സംസ്ഥാനത്തെ ആഭ്യന്തര വകുപ്പിന് കീഴില്‍ എയ്ഡഡ് പദവിയോടെ പ്രവര്‍ത്തിക്കുന്ന മലപ്പുറം എംഎസ്പി ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ നിയമനങ്ങള്‍ പിഎസ്സിക്ക് വിട്ടു. പൊതുവിദ്യാഭ്യാസ വകുപ്പ് ഇതുസംബന്ധിച്ച ഉത്തരവിറക്കി.
സംസ്ഥാനത്ത് ആഭ്യന്തര വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ഏക സ്കൂളാണിത്. എംഎസ്പി കമാന്റിനാണ് സ്കൂളിന്റെ ചുമതല. 2021-ല്‍ തന്നെ നിയമനം പിഎസ്സിക്ക് വിടുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും നടപ്പാക്കിയിരുന്നില്ല.
അതിന് ശേഷവും സ്കൂളില്‍ പിഎസ്സി വഴിയല്ലാതെ നിയമനങ്ങള്‍ നടന്നിരുന്നു. ഈ നിയമനങ്ങളില്‍ അഴിമതി ആരോപണങ്ങളും ഉയര്‍ന്നു. അതിനുപിന്നാലെയാണ് സ്കൂളിലെ നിയമനങ്ങള്‍ പിഎസ്സിക്ക് വിട്ടുളള വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ് വന്നത്.
സ്കൂളിലെ നിയമനങ്ങളില്‍ സംവരണം പാലിക്കുന്നുവെന്ന് ഉറപ്പാക്കുക, വിദ്യാര്‍ത്ഥി അനുപാതത്തിന് അനുസരിച്ച് ബന്ധപ്പെട്ട സമുദായത്തില്‍ നിന്നുളളവരെ നിയമനത്തിന് പരിഗണിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് മലപ്പുറം കോട്ടപ്പടി സ്വദേശി മുഹമ്മദ് ഇബ്രാഹിം പിന്നാക്ക സമുദായ ക്ഷേമസമിതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ് വന്നിരിക്കുന്നത്.