രാവിലെ 7:30, 8 മണി ആയപ്പോൾ മുകേഷ് ഭട്ടിന്റെ ഒരു കോൾ എനിക്ക് വന്നു. ‘പരേഷ്, നീ എന്താണ് ചെയ്യുന്നത്? നീ ഉറങ്ങുകയാണോ? എഴുന്നേൽക്കൂ. ‘സർ’ എന്ന ചിത്രത്തിന് നിങ്ങൾക്ക് ദേശീയ അവാർഡ് ലഭിക്കുന്നു’, എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. അതിന് ശേഷം എനിക്ക് മറ്റൊരു കോള്‍ ലഭിച്ചു. ഇത്തവണ ചലച്ചിത്ര നിർമ്മാതാവ് കൽപ്പന ലാജ്മിയിൽ നിന്നായിരുന്നു അത്. ‘സർദാർ’ എന്ന ചിത്രത്തിന് മികച്ച നടനുള്ള ദേശീയ അവാർഡ് ലഭിച്ചതായി അവർ എന്നോട് പറഞ്ഞു.
എന്താണ് സംഭവിക്കുന്നതെന്ന് കൃത്യമായി മനസിലായിരുന്നില്ല. ചിലരോട് ഞാൻ വിളിച്ച് അന്വേഷിച്ചു. സ്വര്‍ഗ്ഗം കിട്ടിയ അവസ്ഥയിലായിരുന്നു ഞാൻ. എന്നാല്‍ ദില്ലിയില്‍ എത്തിയപ്പോഴാണ് എനിക്ക് സഹനടനുള്ള പുരസ്കാരം മാത്രമാണ് ലഭിക്കുക എന്ന് അറിഞ്ഞത്. ആശയക്കുഴപ്പത്തിലായ ഞാൻ സംവിധായകൻ കേതൻ മേത്ത, ചലച്ചിത്ര നിരൂപകൻ ഖാലിദ് മുഹമ്മദ്, ചലച്ചിത്ര നിർമ്മാതാവ് ശ്യാം ബെനഗൽ എന്നിവരോട് കാര്യങ്ങൾ തിരക്കിയെങ്കിലും എന്താണ് സംഭവിച്ചതെന്ന് അവർ പോലും അറിഞ്ഞിരുന്നില്ല’.
‘ഒടുവിൽ രാഷ്ട്രീയക്കാരനായ ടി.സുബ്ബരാമി റെഡ്ഡിയാണ് എനിക്ക് വിശദീകരണം നൽകിയത്. നിങ്ങൾ ലോബിയിംഗ് ചെയ്തില്ല. അപ്പുറത്ത് കടുത്ത ലോബിയിംഗ് നടത്തി, മമ്മൂട്ടിക്ക് മികച്ച നടനുള്ള അവാർഡ് ലഭിച്ചു എന്നാണ് അദ്ദേഹം എന്നോട് പറഞ്ഞത്. ഞാൻ ശരിക്കും സ്തബ്ധനായി പോയി’, പരേഷ് റാവൽ പറഞ്ഞു. 1994ല്‍ വിധേയൻ, പൊന്തൻമാട എന്നീ ചിത്രങ്ങളിലെ അഭിനയത്തിനാണ് മമ്മൂട്ടിക്ക് അവാർഡ് ലഭിച്ചത്.
content highlight: Mammootty