സ്വർണ്ണത്തിന് വില കൂടിയതോട് കൂടി സ്വർണ്ണ വായ്പയും വർദ്ധിച്ചിരിക്കുകയാണ്. ICRA റിപ്പോർട്ട് പ്രകാരം, 2027 മാർച്ചോടെ ഇന്ത്യയുടെ ഗോൾഡ് ലോൺ മാർക്കറ്റ് 15 ട്രില്യൺ രൂപയുടേതായി മാറും. വായ്പാ തിരിച്ചടവ് മുടങ്ങാതിരിക്കാൻ ധനകാര്യ സ്ഥാപനങ്ങളും, വായ്പ എടുക്കുന്നവരും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.
1. വായ്പാ വ്യവസ്ഥകൾ മനസ്സിലാക്കുക
നിങ്ങളുടെ വില പിടിച്ച സ്വർണ്ണം, പെട്ടെന്ന് എവിടെയെങ്കിലും പണയപ്പെടുത്തുക എന്ന സമീപനം സ്വീകരിക്കരുത്. പകരം വായ്പാ വ്യവസ്ഥകൾ കൃത്യമായി മനസ്സിലാക്കി മാത്രം വായ്പ നേടാൻ ശ്രമിക്കുക. മാനദണ്ഡങ്ങൾ, പ്രൊസസിങ് ഫീസ്, ലോൺ-ടു-വാല്യു (LTV) അനുപാതം, പലിശ, വായ്പാ കാലാവധി, തിരിച്ചടവ് സ്കീമുകൾ അടക്കമുള്ള കാര്യങ്ങൾ വിലയിരുത്തി തീരുമാനമെടുക്കാം
2. യാഥാർത്ഥ്യബോധത്തോടെയുള്ള തിരിച്ചടവ് പദ്ധതി
തിരിച്ചടവ് മുടങ്ങി സ്വർണ്ണം കൈവിട്ടു പോകുന്നതിനേക്കാൾ നല്ലത് സാമാന്യ ബുദ്ധിയോടെ ഒരു തിരിച്ചടവ് പദ്ധതി രൂപപ്പെടുത്തുന്നതാണ്. നിങ്ങളുടെ വരുമാനത്തിനും, നിലവിലെ ബാദ്ധ്യത/ചിലവുകൾക്ക് ആനുപാതികമായി വേണം തിരിച്ചടവ് പ്ലാൻ ചെയ്യേണ്ടത്. സ്വർണ്ണ വായ്പാ തിരിച്ചടവിന് മാത്രമായി ഒരു എമർജിൻസി ഫണ്ട് രൂപീകരിക്കുന്നതും പരിഗണിക്കാം
3. സ്വർണ്ണ വിലയിലെ മാറ്റങ്ങൾ അറിഞ്ഞിരിക്കുക
സ്വർണ്ണ വിലയിലെ കയറ്റിറക്കങ്ങൾ നിങ്ങൾ ഈടായി നൽകിയ സ്വർണ്ണത്തിന്റെ മൂല്യത്തെയും ബാധിക്കുന്നതാണ്. പെട്ടെന്ന് വില ഇടിഞ്ഞാൽ LTV അനുപാതത്തിന് താഴേക്ക് പണയപ്പെടുത്തിയ സ്വർണ്ണത്തിന്റെ മൂല്യം ഇറങ്ങാം. ഇവിടെ ഭാഗികമായി തിരിച്ചടവ് നടത്തി സ്വർണ്ണത്തെ സംരക്ഷിക്കാം. വായ്പ നൽകിയ ധനകാര്യ സ്ഥാപനം സ്വർണ്ണം ലേലം ചെയ്യുന്നത് ഒഴിവാക്കാനും ഇതിലൂടെ സാധിക്കും. ഇവിടെയും തിരിച്ചടവ് നടത്താൻ നേരത്തെ സൂചിപ്പിച്ച ഗോൾഡ് എമർജൻസി ഫണ്ട് നിങ്ങൾക്ക് സഹായകമായേക്കും.
4. വൈകുന്നതിന് മുമ്പ് മറ്റു മാർഗങ്ങൾ തേടുക
സ്വർണ്ണ വായ്പാ തിരിച്ചടവ് നടത്താൻ നിങ്ങൾ ബുദ്ധിമുട്ട് നേരിടുന്നുണ്ടെങ്കിൽ കാലതാമസം വരുത്താതെ മറ്റ് മാർഗങ്ങൾ തേടേണ്ടതാണ്. നിങ്ങളുടെ സ്വർണ്ണത്തിന് മേൽ ഓവർ ഡ്രാഫ്റ്റ് സൗകര്യം ലഭ്യമാണോ എന്ന് അന്വേഷിക്കാം. നിലവിലെ വായ്പാ ഘടന പുതുക്കാനുള്ള ഓപ്ഷനുകളും ആരായാം. ചില ധനകാര്യ സ്ഥാപനങ്ങൾ ഇത്തരം കേസുകളിൽ ഗ്രേസ് പീരിയഡ് അല്ലെങ്കിൽ പുതുക്കിയ ഇ.എം.ഐ പ്ലാനുകൾ അനുവദിച്ചേക്കാം