പ്രാർത്ഥനകൾക്കും ചോദ്യങ്ങൾക്കും ഉള്ള മറുപടി ഇനി ദൈവത്തിൽ നിന്നും ഉടനെ ലഭിക്കും. മലേഷ്യയിലെ മലേഷ്യയിലെ ജോഹോറിലെ ടിയാൻഹോ ക്ഷേത്രത്തിലാണ് എഐയുടെ സഹായത്തോടെ വൈറൽ ദൈവത്തെ നിർമ്മിച്ചത്. ഭക്തർക്ക് നേരിട്ട് സംസാരിക്കാനും ആശങ്കകൾ പങ്കുവെയ്ക്കാനും ചോദ്യങ്ങൾ ചോദിക്കാനും സാധിക്കുന്ന തരത്തിലാണ് ക്ഷേത്രത്തിലെ ദേവതയുടെ എഐ രൂപം നിർമിച്ചിരിക്കുന്നത്.
ലോകത്തിൽ തന്നെ ആദ്യമായിട്ടാണ് ഇത്തരത്തിൽ ദൈവത്തിന്റെ എഐ രൂപം ഉണ്ടാക്കുന്നതെന്നാണ് ക്ഷേത്രത്തിന്റെയും ഭക്തരുടെയും അവകാശവാദം. മലേഷ്യൻ ടെക്നോളജി കമ്പനിയായ ഐമാസിൻ ആണ് AIയിൽ പ്രവർത്തിക്കുന്ന ഡിജിറ്റൽ ദേവതയെ നിർമിച്ചത്. ചൈനീസ് ദേവതയായ മാസുവിന്റെ എഐ രൂപമാണ് ക്ഷേത്രത്തിൽ തയ്യാറാക്കിയിരിക്കുന്നത്. താവോയിസ്റ്റ് വിശ്വാസപ്രകാരമുള്ള ഈ ദേവത കടൽ ദേവതയായിട്ടാണ് കണക്കാക്കപ്പെടുന്നത്. ഈ കടൽ ദേവതയുടെ 1,065-ാം ജന്മദിനത്തിന് മുന്നോടിയായാണ് എഐ മാസു പുറത്തിറങ്ങിയത്.
എഐ മാസുവിനോട് അനുഗ്രഹം ചോദിക്കാനും, ക്ഷേത്രത്തിൽ വരയ്ക്കുന്ന ഭാഗ്യ ദണ്ഡുകളെ കുറിച്ച് വിശദീകരിക്കാനും ഭക്തർ എഐ രൂപത്തിനോട് ആവശ്യപ്പെടുന്നതിന്റെയും അതിന് എഐ മാസു മറുപടി പറയുന്നതിന്റെയും വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നുണ്ട്.
960-ൽ തെക്കുകിഴക്കൻ ചൈനയിലെ ഫുജിയാൻ പ്രവിശ്യയിലെ പുട്ടിയാനിലെ മെയ്ഷോ ദ്വീപിൽ ജനിച്ച ലിൻ മോ എന്ന സ്ത്രീയാണ് പിന്നീട് ദൈവമായി മാറുന്നതെന്നാണ് വിശ്വാസം. കപ്പൽച്ചേതത്തിൽപ്പെട്ടവരെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ലിൻ മരിച്ചുവെന്നും, സ്വർഗാരോഹണം ചെയ്തുവെന്നുമാണ് വിശ്വാസം. കടൽ യാത്രക്കാരെ സംരക്ഷിക്കുന്നത് ഈ ദേവതയാണെന്നും വിശ്വാസിക്കപ്പെടുന്നു.
മലേഷ്യ, സിംഗപ്പൂർ, ഇന്തോനേഷ്യ തുടങ്ങിയ തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങൾ അടക്കം നിരവധി സ്ഥലങ്ങളിൽ മാസു ദേവതയ്ക്ക് ആരാധനാലയങ്ങൾ ഉണ്ട്.
content highlight: God AI Statue