കേരളത്തിന്റെ മനസാക്ഷിക്കേറ്റ മുറിവായിരുന്നു ടിപി ചന്ദ്രശേഖരന്റെ കൊലപാതകം. ഒഞ്ചിയത്തിന്റെ പടനായകനായിരുന്ന ടിപി ഓർമ്മയായിട്ട് പതിമൂന്ന് വർഷം തികയുന്നു. അദ്ദേഹം വെട്ടേറ്റ് വീണ കോഴിക്കോട് ഒഞ്ചിയം വള്ളിക്കാവ് അങ്ങാടിയിൽ വാർഷികത്തിൽ ഉയരും ടിപി സ്മാരക മന്ദിരം.
മൂന്നുനിലകളുള്ള ‘ടി.പി. ചന്ദ്രശേഖരൻ സ്ക്വയർ’ എന്ന സ്മാരകമന്ദിരം ടി.പിയുടെ പതിമൂന്നാം രക്തസാക്ഷിദിനമായ മെയ് നാലിന് രാവിലെ 10ന് നാടിന് സമർപ്പിക്കും. ആർഎംപി അഖിലേന്ത്യ ജനറൽ സെക്രട്ടറി മംഗത്റാം പാസ്ലയാണ് ഉദ്ഘാടനം നിർവഹിക്കുക. ടി പി വെട്ടറ്റ് വീണ സ്ഥലത്തിനോട് ചേർന്ന കടമുറികളും സ്ഥലവും അതിനോട് ചേർന്ന ബിൽഡിങ്ങും രണ്ട് സെൻ്റ് സ്ഥലവും വാങ്ങിയിട്ടാണ് മന്ദിരത്തിന്റെ പണി തുടങ്ങിയത്. സ്മാരക നിർമ്മാണത്തിന് ആകെ ഏകദേശം ഒരു കോടിയോളം രൂപ ചെലവായി. ഈ തുക പാർട്ടി പ്രവർത്തകരും നാട്ടുകാരും ടി പിയെ സ്നേഹിക്കുന്നവരും സംഭാവന നൽകിയതാണ്.
സ്മാരകത്തിന് മുന്നിൽ ടി.പിയുടെ പൂർണകായ പ്രതിമയും ഉടൻ സ്ഥാപിക്കും. കെട്ടിടത്തിൻ്റെ രണ്ട് നിലകളിൽ ടി.പി. ചന്ദ്രശേഖരനുമായി ബന്ധപ്പെട്ട ചരിത്ര വിവരങ്ങൾ രേഖപ്പെടുത്തുന്ന ഡിജിറ്റൽ ലൈബ്രറി ആയിരിക്കും പ്രവർത്തിക്കുക. ഒരു നില മീറ്റിങ് ഹാളിനായി മാറ്റി വച്ചിട്ടുണ്ട്. കൂടാതെ, ടി.പി. ഉപയോഗിച്ചിരുന്ന വാച്ച്, അദ്ദേഹം സഞ്ചരിച്ചിരുന്ന ബൈക്ക് എന്നിവ കേസിൻ്റെ നടപടിക്രമങ്ങൾ പൂർത്തിയായ ശേഷം സ്ക്വയറിലെ മ്യൂസിയത്തിൽ പൊതുജനങ്ങൾക്കായി പ്രദർശിപ്പിക്കും.
അതേസമയം, വള്ളിക്കാവ് അങ്ങാടിയിൽ ടി.പി വെട്ടേറ്റ് വീണ സ്ഥലത്ത് നേരത്തെ സ്ഥാപിച്ച സ്തൂപം കഴിഞ്ഞ 12 വർഷമായി പൊലീസ് കാവലിലാണ്. പല തവണ തകർക്കപ്പെട്ട ഈ സ്തൂപം പിന്നീട് പുനർനിർമ്മിക്കുകയായിരുന്നു. ഇത് തുടർച്ചയായപ്പോൾ പൊലീസ് കാവൽ ഏർപ്പെടുത്താൻ നിർബന്ധിതരാവുകയായിരുന്നു. ഇപ്പോൾ പൂർത്തിയായ സ്മാരക മന്ദിരത്തിനും പ്രത്യേക കാവൽ ഏർപ്പെടുത്തേണ്ടതുണ്ടോ എന്നും പൊലീസ് ആലോചിക്കുന്നു.
2012 മെയ് 4ന് രാത്രി 10 മണിയോടെ വടകരക്കടുത്ത് വള്ളിക്കാട് വച്ചാണ് ടി.പി. ചന്ദ്രശേഖരൻ അതിദാരുണമായി കൊല്ലപ്പെട്ടത്. ഇന്നോവ കാറിൽ പിന്തുടർന്നെത്തിയ കൊലയാളി സംഘം ബോംബെറിഞ്ഞ് വീഴ്ത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. സിപിഎമ്മിൽ പ്രത്യയശാസ്ത്ര വ്യതിചലനങ്ങൾ നടക്കുന്നു എന്ന് പരസ്യമായി വിമർശിച്ച് 2009ലാണ് ചന്ദ്രശേഖരൻ പാർട്ടി വിട്ടത്. തുടർന്ന് ഒഞ്ചിയം ഗ്രാമപഞ്ചായത്തിൽ റെവലൂഷ്യണറി മാർക്സിസ്റ്റ് പാർട്ടി (ആർ.എം.പി) എന്ന പേരിൽ പുതിയ രാഷ്ട്രീയ പാർട്ടിക്ക് രൂപം നൽകി. സംഘടനയുടെ ഒഞ്ചിയം ഏരിയ സെക്രട്ടറിയും ഇടതുപക്ഷ ഏകോപന സമിതി സംസ്ഥാന കൺവീനറും ആയിരുന്നു അദ്ദേഹം.
ക്രമേണ സിപിഎമ്മിൻ്റെ ഔദ്യോഗിക നിലപാടുകൾക്കെതിരെ ശക്തമായി പോരാടുന്ന നേതാവായി ടി.പി. ചന്ദ്രശേഖരൻ മാറി. സിപിഎമ്മിന് വലിയ സ്വാധീനമുണ്ടായിരുന്ന ഒഞ്ചിയം പഞ്ചായത്ത് ആർ.എം.പി പിടിച്ചെടുത്തു. ഇതിൻ്റെ രാഷ്ട്രീയ വൈരാഗ്യമാണ് ടി.പി.യുടെ കൊലപാതകത്തിന് പിന്നിലെ പ്രധാന കാരണം എന്ന് ആരോപിക്കപ്പെട്ടിരുന്നു.