ഭീകരാക്രമണത്തിന് പിന്നാലെ ശക്തമായ നടപടി തുടർന്ന് ഇന്ത്യ. പാക് അനുകൂലമായ നിരവധി യൂട്യൂബ് അക്കൗണ്ടുകൾ നിരോധിച്ചതിന് പിന്നാലെയാണ് നീക്കം. പാക് അഭിനേതാക്കളായ മഹിര ഖാൻ, ഹനിയ ആമിര്‍, അല സഫര്‍ തുടങ്ങിയവരുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾ ഇന്ത്യയിൽ ബ്ലോക്ക് ചെയ്യപ്പെട്ടിരിക്കുകയാണ്.
ബ്ലോക്ക് ചെയ്യപ്പെട്ട നടികളിൽ ഒരാളായ ഹനിയ അമീര്‍ പഹൽഗാം ഭീകരാക്രമണത്തെ അപലപിച്ച് രംഗത്തെത്തിയിരുന്നു. ട്രാജഡി എവിടെയും ട്രാജഡിയാണെന്നും എന്റെ ഹൃദയം ജീവൻ നഷ്ടമായ നിരപരാധികൾക്ക് ഒപ്പമാണ്. വേദന അവരുടേത് മാത്രമല്ല, ഞങ്ങൾക്കെല്ലാം ഒരുപോലെ വേദനിക്കുന്നുണ്ട്. നമ്മൾ എവിടെ നിന്ന് വന്നവരാണെങ്കിലും ദു:ഖത്തിന് ഒരേ ഭാഷയാണ്. നമുക്ക് എപ്പോഴും മനുഷ്യത്വത്തിന്റെ കൂടെ നിൽക്കാം എന്നും ഹനിയ കുറിച്ചു. ‘മേരെ ഹംസഫർ’, ‘കഭി മേൻ കഭി തും’ എന്നീ പാക് വെബ് ചിത്രങ്ങളിലൂടെ ഇന്ത്യൻ ആരാധകർക്കിടയിൽ പ്രശസ്തയാണ് ഹാനിയ ആമിർ.
അതേസമയം, ജമ്മു കശ്മീരിലെ ഉറിയിലെ സൈനിക താവളത്തിൽ തീവ്രവാദികൾ നടത്തിയ ആക്രമണത്തിനുശേഷം പാകിസ്താന് താരങ്ങൾ ഇന്ത്യൻ ചലച്ചിത്ര മേഖലയിൽ പ്രവർത്തിച്ചിട്ടില്ല. നേരത്തെ വര്‍ഗീയ ചേരിതിരിവുണ്ടാക്കുന്നതും ഭീകരാക്രമണത്തെ ന്യായീകരിക്കുന്നതുമായ വീഡിയോ പങ്കുവച്ച 16 യൂട്യൂബ് ചാനലുകളാണ് സര്‍ക്കാര്‍ നിരോധിച്ചത്. കശ്മീരിൽ 26 പേരുടെ ജീവനെടുത്ത കൂട്ടക്കൊലയ്ക്ക് പാക്കിസ്ഥാന്റെ പിന്തുണയുണ്ടെന്ന് കണ്ടെത്തിയ ഇന്ത്യ നയതന്ത്ര സര്‍ജിക്കൽ സ്ട്രൈക്ക് നടത്തിയിരുന്നു. സിന്ധു നദീജല കരാര്‍ റദ്ദാക്കിയതിന് പിന്നാലെ പാക് വിമാനങ്ങൾ ഇന്ത്യൻ വ്യോമാതിര്‍ത്തി കടക്കാനുള്ള അനുമതിയും നിഷേധിച്ചു.
content highlight: Social media