പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം നിലനിൽക്കവേ നാവികാഭ്യാസം നടത്തി സേനകൾ. ഇന്ത്യൻ നാവികസേന അറബിക്കടലിൽ ഫയറിങ് പരിശീലനം നടത്തി.
ഗുജറാത്ത് തീരത്താണ് നാവികസേന പരിശീലനം നടത്തിയത്. ഇന്ത്യൻ സൈന്യത്തിന്റെ പരിശീലനം ശനിയാഴ്ച വരെ തുടരുമെന്നാണ് വിവരം. പാകിസ്ഥാനും നാവിക അഭ്യാസം നടത്തുന്നുണ്ട്. ഇത് നാളെ വരെയുണ്ടാവും.
അതേസമയം, പാകിസ്ഥാൻ അതിർത്തിയിൽ പ്രകോപനം തുടരുകയാണ്. നിയന്ത്രണ രേഖയിൽ പാകിസ്ഥാൻ സൈന്യം ഇന്ത്യൻ സൈന്യത്തിന് നേരെ വെടിവച്ചു. അഖനൂർ, ഉറി, കുപ്വാര മേഖലകളിലാണ് വെടിവെപ്പ് ഉണ്ടായത്. പാക് സൈന്യത്തിന് നേരെ ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിച്ചു.
അതിനിടെ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ തുടർ നടപടികൾ ചർച്ച ചെയ്യാൻ ഇന്നും ഡൽഹിയിൽ യോഗങ്ങൾ ചേർന്നേക്കും. നിലവിലെ സാഹചര്യം പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത്ഷായും ചേർന്ന് വിലയിരുത്തും.