പ്രമുഖ നടൻ വലിയൊരു തെറ്റിന് തിരികൊളുത്തിയിട്ടുണ്ടെന്ന ലിസ്റ്റിൻ സ്റ്റീഫന്റെ ആരോപണത്തിൽ ചർച്ച സജീവമാക്കി സോഷ്യൽ മീഡിയ. പല പേരുകളും വിഷയവുമായി ബന്ധപ്പെട്ട് ഉയരുന്നുണ്ടെങ്കിലും ആരോപണ വിധേയനായ നടൻ നിവിൻ പോളിയാണെന്നാണ് പുറത്തു വരുന്ന പ്രാഥമിക വിവരം. ലിസ്റ്റിൻ സ്റ്റീഫനും, അദ്ദേഹം നിർമിക്കുന്ന ‘ബേബി ഗേൾ’ സിനിമയുടെ സംവിധായകനായ അരുൺ വർമയും ഇൻസ്റ്റഗ്രാമിൽ നിവിനെ അൺഫോളോ ചെയ്തതോടെയാണ് സോഷ്യൽ മീഡിയ നിവിന്റെ പേരിലേക്ക് എത്തുന്നത്. താരം തുടർച്ചയായി ഷൂട്ടിംഗിന് എത്താതിരുന്നതാണ് നിർമാതാവിവെ ചൊടിപ്പിച്ചതെന്നാണ് സൂചന.
കാക്കനാട് നടന്ന ‘ബേബി ഗേൾ’ സിനിമയുടെ ചിത്രീകരണത്തിനിടെ ചില പ്രശ്നങ്ങൾ ഉണ്ടാകുകയും സെറ്റിൽ നിന്ന് നിവിൻ പോളി ഇറങ്ങിപ്പോയെന്നുമാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ ദിവസം നിവിൻ ഷൂട്ടിങ്ങിന് എത്തിയില്ലെന്നും സിനിമയോട് അടുത്ത വൃത്തങ്ങൾ പറയുന്നു. ‘ബേബി ഗേൾ’ എന്ന ചിത്രത്തിൽ ആദ്യം നായകനായി തീരുമാനിച്ചിരുന്നത് കുഞ്ചാക്കോ ബോബനെയായിരുന്നു. എന്നാൽ ചില കാരണങ്ങളാൽ അദ്ദേഹം പിന്മാറിയപ്പോഴാണ് നിവിൻ സിനിമയിലേക്ക് എത്തുന്നത്.
ലിസ്റ്റിനും നിവിൻ പോളിയും ഒന്നിക്കുന്ന നാലാമത്തെ സിനിമയാണ് ‘ബേബി ഗേൾ’. ‘തുറമുഖം’, ‘ബോസ് ആൻഡ് കോ’, ‘മലയാളി ഫ്രം ഇന്ത്യ’ എന്നീ സിനിമകളിലാണ് ഇരുവരും ഇതിനുമുമ്പ് ഒന്നിച്ചത്. വലിയ സാമ്പത്തിക പ്രതിസന്ധിയിൽ അകപ്പെട്ട് തുറമുഖം സിനിമയുടെ റിലീസ് നീണ്ടപ്പോൾ ആ ചിത്രം ഏറ്റെടുത്ത് തിയറ്ററുകളിൽ എത്തിച്ചത് ലിസ്റ്റിനാണ്. നിവിനുമായി ഉണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തിലാണ് ലിസ്റ്റിൻ സിനിമയുടെ ബാധ്യത ഏറ്റെടുത്തതെന്നും ആ കരാർ തുടർച്ചയായി ലംഘിക്കപ്പെട്ടതാണ് അദ്ദേഹത്തെ ചൊടിപ്പിച്ചതെന്നുമാണ് സൂചന.
content highlight: Nivin Pauly